വില്യംസണിന്റെ തിരിച്ചുവരവ്! സന്നാഹത്തില്‍ പാകിസ്ഥാന്‍ വീണു; കൂറ്റന്‍ വിജയലക്ഷ്യം മറികടന്ന് ന്യൂസിലന്‍ഡ്
മോശം തുടക്കമായിരുന്നു ന്യൂസിലന്‍ഡിന്. രണ്ടാം ഓവറില്‍ തന്നെ ഡെവോണ്‍ കോണ്‍വെയെ (0) കിവീസിന് നഷ്ടമായി. മൂന്നാമതായി ക്രീസിലെത്തിയത് വില്യംസണ്‍. പരിക്കില്‍ നിന്ന് മോചിതനായി എത്തുകയാണെന്ന ചിന്തയൊന്നും അദ്ദേഹത്തിനില്ലായിരുന്നു.

ഹൈദരാബാദ്: ഏകദിന ലോകകപ്പ് സന്നാഹ മത്സരത്തില്‍ പാകിസ്ഥാന് തോല്‍വി. ന്യൂസിലന്‍ഡിനെതിരെ അഞ്ച് വിക്കറ്റിന്റെ തോല്‍വിയാണ് പാകിസ്ഥാന്‍ നേരിട്ടത്. ടോസ് നേടി ബാറ്റിംഗിനെത്തിയ പാകിസ്ഥാന്‍ 346 റണ്‍സിന്റെ വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. 103 റണ്‍സെടുത്ത മുഹമ്മദ് റിസ്‌വാനാണ് പാകിസ്ഥാന്റെ ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ ന്യൂസിലന്‍ഡ് 43.4 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 97 റണ്‍സ് നേടിയ രജിന്‍ രവീന്ദ്രയാണ് ന്യൂസിലന്‍ഡിന്റെ ടോപ് സ്‌കോറര്‍. അതിനേക്കാളുപരി ആറ് മാസത്തിന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ കെയ്ന്‍ വില്യംസണ്‍ (54) അര്‍ധ സെഞ്ചുറി നേടിയെന്നുള്ളത്. മാര്‍ക് ചാപ്മാന്‍ (65), ഡാരില്‍ മിച്ചല്‍ (59) എന്നിവരുടെ ഇന്നിംഗ്‌സും വിജയത്തില്‍ നിര്‍ണായമായി.
മോശം തുടക്കമായിരുന്നു ന്യൂസിലന്‍ഡിന്. രണ്ടാം ഓവറില്‍ തന്നെ ഡെവോണ്‍ കോണ്‍വെയെ (0) കിവീസിന് നഷ്ടമായി. മൂന്നാമതായി ക്രീസിലെത്തിയത് വില്യംസണ്‍. പരിക്കില്‍ നിന്ന് മോചിതനായി എത്തുകയാണെന്ന ചിന്തയൊന്നും അദ്ദേഹത്തിനില്ലായിരുന്നു. സ്വതസിദ്ധമായ ശൈലിയില്‍ അദ്ദേഹം ബാറ്റ് വീശി. 50 പന്തുകള്‍ നേരിട്ട വില്യംസണ്‍ എട്ട് ബൗണ്ടറികള്‍ നേടിയിരുന്നു. അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയ ഉടന്‍ അദ്ദേഹം റിട്ടയേര്‍ഡ് ഹര്‍ട്ടായി.
24-ാം ഓവറില്‍ രവീന്ദ്രയും മടങ്ങി. 72 പന്തില്‍ ഒരു സിക്‌സും 16 ഫോറും രവീന്ദ്ര നേടി. 59 റണ്‍സെടുത്ത മിച്ചല്‍ മാര്‍ഷ് ഫോമിലാണെന്ന് തെളിയിച്ച ശേഷം റിട്ടയേര്‍ഡ് ഹര്‍ട്ടായി. ടോം ലാതം (18), ഗ്ലെന്‍ ഫിലിപ്‌സ് (3) എന്നിവര്‍ പെട്ടന്ന് മടങ്ങിയെങ്കിലും ചാപ്മാന്‍ - ജെയിംസ് നീഷം (33) സഖ്യം നേടിയ 110 റണ്‍സ് കിവീസിന്റെ വിജയത്തില്‍ നിര്‍ണായകമായി. നീഷം വീണെങ്കിലും മിച്ചല്‍ സാന്റ്‌നറെ (1) കൂട്ടുപിടിച്ച് ചാപ്മാന്‍ കിവീസിനെ വിജയത്തിലെത്തിച്ചു.
മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പാകിസ്ഥാന്‍ 50 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 345 റണ്‍സാണ് നേടിയത്. മുഹമ്മദ് റിസ്‌വാന്‍ പുറമെ ബാബര്‍ അസം (80), സൗദ് ഷക്കീല്‍ (75) എന്നിവരാണ് പാകിസ്ഥാന്‍ നിരയില്‍ തിളങ്ങിയത്. മിച്ചല്‍ സാന്റ്‌നര്‍ രണ്ട് വിക്കറ്റെടുത്തു.