വിജയലക്ഷ്യത്തിലേക്ക് ബാറ്റിംഗ് തുടങ്ങിയ ന്യൂസിലന്‍ഡിന് അത്ര നല്ല തുടക്കമല്ല ലഭിച്ചത്. 53 റണ്‍സെടുക്കുന്നതിനിടെ കിവീസിന് ഓപ്പണര്‍മാരായ ഡെവോണ്‍ കോണ്‍വെ (17), ടോം ലാതം (30) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായി.

ഹാമില്‍ട്ടണ്‍: ചരിത്രത്തിലാദ്യമായി ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടെസ്റ്റ് പരമ്പര സ്വന്തമാക്കി ന്യൂസിലന്‍ഡ്. ഹാമിട്ടണില്‍ നടന്ന രണ്ടാം ടെസ്റ്റും ജയിച്ചതോടെയാണ് ന്യൂസിലന്‍ഡിനെ തേടി ചരിത്ര നേട്ടമെത്തിയത്. രണ്ട് മത്സരങ്ങളുടെ പരമ്പര ആതിഥേയര്‍ തൂത്തുവാരുകയായിരുന്നു. 92 വര്‍ഷങ്ങള്‍ക്കിടെ ഇരുവരും 18 പരമ്പരകളില്‍ നേര്‍ക്കുനേര്‍ വന്നു. ഒരിക്കല്‍ പോലും ന്യൂസിലന്‍ഡിന് വിജയിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇന്ന് ഏഴ് വിക്കറ്റിനായിരുന്നു ന്യൂസിലന്‍ഡിന്റെ ജയം. 269 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് കളിച്ച ന്യൂസിലന്‍ഡിനെ കെയ്ന്‍ വില്യംസണിന്റെ (പുറത്താവാതെ 133) സെഞ്ചുറിയാണ് രക്ഷിച്ചത്. സ്‌കോര്‍: ദക്ഷിണാഫ്രിക്ക 242, 235 & ന്യൂസിലന്‍ഡ് 211, 269/3.

വിജയലക്ഷ്യത്തിലേക്ക് ബാറ്റിംഗ് തുടങ്ങിയ ന്യൂസിലന്‍ഡിന് അത്ര നല്ല തുടക്കമല്ല ലഭിച്ചത്. 53 റണ്‍സെടുക്കുന്നതിനിടെ കിവീസിന് ഓപ്പണര്‍മാരായ ഡെവോണ്‍ കോണ്‍വെ (17), ടോം ലാതം (30) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായി. തുടര്‍ന്ന് വില്യംസണ്‍ - രചിന്‍ രവീന്ദ്ര (20) സഖ്യം 64 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ രവീന്ദ്രയെ പുറത്താക്കി ഡെയ്ന്‍ പീറ്റ് ദക്ഷിണാഫ്രിക്കയ്ക്ക് ബ്രേക്ക് ത്രൂ നല്‍കി. എന്നാല്‍ വില്യംസണ്‍ ഒരു ഭാഗത്ത് ഉറച്ചതോടെ കാര്യങ്ങള്‍ ആതിഥേയര്‍ക്ക് അനുകൂലമായി. കൂട്ടിന് വില്‍ യംഗും. 

260 പന്തുകള്‍ നേരിട്ട വില്യംസണ്‍ രണ്ട് സിക്‌സിന്റേയും 12 ബൗണ്ടറിയുടെയും സഹായത്തോടെയാണ് 133 റണ്‍സെടുത്തത്. യംഗിനൊപ്പം 142 റണ്‍സാണ് മുന്‍ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കൂട്ടിചേര്‍ത്തത്. യംഗ് എട്ട് ബൗണ്ടറികള്‍ നേടി. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിംഗ്‌സില്‍ 242ന് പുറത്തായിരുന്നു. നാല് വിക്കറ്റ് നേടിയ വില്യം റൂര്‍ക്കെയാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. രചിന്‍ രവീന്ദ്ര മൂന്ന് വിക്കറ്റ് വീഴ്ത്തി. 

സര്‍ഫറാസ് ഖാന് ഭാര്യയുടെ ഫ്‌ളയിംഗ് കിസ്! സംഭവം അര്‍ധ സെഞ്ചുറിക്ക് ശേഷം -വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

മറുപടി ബാറ്റിംഗില്‍ ന്യൂസിലന്‍ഡ് ലീഡ് വഴങ്ങിയിരുന്നു. 211 പുറത്താവുകയായിരുന്നു ന്യൂസിലന്‍ഡ്. 43 റണ്‍സ് നേടിയ വില്യംസണായിരുന്നു ടോപ് സ്‌കോറര്‍. പീറ്റ് അഞ്ച് വിക്കറ്റ് വീഴ്ത്തി. പിന്നാലെ രണ്ടാം ഇന്നിംഗ്‌സിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക 235ന് പുറത്തായി. ഇത്തവണ റൂര്‍ക്കെ അഞ്ച് വിക്കറ്റ് വീഴ്ത്തി. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ഡേവിഡ് ബെഡിംഗ്ഹാം (110) സെഞ്ചുറി നേടി.