13 റണ്‍സെടുത്ത ഓപ്പണര്‍ ഒഷാഡ ഫെര്‍ണാണ്ടോയെ ലങ്കക്ക് തുടക്കത്തിലെ നഷ്ടമായി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന കുശാല്‍ മെന്‍ഡിസും ക്യാപ്റ്റന്‍ ദിമുത് കരുണരത്നെയും ചേര്‍ന്ന് ഇംഗ്ലണ്ടിന്‍റെ ബാസ്ബാള്‍ ശൈലിയില്‍ അടിച്ചു തകര്‍ത്തതോടെ ലങ്കയുടെ സ്കോര്‍ ബോര്‍ഡ് കുതിച്ചു.

ക്രൈസ്റ്റ്ചര്‍ച്ച്: ക്രൈസ്റ്റ്ചര്‍ച്ച് ക്രിക്കറ്റ് ടെസ്റ്റിന്‍റെ ആദ്യ ദിനം ന്യൂസിലന്‍ഡിനെതിരെ ശ്രീലങ്കക്ക് മികച്ച സ്കോര്‍. ആദ്യ ദിനം സ്റ്റംപെടുക്കുമ്പോള്‍ ശ്രീലങ്ക ആറ് വിക്കറ്റ് നഷ്ടത്തില്‍ 305 റണ്‍സെടുത്തിട്ടുണ്ട്. 16 റണ്‍സോടെ കസുന്‍ രജിയതും 39 റണ്‍സുമായി ധനഞ്ജയ ഡിസില്‍വയും ക്രീസില്‍. 83 പന്തില്‍ 87 റണ്‍സെടുത്ത കുശാല്‍ മെന്‍ഡിസാണ് ആദ്യ ദിനം ലങ്കയെ മികച്ച സ്കോറിലേക്ക് നയിച്ചത്. കിവീസിനായി ക്യാപ്റ്റന്‍ ടിം സൗത്തി മൂന്നും മാറ്റ് ഹെന്‍റി രണ്ടും വിക്കറ്റെടുത്തു.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഫൈനല്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ ന്യൂസിലന്‍ഡിനെതിരായ രണ്ട് ടെസ്റ്റും ശ്രീലങ്കക്ക് ജയിക്കണം. ക്രൈസ്റ്റ്ചര്‍ച്ചില്‍ ടോസിലെ ഭാഗ്യം ന്യൂസിലന്‍ഡിനായിരുന്നു. സന്ദര്‍ശകരെ ബാറ്റിംഗിനയച്ച ടിം സൗത്തിയുടെ തീരുമാനം ശരിവെക്കുന്നതായിരുന്നു ലങ്കയുടെ തുടക്കം. 13 റണ്‍സെടുത്ത ഓപ്പണര്‍ ഒഷാഡ ഫെര്‍ണാണ്ടോയെ ലങ്കക്ക് തുടക്കത്തിലെ നഷ്ടമായി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന കുശാല്‍ മെന്‍ഡിസും ക്യാപ്റ്റന്‍ ദിമുത് കരുണരത്നെയും ചേര്‍ന്ന് ഇംഗ്ലണ്ടിന്‍റെ ബാസ്ബാള്‍ ശൈലിയില്‍ അടിച്ചു തകര്‍ത്തതോടെ ലങ്കയുടെ സ്കോര്‍ ബോര്‍ഡ് കുതിച്ചു. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 135 റണ്‍സടിച്ചശേഷമാണ് വേര്‍പിരിഞ്ഞത്.

ആരാധകരെ അഭിവാദ്യം ചെയ്ത് മോദിയും ആല്‍ബനീസും, ക്രിക്കറ്റ് നയതന്ത്രമെന്ന് ബിജെപി;സ്വയം പുകഴ്ത്തലെന്ന് കോണ്‍ഗ്രസ്

കുശാല്‍ മെന്‍ഡിസിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി സൗത്തി തന്നെയാണ് കിവീസിന് ബ്രേക്ക് ത്രൂ സമ്മാനിച്ചത്. അതേ സ്കോറില്‍ കരുണരത്നെയെ(50) ഹെന്‍റി മടക്കിയത് ലങ്കന്‍ സ്കോറിംഗിന് ബ്രേക്കിട്ടെങ്കിലും എയ്ഞ്ചലോ മാത്യൂസും(47), ദിനേശ് ചണ്ഡിമലും(39) ചേര്‍ന്ന് സ്കോര്‍ ഉയര്‍ത്തി. ഇരുവരും പുറത്തായശേഷം ഡിക്‌വെല്ല(7) കൂടി പെട്ടെന്ന് മടങ്ങിയതോടെ ലങ്ക തകരുമെന്ന് കരുതിയങ്കിലും ഡിസില്‍വയും രജിതയും ചേര്‍ന്ന് അവരെ 300 കടത്തി.

അഹമ്മദാബാദില്‍ നടക്കുന്ന നാലാം ടെസ്റ്റില്‍ ഇന്ത്യക്ക് ജയിക്കാന്‍ കഴിയാതിരിക്കുകയും ന്യൂസിലന്‍ഡിനതിരായ ടെസ്റ്റ് പരമ്പര ശ്രീലങ്ക തൂത്തുവാരുകയും ചെയ്താല്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍പ്പില്‍ ഓസ്ട്രേലിയക്കൊപ്പം ശ്രീലങ്ക ഫൈനല്‍ കളിക്കും.