കാന്‍ബറ: ക്രിക്കറ്റില്‍ ബാറ്റില്‍ കൊള്ളാത്ത പന്തിലും ബൈ റണ്ണെടുക്കാനായി ഓടുന്ന ബാറ്റ്സ്മാന്‍മാരെ നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഓസ്ട്രേലിയന്‍ ടി20 ലീഗായ ബിഗ് ബാഷില്‍ നടന്നതുപോലൊരു സിംഗിള്‍ റണ്ണിനായുള്ള ഓട്ടം നമ്മളധികം കണ്ടിട്ടുണ്ടാവില്ല. ബിഗ് ബാഷില്‍ മെല്‍ബണ്‍ സ്റ്റാര്‍സിന്‍റെ താരമായ നിക്ക് ലാര്‍ക്കിനാണ് കാണികളെ ചിരിപ്പിച്ച ഈ കോമഡി റണ്ണിലെ കഥാപാത്രം.

സിഡ്നി തണ്ടേഴ്സിനെതിരായ മത്സരത്തില്‍ ഡാനിയേല്‍ സാംസിന്‍റെ പന്തില്‍ സ്ലോഗ് സ്വീപ്പിന് ശ്രമിച്ച ലാര്‍ക്കിന് പന്ത് ബാറ്റില്‍ കൊള്ളിക്കാനായില്ല. എന്നാല്‍ പന്ത് നിലത്ത് വീണതുമില്ല. പന്തെവിടെ പോയെന്ന് അറിയാതെ ലാര്‍ക്കിനും ഫീല്‍ഡര്‍മാരും നില്‍ക്കുന്നതിനിടെ താരം സിംഗിളിനായി ഓടി.
 
പിച്ചിന്‍റെ മധ്യഭാഗത്തെത്തിയപ്പോഴാണ് ജേഴ്സിക്കുള്ളില്‍ നിന്ന് പന്ത് നിലത്തുവീണത്. അതുകണ്ട് ലാര്‍ക്കിനും ചിരി അടക്കാനായില്ല. എന്തായാലും സിംഗിളെടുത്ത ലാര്‍ക്കിന് പക്ഷെ അമ്പയര്‍ സിംഗിള്‍ നിഷേധിച്ചു. അടുത്ത പന്തില്‍ പക്ഷെ ലാര്‍ക്കിന് അടിതെറ്റി. സാംസിന്‍റെ സ്ലോ യോര്‍ക്കറില്‍ 14 പന്തില്‍ 15 റണ്‍സെടുത്ത് ലാര്‍ക്കിന്‍ പുറത്തായി.