ബുലവായോയിൽ നടന്ന രണ്ടാം ടെസ്റ്റിൽ ഇന്നിംഗ്‌സിനും 359 റൺസിനും ന്യൂസിലന്‍ഡ് വിജയിച്ചു.

ബുലവായോ: സിംബാബ്‌വെയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര ന്യൂസിലന്‍ഡ് തൂത്തുവാരി. ബുലവായോ, ക്വീന്‍സ് സ്‌പോര്‍ട്‌സ് ക്ലബില്‍ നടന്ന മത്സരത്തില്‍ ഇന്നിംഗ്‌സിനും 359 റണ്‍സിനും ജയിച്ചതോടെയാണ് രണ്ട് മത്സരങ്ങളുടെ പരമ്പര ന്യൂസിലന്‍ഡ് തൂത്തുവാരിയത്. ലോക ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ജയമാണിത്. സ്‌കോര്‍: സിംബാബ്‌വെ 125 & , ന്യൂസിലന്‍ഡ് 601. രണ്ടാം ഇന്നിംഗില്‍ സിംബാബ്‌വെയ്ക്ക് വേണ്ടി നിക്ക് വെല്‍ഷ് (പുറത്താവാതെ 47), ക്യാപ്റ്റന്‍ ക്രെയ്ഗ് ഇര്‍വിന്‍ (17) എന്നിവര്‍ മാത്രമാണ് രണ്ടക്കം കണ്ടത്. ന്യൂസിലന്‍ഡിന് വേണ്ടി രചിന്‍ രവീന്ദ്ര (165), ഹെന്റി നിക്കോള്‍സ് (150), ഡെവോണ്‍ കോണ്‍വെ (153) എന്നിവര്‍ സെഞ്ചുറി നേടിയിരുന്നു.

അഞ്ച് വിക്കറ്റ് നേടിയ സകാറി ഫൗള്‍ക്‌സാണ് രണ്ടാം ഇന്നിംഗ്‌സില്‍ സിംബാബ്‌വെയെ തകര്‍ത്തത്. മാറ്റ് ഹെന്റി, ജേക്കബ് ഡഫി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. കൃത്യമായ ഇടവേളകളില്‍ സിംബാബ്‌വെയ്ക്ക് വിക്കറ്റ് നഷ്ടമായികൊണ്ടിരുന്നു. സ്‌കോര്‍ബോര്‍ഡില്‍ 11 റണ്‍സുള്ളപ്പോള്‍ ഓപ്പണര്‍മാരായ ബ്രയാന്‍ ബെന്നറ്റ് (0), ബ്രന്‍ഡന്‍ ടെയ്‌ലര്‍ (7) എന്നിവര്‍ മടങ്ങി. നാലാമതെത്തിയ സീന്‍ വില്യംസ് (9) കൂടി മടങ്ങിയതോടെ മൂന്നിന് 24 എന്ന നിലയിലായി സിംബാബ്‌വെ. തുടര്‍ന്ന് ടെയ്‌ലര്‍ - ഇര്‍വിന്‍ സഖ്യം 25 റണ്‍സ് കൂട്ടിചേര്‍ത്തു. ഇതുതന്നെയാണ് സിംബാബ്‌വെ ഇന്നിംഗ്‌സിലെ ഏറ്റവും മികച്ച കൂട്ടുകെട്ട്.

ഇര്‍വിന് പിന്നാലെ സിക്കന്ദര്‍ റാസ (4), തഫദ്വ സിഗ (5), വിന്‍സെന്റ് മസെകേസ (4), ട്രവര്‍ ഗ്വാഡു (0), ബ്ലെസിംഗ് മുസറബാനി (8), തനാക ചിവാങ്ക (9) എന്നിവര്‍ വന്നത് പോലെ മടങ്ങി. ഒന്നാം ഇന്നിംഗ്‌സില്‍ ന്യൂസിലന്‍ഡിന് വേണ്ടി മാറ്റ് ഹെന്റി അഞ്ചും സകാറി നാലും വിക്കറ്റ് നേടിയിരുന്നു. 44 റണ്‍സെടുത്ത ബ്രന്‍ഡന്‍ ടെയ്‌ലര്‍ മാത്രമാണ് സിംബാബ്‌വെ നിരയില്‍ തിളങ്ങിയത്. സിഗ (33) റണ്‍സെടുത്തു. വെല്‍ഷ് (11), സീന്‍ വില്യംസ് (11) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍.

നേരത്തെ, ന്യൂസിലന്‍ഡ് മൂന്നിന് 601 എന്ന നിലയില്‍ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. മൂവരും സെഞ്ചുറി നേടിയതിന് പുറമെ വില്‍ യംഗ് (74), ജേക്കബ് ഡഫി (36) മിച്ച പ്രകടനം പുറത്തെടുത്തു.

YouTube video player