ബേ ഓവല്‍: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ ന്യൂസിലന്‍ഡിന് തകര്‍പ്പന്‍ ജയം. ബേ ഓവലില്‍ ഇന്നിംഗ്‌സിനും 65 റണ്‍സിനുമാണ് കിവികള്‍ ജയിച്ചത്. ജയത്തോടെ രണ്ട് ടെസ്റ്റുകളുടെ പരമ്പരയില്‍ വില്യംസണും സംഘവും 1-0ന് മുന്നിലെത്തി. സ്‌കോര്‍: ന്യൂസിലന്‍ഡ്-615-9, ഇംഗ്ലണ്ട്- 353-10, 197-10. 

മൂന്നിന് 55 എന്ന നിലയില്‍ അഞ്ചാം ദിനം ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ടിന് 142 റണ്‍സ് കൂടിയേ നേടാനായുള്ളൂ. അഞ്ച് വിക്കറ്റ് നേടിയ നീല്‍ വാഗ്‌നറും മൂന്ന് പേരെ വീഴ്‌ത്തി മിച്ചല്‍ സാന്‍റ്‌‌നറും കളി കിവികള്‍ക്ക് അനായാസമാക്കി. ജോ ഡെന്‍ലി 35 റണ്‍സും നായകന്‍ ജോ റൂട്ട് 11 റണ്‍സുമെടുത്ത് പുറത്തായി. ബെന്‍ സ്റ്റോക്‌സ്(28), ഓലി പോപ്(6), ജോസ് ബട്‌ലര്‍(0) എന്നിങ്ങനെയായിരുന്നു സ്‌കോര്‍.

വാലറ്റത്ത് ജോഫ്ര ആര്‍ച്ചറും സാം കറനും ചെറുത്തുനില്‍പിന് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ആര്‍ച്ചറെയും(30) സ്റ്റുവര്‍ട്ട് ബ്രോഡിനെയും(0) അടുത്തടുത്ത പന്തുകളില്‍ വാഗ്‌നര്‍ പുറത്താക്കിയതോടെ ഇംഗ്ലണ്ട് വന്‍ തോല്‍വി സമ്മതിച്ചു. കറന്‍ 29* റണ്‍സുമായി പുറത്താകാതെ നിന്നു. 

നേരത്തെ, ബിജെ വാട്‌ലിങ്(205), മിച്ചല്‍ സാന്റ്‌നര്‍(126) എന്നിവരുടെ കരുത്തില്‍ ആദ്യ ഇന്നിംഗ്സില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 615 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു ന്യൂസിലന്‍ഡ്. ഇംഗ്ലണ്ട് ആദ്യ ഇന്നിംഗ്‌സില്‍ 353 റണ്‍സില്‍ പുറത്തായിരുന്നു. 262ന്റെ ഒന്നാം ഇന്നിംഗ്സ് ലീഡാണ് കിവീസ് നേടിയത്. പിന്നാലെ രണ്ടാം ഇന്നിംഗ്സ്‌ ആരംഭിച്ച ഇംഗ്ലണ്ട് 197 റണ്‍സില്‍ പുറത്താവുകയായിരുന്നു. ഇരട്ട സെഞ്ചുറി നേടിയ വാട്‌ലിങ് ആണ് കളിയിലെ താരം.