ഐസിസി ഇപ്പോൾ ദക്ഷിണേഷ്യയിലെ ഇന്ത്യയുടെ രാഷ്ട്രീയ താൽപ്പര്യങ്ങളുടെ ബന്ദിയായി മാറിയിരിക്കുകയാണെന്ന് ഖ്വാജ ആസിഫ്.
ഇസ്ലാമാബാദ്: ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരായ മത്സരം ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ അന്താരാരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിനെതിരെ(ഐസിസി) രൂക്ഷവിമര്‍ശനവുമായി പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. ഐസിസി പൂർണ്ണമായും ഇന്ത്യയുടെ രാഷ്ട്രീയ താൽപ്പര്യങ്ങൾക്ക് വഴങ്ങിയെന്നും, ഐസിസിയെ വിശ്വസിക്കാൻ കഴിയില്ലെന്നും ഖ്വാജ ആസിഫ് ആരോപിച്ചു. എക്‌സിലൂടെ നടത്തിയ പ്രതികരണത്തിലാണ് അദ്ദേഹം ഐസിസിക്കെതിരെ ആഞ്ഞടിച്ചത്.
ഐസിസി ഇപ്പോൾ ദക്ഷിണേഷ്യയിലെ ഇന്ത്യയുടെ രാഷ്ട്രീയ താൽപ്പര്യങ്ങളുടെ ബന്ദിയായി മാറിയിരിക്കുകയാണ്. ക്രിക്കറ്റ് എന്ന മാന്യൻമാരുടെ കളിയുടെ അന്തസ്സ് നിലനിർത്താൻ ഐസിസിക്ക് പകരം പുതിയൊരു ആഗോള സംഘടന അനിവാര്യമാണ്. ബംഗ്ലാദേശിനെ ലോകകപ്പിൽ നിന്ന് ഒഴിവാക്കി പകരം സ്‌കോട്ട്‌ലൻഡിനെ ഉൾപ്പെടുത്തിയ ഐസിസി നടപടി പക്ഷപാതപരമാണെന്നും ഖ്വാജ ആസിഫ് ആരോപിച്ചു.
സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇന്ത്യയിൽ കളിക്കാൻ ബംഗ്ലാദേശ് വിസമ്മതിച്ചിരുന്നു. മത്സരങ്ങൾ ഇന്ത്യക്ക് പുറത്തേക്ക് മാറ്റണമെന്ന ബംഗ്ലാദേശിന്‍റെ ആവശ്യം ഐസിസി തള്ളുകയും അവരെ ടൂർണമെന്‍റിൽ നിന്ന് നീക്കം ചെയ്ത് പകരം സ്‌കോട്ട്‌ലൻഡിനെ ഉൾപ്പെടുത്തുകയും ചെയ്തു. ഇതിൽ പ്രതിഷേധിച്ചും ബംഗ്ലാദേശിനോടുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനുമായാണ് പാകിസ്ഥാൻ ടി20 ലോകകപ്പില്‍ 15 ന് കൊളംബോയില്‍ നടക്കേണ്ട ഇന്ത്യയുമായുള്ള മത്സരം ബഹിഷ്‌കരിക്കാൻ തീരുമാനിച്ചത്.
എന്നാല്‍ പാകിസ്ഥാന്‍റെ 'ഭാഗികമായ ബഹിഷ്‌കരണം' അംഗീകരിക്കാനാവില്ലെന്ന് ഐസിസി വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയ്‌ക്കെതിരെ കളിച്ചില്ലെങ്കിൽ അത് പാക് ക്രിക്കറ്റിനെ ദീർഘകാലാടിസ്ഥാനത്തിൽ ദോഷകരമായി ബാധിക്കുമെന്നും കടുത്ത അച്ചടക്ക നടപടികൾ നേരിടേണ്ടി വരുമെന്നും ഐസിസി പിസിബിക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.
