ഗെയ്‌ലിന്റെ റെക്കോര്‍ഡും തകര്‍ത്ത് പുരാന്‍! കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ താരത്തിന്റെ അഴിഞ്ഞാട്ടം -വീഡിയോ
2024ല്‍ 1844 റണ്‍സ് നേടിയ പുരാന്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ ടി20 റണ്‍സ് എന്ന പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തി.
ബാര്‍ബഡോസ്: കരീബിയന്‍ പ്രീമിയര്‍ ലീഗിലെ ഒരു മത്സരത്തില്‍ റെക്കോര്‍ഡിഡ് നിക്കോളാസ് പുരാന്‍. ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്‌സിനായി കളിക്കുന്ന വിന്‍ഡീസ് താരം ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ പറത്തിയാണ് റെക്കോര്‍ഡിട്ടത്. സെന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സിനെതിരെ 43 പന്തില്‍ 97 റണ്‍സ് നേടിയ പുരാന്‍ ഒമ്പത് സിക്സറുകള്‍ പറത്തി. ടീമിനെ 44 റണ്‍സ് വിജയത്തിലേക്ക് നയിക്കാനും പുരാന് സാധിച്ചു.
ഈ പ്രകടനത്തോടെ ഒരു വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ ടി20 സിക്സറുകള്‍ നേടിയ ക്രിസ് ഗെയ്ലിന്റെ റെക്കോര്‍ഡാണ് പുരാന്‍ മറികടന്നത്. 2024-ല്‍ 139 സിക്സറുകള്‍ നേടിയ പുരാന്‍, 2015-ല്‍ ഗെയ്ലിന്റെ 135 സിക്സറുകളുടെ മുന്‍ റെക്കോര്‍ഡ് മറികടന്നു. സിക്സ് അടിക്കുന്നവരുടെ പട്ടികയില്‍ 2012ല്‍ 121 സിക്സുകളും 2011ല്‍ 116 സിക്സറുമുള്‍പ്പെടെ ഗെയ്ല്‍ അടുത്ത രണ്ട് സ്ഥാനങ്ങളിലുമുണ്ട്. സെന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സിനെതിരെ പുരാന്‍ പുറത്തെടുത്ത പ്രകടനം കാണാം.
2024ല്‍ 1844 റണ്‍സ് നേടിയ അദ്ദേഹം ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ ടി20 റണ്‍സ് എന്ന പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തി. 2022ല്‍ 1946 റണ്‍സ് നേടിയ അലക്സ് ഹെയ്ല്‍സിനെയും 2021ല്‍ 2036 റണ്‍സ് നേടിയ മുഹമ്മദ് റിസ്വാനുമാണ് മുന്നില്‍. വിവിധ ഫ്രാഞ്ചൈസി ലീഗുകളിലും അന്താരാഷ്ട്ര ക്രിക്കറ്റിലുടനീളവും പുറത്തെടുത്ത പ്രകടനമാണിത്.
പാട്രിയറ്റ്‌സിനെതിരായ മത്സരത്തില്‍, പുരാന്റെ ഇന്നിംഗ്സ് ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സിനെ നാലിന് 250 എന്ന മികച്ച സ്‌കോറിലേക്ക് നയിച്ചു. നൈറ്റ് റൈഡേഴ്സ് പിന്നീട് സെന്റ് കിറ്റ്സ് & നെവിസ് പാട്രിയറ്റ്സിനെ എട്ടിന് 206 എന്ന സ്‌കോറില്‍ ഒതുക്കി വിജയം ഉറപ്പാക്കി.