ഐപിഎല്‍ ആദ്യ ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ 92 റണ്‍സിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ഫൈനലില്‍ പ്രവേശിച്ചു. രജത് പടിധാറിന്റെ (93*) വെടിക്കെട്ട് ബാറ്റിംഗിന്റെ മികവില്‍ 254 റണ്‍സ് നേടിയ ആര്‍സിബിക്കെതിരെ, ഗുജറാത്തിന്റെ മറുപടി 162 റണ്‍സില്‍ അവസാനിച്ചു. 

ധരംശാല: ഐപിഎല്‍ ആദ്യ ക്വാളിഫയറില്‍ ഗുജറാത്ത് ടൈററന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് 92 റണ്‍സിന്റെ കൂറ്റന്‍ ജയം. ധരംശാല, ഹിമാചല്‍ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ആര്‍സിബി അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 254 റണ്‍സാണ് നേടിയത്. രജത് പടിധാറാണ് (33 പന്തില്‍ പുറത്താവാതെ 93) ടീമിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ച്ത. വിരാട് കോലി (25 പന്തില്‍ 43), ക്രുനാല്‍ പാണ്ഡ്യ (28 പന്തില്‍ 43) എന്നിവരുടെ ഇന്നിംഗ്സുകളും നിര്‍ണായകമായി. മറുപടി ബാറ്റിംഗില്‍ ഗുജറാത്ത് 19.3 ഓവറില്‍ 162 റണ്‍സിന് എല്ലാവരും പുറത്താവുകയായിയുരുന്നു. ആര്‍സിബിക്ക് വേണ്ടി ജേക്കബ് ഡഫി മൂന്ന് വിക്കറ്റ് വീഴ്ത്തി. റാസിക് സലാം ദാര്‍, ഭുവനേശ്വര്‍ കുമാര്‍, ക്രുനാല്‍ പാണ്ഡ്യ എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്. ജയത്തോടെ ആര്‍സിബി ഫൈനലിലെത്തി. ഗുജറാത്തിന് ഒരവസരം കൂടിയുണ്ട്. എലിമിനേറ്റര്‍ ജയിച്ചുവരുന്ന ടീമുമായി ഗുജറാത്ത് ഇനി കളിക്കും.

Add Asianetnews as a Preferred SourcegooglePreferred

മറുപടി ബാറ്റിംഗില്‍ പവര്‍ പ്ലേയില്‍ തന്നെ ഗുജറാത്തിന് അഞ്ച് വിക്കറ്റ് നഷ്ടമായിരുന്നു. തുടക്കത്തില്‍ തന്നെ സായ് സുദര്‍ശന്‍ (14) ഹിറ്റ് വിക്കറ്റായി. പിന്നാലെ ശുഭ്മാന്‍ ഗില്‍ (2), ജോസ് ബട്‌ലര്‍ (29), നിശാന്ത് സിന്ധു (5), ജേസണ്‍ ഹോള്‍ഡര്‍ (0) എന്നിവരും മടങ്ങി. പവര്‍ പ്ലേയ്ക്ക് ശേഷം വാഷിംഗ്ടണ്‍ സുന്ദര്‍ (8), റാഷിദ് ഖാന്‍ (8), കഗിസോ റബാദ (9) എന്നിവരുടെ വിക്കറ്റുകള്‍ കൂടി ഗുജറാത്തിന് നഷ്ടമായി. 43 പന്തില്‍ 68 റണ്‍സെടുത്ത രാഹുല്‍ തെവാട്ടിയയുടെ പ്രകടനം തോല്‍വിഭാരം കുറയ്ക്കാന്‍ വേണ്ടി മാത്രമാണ് സഹായിച്ചത്. മുഹമ്മദ് സിറാജാണ് (5) പുറത്തായ മറ്റൊരു താരം. പ്രസിദ്ധ് കൃഷ്ണ (6) പുറത്താവാതെ നിന്നു.

നേരത്തെ, രണ്ടാം ഓവറില്‍ തന്നെ ആര്‍സിബിക്ക് വെങ്കടേഷ് അയ്യരുടെ (19) വിക്കറ്റ് നഷ്ടമായിരുന്നു. റബാദയുടെ പന്തില്‍ ഗില്ലിന് ക്യാച്ച്. അപ്പോള്‍ സ്‌കോര്‍ബോര്‍ഡില്‍ 21 റണ്‍സ് മാത്രം. പിന്നീട് കോലി - ദേവ്ദത്ത് പടിക്കല്‍ (30) സഖ്യം 72 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ഒമ്പതാം ഓവറില്‍ ഇരുവരേയും മടക്കി ഹോള്‍ഡര്‍ ഗുജറാത്തിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. ഇതുടെ മൂന്നിന് 94 എന്ന നിലയിലായി ആര്‍സിബി. തുടര്‍ന്ന് ക്രുനാല്‍ - പടിധാര്‍ സഖ്യം 95 റണ്‍സ് കൂട്ടിചേര്‍ത്ത് തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചു. രണ്ട് സിക്സും അഞ്ച് ഫോറും നേടി ക്രുനാല്‍ 17-ാം ഓവറില്‍ മടങ്ങിയെങ്കിലും പടിധാറിന്റെ പ്രകടനം ആര്‍സിബിക്ക് തുണയായി.

ഇതിനിടെ ടിം ഡേവിഡിനെ (4) പ്രസിദ്ധ് കൃഷ്ണ ബൗള്‍ഡാക്കി. എങ്കിലും പടിധാര്‍ - ജിതേഷ് ശര്‍മ (5 പന്തില്‍ 15) സഖ്യം ആര്‍സിബിയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിക്കുകയായിരുന്നു. പുറത്താകാതെ നിന്ന് പടിധാര്‍ ഒമ്പത് സിക്സും അഞ്ച് ഫോറും നേടി. ഗുജറാത്തിന് വേണ്ടി കഗിസോ റബാദ, ജേസണ്‍ ഹോള്‍ഡര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഒരു മാറ്റവുമായിട്ടാണ് ഗുജറാത്ത് ഇറങ്ങുന്നത്. അര്‍ഷദ് ഖാന് പകരം കുല്‍വന്ദ് കെജ്രോളിയ ടീമിലെത്തി. ആര്‍സിബി മാറ്റമൊന്നും വരുത്തിയിട്ടില്ല.

ഗുജറാത്ത് ടൈറ്റന്‍സ്: സായ് സുദര്‍ശന്‍, ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), ജോസ് ബട്ട്‌ലര്‍ (വിക്കറ്റ് കീപ്പര്‍), വാഷിംഗ്ടണ്‍ സുന്ദര്‍, നിഷാന്ത് സിന്ധു, ജേസണ്‍ ഹോള്‍ഡര്‍, റാഷിദ് ഖാന്‍, കുല്‍വന്ത് കെജ്രോളിയ, കാഗിസോ റബാഡ, മുഹമ്മദ് സിറാജ്, പ്രസീദ് കൃഷ്ണ.

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു: വെങ്കിടേഷ് അയ്യര്‍, വിരാട് കോലി, ദേവദത്ത് പടിക്കല്‍, രജത് പടിദാര്‍ (ക്യാപ്റ്റന്‍), ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ടിം ഡേവിഡ്, ക്രുനാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, ജേക്കബ് ഡഫി, ജോഷ് ഹാസില്‍വുഡ്, റാസിഖ് സലാം ദാര്‍.

YouTube video player