ക്രൈസ്റ്റ്‌ചര്‍ച്ച്: പാകിസ്ഥാനെതിരായ രണ്ടാം ടെസ്റ്റിനുള്ള സ്‌ക്വാഡില്‍ പരിക്കേറ്റ സ്റ്റാര്‍ പേസര്‍ നീല്‍ വാഗ്നര്‍ക്ക് പകരം മാറ്റ് ഹെന്‍‌റിയെ ന്യൂസിലന്‍ഡ് ഉള്‍പ്പെടുത്തി. ടെസ്റ്റ് മുന്‍പരിചയമാണ് പേസറായ മാറ്റിന് വീണ്ടും ടെസ്റ്റ് ടീമിലേക്ക് വഴിതുറന്നത്. ന്യൂസിലന്‍ഡിനായി 12 ടെസ്റ്റുകളില്‍ 30 വിക്കറ്റ് നേടിയിട്ടുണ്ട് ഈ ഇരുപത്തിയൊമ്പതുകാരന്‍. 

ബേ ഓവലിലെ ആദ്യ ടെസ്റ്റില്‍ ബാറ്റിംഗിനിടെ പാകിസ്ഥാന്‍ പേസര്‍ ഷാഹിന്‍ അഫ്രീദിയുടെ യോര്‍ക്കറില്‍ നീല്‍ വാഗ്നറുടെ കാല്‍വിരലുകള്‍ക്ക് പൊട്ടലേല്‍ക്കുകയായിരുന്നു. പരിക്ക് വകവെക്കാതെ രണ്ട് ഇന്നിംഗ്‌സിലും പന്തെറിഞ്ഞ് വാഗ്നര്‍ മത്സരത്തില്‍ കിവികളുടെ ഹീറോയായെങ്കിലും താരത്തെ ചികില്‍സക്കായി അയക്കുകയായിരുന്നു ന്യൂസിലന്‍ഡ് മാനേജ്‌മെന്‍റ്. താരത്തിന് ആറ് ആഴ്‌ചയോളം വിശ്രമം വേണ്ടിവരുമെന്ന് പരിശീലകന്‍ ഗാരി സ്റ്റെഡ് വ്യക്തമാക്കി. 

'മാറ്റ് മികച്ച ഫോമിലാണ്, പാകിസ്ഥാന്‍ എയ്‌ക്കെതിരെ ന്യൂസിലന്‍ഡ് എയ്‌ക്കായി അടുത്തിടെ പരിശീലന മത്സരത്തില്‍ 53 റണ്‍സ് വിട്ടുകൊടുത്ത് ആറ് വിക്കറ്റ് വീഴ്‌ത്തി. രണ്ടാം ടെസ്റ്റിനായി ദിവസങ്ങള്‍ ബാക്കിയുണ്ട്. അതിനാല്‍ പിച്ചും സാഹചര്യങ്ങളും മനസിലാക്കിയ ശേഷമാകും അന്തിമ ഇലവനെ തീരുമാനിക്കുക' എന്നും സ്റ്റെഡ് പറഞ്ഞു. 

രണ്ടാം ടെസ്റ്റില്‍ നീല്‍ വാഗ്നറുടെ അഭാവം കിവീസിന് വലിയ വിടവ് സൃഷ്‌ടിക്കും. ബേ ഓവലിലെ ആദ്യ ടെസ്റ്റ് ന്യൂസിലന്‍ഡ് അവസാന ദിനം അവസാന മണിക്കൂറില്‍ ജയിച്ചപ്പോള്‍(101 റണ്‍സിന്) നിര്‍ണായകമായിരുന്നു വാഗ്നര്‍. വേദനസംഹാരി ഇഞ്ചക്ഷന്‍ എടുത്ത് മത്സരം പൂര്‍ത്തിയാക്കിയ താരം രണ്ടിന്നിംഗ്‌സിലുമായി നാല് വിക്കറ്റ് നേടി. ഇവയില്‍ രണ്ടെണ്ണം രണ്ടാം ഇന്നിംഗ്‌സില്‍ 28 ഓവര്‍ പന്തെറിഞ്ഞായിരുന്നു. രണ്ട് ടെസ്റ്റുകളുടെ പരമ്പരയിലെ അവസാന മത്സരം മൂന്നാം തീയതി ക്രൈസ്റ്റ്‌ചര്‍ച്ചില്‍ ആരംഭിക്കും.  

ന്യൂസിലന്‍ഡിന് കനത്ത തിരിച്ചടി; പരിക്കേറ്റ നീല്‍ വാഗ്നര്‍ പാകിസ്ഥാനെതിരായ രണ്ടാം ടെസ്റ്റില്‍ കളിക്കില്ല