Asianet News MalayalamAsianet News Malayalam

പകരംവീട്ടി ന്യൂസിലന്‍ഡ്; ഏകദിന പരമ്പര തൂത്തുവാരി; ബേ ഓവലില്‍ അഞ്ച് വിക്കറ്റ് ജയം

ടി20 പരമ്പര നഷ്‌ടമായ കിവികള്‍ ഏകദിനത്തില്‍ ഇന്ത്യയെ 3-0ന് വൈറ്റ്‌വാഷ് ചെയ്തു

New Zealand won Odi Series by 3 0 vs India
Author
Bay Oval, First Published Feb 11, 2020, 3:11 PM IST

ബേ ഓവല്‍: ടീം ഇന്ത്യയോട് ടി20 പരമ്പരയില്‍ നഷ്‌ടമായതിനെല്ലാം ഏകദിനത്തില്‍ കണക്കുവീട്ടി ന്യൂസിലന്‍ഡ്. മൂന്ന് ഏകദിനങ്ങളുടെ പരമ്പര 3-0ന് കിവികള്‍ തൂത്തുവാരി. ബേ ഓവലില്‍ നടന്ന അവസാന ഏകദിനത്തില്‍ അഞ്ച് വിക്കറ്റിനാണ് കിവീസ് ജയം സ്വന്തമാക്കിയത്. ഇന്ത്യയുടെ 296 റണ്‍സ് 17 പന്ത് ബാക്കിനില്‍ക്കേ ന്യൂസിലന്‍ഡ് മറികടന്നു. സ്‌കോര്‍: ഇന്ത്യ-296/7 (50.0), ന്യൂസിലന്‍ഡ്- 300/5 (47.1).

ഗുപ്റ്റില്‍ തുടക്കമിട്ടു, ഗ്രാന്‍‌ഹോം തീര്‍ത്തു

New Zealand won Odi Series by 3 0 vs India

മറുപടി ബാറ്റിംഗില്‍ ഗംഭീര തുടക്കമാണ് മാര്‍ട്ടിന്‍ ഗുപ്‌റ്റിലും ഹെന്‍‌റി നിക്കോള്‍സും ന്യൂസിലന്‍ഡിന് നല്‍കിയത്. പവര്‍പ്ലേയില്‍ വിക്കറ്റ് നഷ്‌ടമില്ലാതെ 65 റണ്‍സ് പിറന്നു. ഇരുവരും ആദ്യ വിക്കറ്റില്‍ 106 റണ്‍സ് ചേര്‍ത്തു. 46 പന്തില്‍ 66 റണ്‍സെടുത്ത ഗുപ്റ്റിലിനെ ചാഹല്‍ ബൗള്‍ഡാക്കുകയായിരുന്നു. ഹെന്‍‌റി നിക്കോള്‍‌സും അര്‍ധ സെഞ്ചുറി നേടി. 103 പന്തില്‍ 80 റണ്‍സ് നിക്കോള്‍‌സ് സ്വന്തമാക്കി. 

പരിക്കുമാറി പ്ലേയിംഗ് ഇലവനില്‍ മടങ്ങിയെത്തിയ കെയ്‌ന്‍ വില്യംസണ് തിളങ്ങാനായില്ല. 22 റണ്‍സെടുത്ത വില്യംസണെ ചാഹല്‍ മടക്കി. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും കത്തിക്കയറിയ റോസ് ടെയ്‌ലര്‍ക്കും മത്സരം നിരാശയായി. 12 റണ്‍സേ ഇക്കുറി ടെയ്‌ലര്‍ക്കുള്ളൂ. ജഡേജക്കാണ് വിക്കറ്റ്. നീഷാമിനും(19) അധികസമയം പിടിച്ചുനില്‍ക്കാനായില്ല. എന്നാല്‍ ടോം ലാഥമും(34 പന്തില്‍ 32), കോളിന്‍ ഗ്രാന്‍‌ഹോമും(28 പന്തില്‍ 58) മത്സരം കിവീസിന്‍റേതാക്കി. ഗ്രാന്‍‌ഹോം 21 പന്തില്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. 

മുന്‍നിര കൂപ്പുകുത്തി, നടുനിവര്‍ത്തി ഇന്ത്യ

New Zealand won Odi Series by 3 0 vs India

ആദ്യം ബാറ്റ് ചെയ്ത ടീം ഇന്ത്യ കെ എല്‍ രാഹുലിന്‍റെ സെഞ്ചുറിയുടെയും ശ്രേയസ് അയ്യരുടെ അര്‍ധ സെഞ്ചുറിയുടെയും കരുത്തില്‍ നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 296 റണ്‍സെടുത്തു. രാഹുലിന്‍റെ നാലാം ഏകദിന സെഞ്ചുറിയാണ് ബേ ഓവലില്‍ പിറന്നത്. ഏകദിനത്തില്‍ അഞ്ചാം നമ്പറില്‍ ഇതാദ്യമായാണ് രാഹുല്‍ മൂന്നക്കം കാണുന്നത്. മനീഷ് പാണ്ഡെയുടെ പ്രകടനവും നിര്‍ണായകമായി. ന്യൂസിലന്‍ഡിനായി ഹാമിഷ് ബെന്നറ്റ് നാല് വിക്കറ്റ് നേടി. 

സ്‌കോര്‍ ബോര്‍ഡില്‍ 62 റണ്‍സ് ചേര്‍ക്കുന്നതിനിടെ മൂന്ന് മുന്‍നിര ബാറ്റ്സ്‌മാന്‍മാരെയും ഇന്ത്യക്ക് നഷ്‌ടമായിരുന്നു. ഒരു റണ്‍സെടുത്ത ഓപ്പണര്‍ മായങ്ക് അഗര്‍വാളിനെ രണ്ടാം ഓവറിലെ അവസാന പന്തില്‍ കെയ്‌ല്‍ ജമൈസണ്‍ ബൗള്‍ഡാക്കി. വിരാട് കോലിയെ ഏഴാം ഓവറില്‍ ഹാമിഷ് ബെന്നറ്റിന്‍റെ പന്തില്‍ ജമൈസണ്‍ പിടിച്ചു. ഒന്‍പത് റണ്‍സ് മാത്രമാണ് കിംഗ് കോലിക്ക് നേടാനായത്. 42 പന്തില്‍ 40 റണ്‍സെടുത്ത പൃഥ്വി ഷാ ബെന്നറ്റിന്‍റെ 13-ാം ഓവറിലെ ആദ്യ പന്തില്‍ റണ്‍ഔട്ടായി. 

രാഹുല്‍: ക്ലാസും മാസും ചേര്‍ന്ന ഐറ്റം

New Zealand won Odi Series by 3 0 vs India

ഇതിനുശേഷം 100 റണ്‍സ് കൂട്ടുകെട്ടുമായി ഇന്ത്യയെ ശ്രേയസും രാഹുലും കരകയറ്റി. എട്ടാം ഫിഫ്റ്റി നേടിയ ശ്രേയസ് 63 പന്തില്‍‍ 62 റണ്‍സെടുത്ത് മടങ്ങി. രാഹുല്‍ 104 പന്തില്‍ നാലാം സെഞ്ചുറി പൂര്‍ത്തിയാക്കി. എന്നാല്‍ സ്‌കോര്‍ ഉയര്‍ത്താനുള്ള ശ്രമത്തിനിടെ, ബെന്നറ്റ് എറിഞ്ഞ 47-ാം ഓവറില്‍ അടുത്ത പന്തുകളില്‍ രാഹുലും പാണ്ഡെയും പുറത്തായി. രാഹുല്‍ 113 പന്തില്‍ 112 ഉം പാണ്ഡെ 48 പന്തില്‍ 42 ഉം റണ്‍സെടുത്തു. അവസാന ഓവറുകളില്‍ ജഡേജയും(8*) ഠാക്കൂറും(7) സൈനിയും(8*) ഇന്ത്യയെ 300ന് അടുത്തെത്തിച്ചു.

Follow Us:
Download App:
  • android
  • ios