മെല്‍ബണ്‍: മെല്‍ബണിലെ റസ്റ്ററന്‍റില്‍വെച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങളെ കണ്ടപ്പോള്‍ റിഷഭ് പന്ത് തന്നെ കെട്ടിപ്പിടിച്ചിട്ടില്ലെന്നും താരങ്ങലെ നേരില്‍ക്കണ്ടതിന്‍റെ ആവേശത്തില്‍ പറഞ്ഞാണെന്നും വിശദീകരിച്ച് ആരാധകന്‍ നവൽദീപ് സിംഗ്. റിഷഭ് പന്ത് ഒരു ഘട്ടത്തിലും എന്നെ കെട്ടിപ്പിടിച്ചിട്ടില്ല. അത് ഒരു ആവേശത്തിൽ പറഞ്ഞുപോയതാണ്. കൃത്യമായ സാമൂഹിക അകലം പാലിച്ചുതന്നെയാണ് ഞങ്ങൾ ഇടപെട്ടത്. തെറ്റിദ്ധാരണയ്ക്ക് കാരണമായതിൽ ഖേദിക്കുന്നു എന്നായിരുന്നു നവൽദീപ് സിംഗ് ട്വിറ്ററിൽ കുറിച്ചത്.

കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ആരാധകനുമായി അടുത്ത് ഇടപെട്ടുവെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ഇന്ത്യന്‍ താരങ്ങളായ രോഹിത് ശര്‍മ, നവദീപ് സെയ്നി, റിഷഭ് പന്ത്, ശുഭ്മാന്‍ ഗില്‍, പൃഥ്വി ഷാ എന്നിവരെ ഐസോലേറ്റ് ചെയ്യാന്‍ ടീം മാനേജ്മെന്‍റ് തീരുമാനിച്ചിരുന്നു.

കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ക്രിക്കറ്റ് ഓസ്ട്രേലിയ കർശനമായ ബയോ–സെക്യുർ ബബിൾ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും, താരങ്ങൾക്ക് ഭക്ഷണം കഴിക്കുന്നതിന് പുറത്തുപോകാൻ വിലക്കില്ല. പക്ഷേ, മറ്റുള്ളവരിൽനിന്ന് അകന്ന് പ്രത്യേക സ്ഥലത്തേ ഇരിക്കാവൂ എന്നു മാത്രം. ആരാധകൻ ട്വീറ്റ് ചെയ്ത ചിത്രത്തിൽ താരങ്ങൾ മറ്റുള്ളവരിൽനിന്ന് മാറിയിരിക്കുന്നത് വ്യക്തമായിരുന്നുവെങ്കിലും താരങ്ങള്‍ ഭക്ഷണം കഴിച്ചതിന്‍റെ ബില്ല് അവരറിയാതെ താനാണ് അടച്ചതെന്നും ഇതറിഞ്ഞ് രോഹിത് ശര്‍മ അത് ശരിയല്ലെന്ന് പറഞ്ഞിരുന്നുവെന്നും ആരാധകന്‍ ട്വിറ്ററില്‍ കുറിച്ചിരുന്നു.

എന്നാല്‍ തന്‍റെ സന്തോഷത്തിനാണ് അങ്ങനെ ചെയ്തതെന്ന് അറിയിച്ചപ്പോള്‍ അവര്‍ സമ്മതിച്ചുവെന്നും പിന്നീട് താരങ്ങള്‍ക്കൊപ്പം സെല്‍ഫിയെടുത്തുവെന്നും ആരാധകന്‍ ട്വീറ്റ് ചെയ്തിരുന്നു. റിഷഭ് പന്ത് തന്നെ ആലിംഗനം ചെയ്തുവെന്നും കൂട്ടത്തില്‍ നവൽദീപ് സിംഗ് പറഞ്ഞിരുന്നു. ആരാഝകന്‍റെ ട്വീറ്റിന് പിന്നാലെ ഇന്ത്യന്‍ താരങ്ങളുടെ കൊവിഡ് ചട്ടലംഘനത്തെക്കുറിച്ച് ഡെയ്‌ലി ടെലഗ്രാഫ് വാര്‍ത്ത പ്രസിദ്ധീകരിക്കുകയും ചെയ്തു.

ഇതിന് പിന്നാലെ കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ പുറംലോകവുമായി സമ്പർക്കത്തിൽ വരാതെ കുറ്റമറ്റ രീതിയിൽ ബയോ–സെക്യുർ ബബിളിൽ കഴിയുന്ന താരങ്ങൾ, പുറത്ത് ഹോട്ടലിൽ പോവുകയും മറ്റുള്ളവരുമായി സമ്പർക്കം പുലർത്തുകയും ചെയ്തെന്ന വെളിപ്പെടുത്തൽ മറ്റു ചില ഓസീസ് മാധ്യമങ്ങളും ഏറ്റെടുത്തതോടെ സംഭവം വിവാദമാവുകയായിരുന്നു.

ജനുവരി ഏഴു മുതൽ സിഡ്നിയിലാണ് പരമ്പരയിലെ മൂന്നാം ടെസ്റ്റ്. അതിനുമുമ്പ് ഐസൊലേറ്റഅ ചെയ്ത താരങ്ങള്‍ക്ക് ടീമിനൊപ്പം ചേരാനാവുമോ എന്ന് വ്യക്തമല്ല.