കഴിഞ്ഞ മൂന്ന് സീസണുകളിലെ ടീമിന്‍റെ മോശം പ്രകടനത്തെക്കുറിച്ചും ഫ്ലെമിങ്ങിന്‍റെ പടിയിറക്കത്തിന് ശേഷമുള്ള ടീമിന്‍റെ ഭാവി തന്ത്രങ്ങളെക്കുറിച്ചും വിലയിരുത്താനായി സിഎസ്‌കെയുടെ ഉന്നത ഉദ്യോഗസ്ഥർ ഡാളസിൽ യോഗം ചേരുന്നുണ്ട്.

ചെന്നൈ: സ്റ്റീഫൻ ഫ്ലെമിങ് ചെന്നൈ സൂപ്പർ കിങ്സ് പരിശീലക സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ, പുതിയ കോച്ചിനായുള്ള തിരച്ചിൽ ഊർജ്ജിതമാക്കി മാനേജ്‌മെന്‍റ് നിലവിൽ ഡൽഹി ക്യാപിറ്റൽസിന്‍റെ പരിശീലകനായ മുൻ ഇന്ത്യൻ താരം ഹേമങ് ബദാനി ചെന്നൈയുടെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് എത്തിയേക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യക്കായി 40 ഏകദിനങ്ങളിലും 4 ടെസ്റ്റുകളിലും കളിച്ചിട്ടുള്ള തമിഴ്‌നാട് സ്വദേശിയായ ബദാനിക്ക് ചെന്നൈയിലെ ക്രിക്കറ്റ് വൃത്തങ്ങളുയി അടുത്ത ബന്ധമാണുള്ളത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കഴിഞ്ഞ മൂന്ന് സീസണുകളിലെ ടീമിന്‍റെ മോശം പ്രകടനത്തെക്കുറിച്ചും ഫ്ലെമിങ്ങിന്‍റെ പടിയിറക്കത്തിന് ശേഷമുള്ള ടീമിന്‍റെ ഭാവി തന്ത്രങ്ങളെക്കുറിച്ചും വിലയിരുത്താനായി സിഎസ്‌കെയുടെ ഉന്നത ഉദ്യോഗസ്ഥർ ഡാളസിൽ യോഗം ചേരുന്നുണ്ട്. സ്റ്റീഫൻ ഫ്ലെമിങ്ങിന്റെ മാറ്റത്തോടെ ചെന്നൈയുടെ നിലവിലെ മുഴുവൻ കോച്ചിങ് സ്റ്റാഫിനെയും മാറ്റിയേക്കുമെന്നാണ് സൂചന. എൻ. ശ്രീനിവാസന്‍റെ മകളും ചെന്നൈ സൂപ്പർ കിങ്സ് ക്രിക്കറ്റ് ലിമിറ്റഡിന്‍റെ ഡയറക്ടറുമായ രൂപ ഗുരുനാഥിന്‍റെ മേൽനോട്ടത്തിലാണ് ഫ്രാഞ്ചൈസിയിലെ വലിയ തീരുമാനങ്ങളെല്ലാം ഇപ്പോൾ നടക്കുന്നത്.

കഴിഞ്ഞ മൂന്ന് വർഷമായി പ്ലേഓഫ് യോഗ്യത നേടാനാകാതെ ചെന്നൈ സൂപ്പർ കിങ്സ് കടുത്ത പ്രതിസന്ധി നേരിടുകയായിരുന്നു. പ്രായം കഴിഞ്ഞ താരങ്ങളിലുള്ള അമിത വിശ്വാസവും എം.എസ് ധോണി ഫാക്ടറിനെ മാത്രം ആശ്രയിക്കുന്നതുമാണ് ടീമിന്‍റെ തകർച്ചയ്ക്ക് കാരണമായി വിമർശകർ ചൂണ്ടിക്കാണിക്കുന്നത്. കൂടാതെ, ഈ സീസണിൽ ധോണിയുടെ പരിക്കിനെച്ചൊല്ലിയുണ്ടായ ദുരൂഹതകളും ടീമിന്‍റെ താളം തെറ്റിച്ചിരുന്നു.

2009-ൽ പരിശീലകനായി ചുമതലയേറ്റ ശേഷം ധോണിയുമായി ചേർന്ന് 5 ഐപിഎൽ കിരീടങ്ങളും രണ്ട് ചാമ്പ്യൻസ് ലീഗ് ട്രോഫികളും ചെന്നൈയ്ക്ക് സമ്മാനിച്ച ശേഷമാണ് ഫ്ലെമിങ് പടിയിറങ്ങുന്നത്. ഒരു പുതിയ യുഗത്തിലേക്ക് ചുവടുവെക്കുന്ന ചെന്നൈ സൂപ്പർ കിങ്സ് തദ്ദേശീയനായ ഹേമങ് ബദാനിയെ തന്നെ തങ്ങളുടെ അമരക്കാരനാക്കുമോ എന്ന് വരും ദിവസങ്ങളിൽ വ്യക്തമാകും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക