വെല്ലിങ്ടണ്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പര ന്യൂസിലന്‍ഡിന്. രണ്ടാം മത്സരത്തില്‍ 72 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് ആതിഥേയര്‍ സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനി ഇറങ്ങിയ കിവീസ് ഗ്ലെന്‍ ഫിലിപ്‌സിന്റെ (51 പന്തില്‍ 108) സെഞ്ചുറി കരുത്തില്‍ 238 റണ്‍സ് നേടി. വിന്‍ഡീസിന് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സ് നേടാനാണ് സാധിച്ചത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര കിവീസ് സ്വന്തമാക്കുകയായിരുന്നു.

28 റണ്‍സ് നേടിയ കീറണ്‍ പൊള്ളാര്‍ഡാണ് വിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍. കീമോ പോള്‍ (പുറത്താവാതെ 26), ഷിംറോണ്‍ ഹെറ്റ്മയേര്‍ (25), അന്ദ്രേ ഫ്‌ളച്ചര്‍ (20), കെയ്ല്‍ മയേഴ്‌സ് (20) എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍. ബ്രന്‍ഡണ്‍ കിംഗ് (0), നിക്കോളാസ് പുരാന്‍ (8), റോവ്മാന്‍ പവല്‍ (9), ഫാബിയന്‍ അലന്‍ (15), ഷെല്‍ഡണ്‍ കോട്ട്രല്‍ (1) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങല്‍. ഒഷാനെ തോമസ് (0) കീമോ പോളിനൊപ്പം പുറത്താവാതെ നിന്നു. കെയ്ല്‍ ജാമിസണ്‍, മിച്ചല്‍ സാന്റ്‌നര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ലോക്കി ഫെര്‍ഗൂസണ്‍, ഇഷ് സോധി, ജയിംസ് നീഷാം എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്.

നേരത്തെ ഫിലിപ്‌സിന്റെ അതിവേഗ സെഞ്ചുറിയും ഡേവോണ്‍ കോണ്‍വേ (37 പന്തില്‍ പുറത്താവാതെ 65) നേടിയ അര്‍ധ സെഞ്ചുറിയുമാണ് ന്യൂസിലന്‍ഡിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. എട്ട് സിക്സും 10 ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഫിലിപ്സിന്റെ ഇന്നിങ്സ്. 46 പന്തിലാണ് താരം സെഞ്ചുറി പൂര്‍ത്തിയാക്കിയത്. ടി20 ക്രിക്കറ്റില്‍ ന്യൂസിലന്‍ഡ് താരത്തിന്റെ വേഗത്തിലുള്ള സെഞ്ചുറിയാണിത്. 

ഫിലിപ്‌സിനെ കൂടാതെ മാര്‍ട്ടിന്‍ ഗപ്റ്റില്‍ (34), ടിം സീഫെര്‍ട്ട് (18) എന്നിവരുടെ വിക്കറ്റുകളാണ് ന്യൂസിലന്‍ഡിന് നഷ്ടമായത്. 37 പന്തില്‍ നാല് വീതം സിക്സും ഫോറും ഉള്‍പ്പെടെയാണ് കോണ്‍വേ 65 റണ്‍സെടുത്തത്. ഫിലിപ്സിനൊപ്പം 184 റണ്‍സാണ് കോണ്‍വേ കൂട്ടിച്ചേര്‍ത്തത്. വിന്‍ഡീസിനായി ഒഷാനെ തോമസ്, ഫാബിയന്‍ അലന്‍, കീറണ്‍ പൊള്ളാര്‍ഡ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.