ടി20 ലോകകപ്പ് സൂപ്പര്‍ എട്ടില്‍ പാകിസ്ഥാന്‍-ന്യൂസിലന്‍ഡ് മത്സരം മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചു. കൊളംബോയില്‍ ഒരു പന്ത് പോലും എറിയാന്‍ സാധിക്കാതെ വന്നതോടെ ഇരു ടീമുകളും ഓരോ പോയിന്റ് വീതം പങ്കിട്ടു.
കൊളംബോ: ടി20 ലോകകപ്പ് സൂപ്പര്‍ എട്ടില്‍ ന്യൂസിലന്‍ഡ് - പാകിസ്ഥാന്‍ മത്സരം മഴയെ തുടര്‍ന്ന് ഒരുപന്ത് പോലും എറിയാതെ ഉപേക്ഷിച്ചു. കൊളംബോ, പ്രേമദാസ സ്റ്റേഡിയത്തില്‍ ടോസ് നേടിയ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ സല്‍മാല്‍ അഗ ബാറ്റിംഗ് തെരഞ്ഞെടുത്തിരുന്നു. എന്നാല്‍ ടോസിന് ശേഷം മഴയെത്തിയതിനെ തുടര്‍ന്ന് മത്സരം ഉപേക്ഷിക്കേണ്ടി വന്നു. ഇരു ടീമുകളും ഓരോ പോയിന്റ് പങ്കിടുകയായിരുന്നു. സൂപ്പര്‍ എട്ട് ഗ്രൂപ്പ് രണ്ടില്‍ ഇരുവരേയും കൂടാതെ ഇംഗ്ലണ്ട്, ശ്രീലങ്ക എന്നിവരാണ് കളിക്കുന്നത്.
പാകിസ്ഥാന്‍ ഒരു മാറ്റവുമായിട്ടാണ് സൂപ്പര്‍ എട്ട് മത്സരത്തിന് എത്തിയിരുന്നത്. ഫഖര്‍ സമാന്‍ ടീമില്‍ തിരിച്ചെത്തി. ഖവാജ നഫായ് വഴിമാറി. ന്യൂസിലന്‍ഡ് മൂന്ന് മാറ്റം വരുത്തിയിരുന്നു. ഇഷ് സോധി, ലോക്കി ഫെര്‍ഗൂസണ്‍, ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നര്‍ എന്നിവര്‍ തിരിച്ചെത്തി. കോള്‍ മക്‌കോഞ്ചി, കെയ്ല്‍ ജാമിസണ്‍, ജേക്കബ് ഡഫി എന്നിവരാണ് പുറത്തായത്. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍...
ന്യൂസിലന്‍ഡ്: ടിം സീഫെര്‍ട്ട് (വിക്കറ്റ് കീപ്പര്‍), ഫിന്‍ അല്ലന്‍, രചിന്‍ രവീന്ദ്ര, ഗ്ലെന്‍ ഫിലിപ്‌സ്, മാര്‍ക്ക് ചാപ്മാന്‍, ഡാറില്‍ മിച്ചല്‍, മിച്ചല്‍ സാന്റ്‌നര്‍ (ക്യാപ്റ്റന്‍), ജയിംസ് നീഷം, മാറ്റ് ഹെന്റി, ഇഷ് സോധി, ലോക്കി ഫെര്‍ഗൂസണ്‍
പാകിസ്ഥാന്‍: സാഹിബ്‌സാദ ഫര്‍ഹാന്‍, സയിം അയൂബ്, സല്‍മാന്‍ അഗ (ക്യാപ്റ്റന്‍), ബാബര്‍ അസം, ഫഖര്‍ സമാന്‍, ഉസ്മാന്‍ ഖാന്‍ (വിക്കറ്റ് കീപ്പര്‍), ഷദാബ് ഖാന്‍, മുഹമ്മദ് നവാസ്, ഫഹീം അഷ്‌റഫ്, സല്‍മാന്‍ മിര്‍സ, ഉസ്മാന്‍ താരിഖ്.
മത്സരത്തിനിടെ മഴയെത്തുമെന്ന് നേരത്തെ പ്രവചനമുണ്ടായിരുന്നു. എന്നിരുന്നാലും മത്സരം പൂര്‍ത്തിക്കാന്‍ സാധിക്കുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ. ഗ്രൂപ്പ് ഘട്ടത്തില്‍ ഇരു ടീമുകളും ഓരോ തോല്‍വി വീതം നേരിട്ടിരുന്നു. പാകിസ്ഥാന്‍, ഇന്ത്യക്ക് മുന്നില്‍ പരാജയപ്പെട്ടു. ന്യൂസിലന്‍ഡ് ആവട്ടെ ദക്ഷിണാഫ്രിക്കയോടും പരാജയപ്പെട്ടു.

