ഇന്ത്യന്‍ ക്രിക്കറ്റില്‍ വിക്കറ്റ് കീപ്പര്‍മാരുടെ ധാരാളിത്തം ഉണ്ടെങ്കിലും ബാറ്റിംഗും കീപ്പിംഗും ഒരുപോലെ വഴങ്ങുന്നവര്‍ വിരളമാണ്

വിശാഖപട്ടണം: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഇതുവരെ സ്ഥിര സാന്നിധ്യമാകാന്‍ കഴിയാത്ത താരമാണ് മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍. ഒരു പരമ്പരയിലെ എല്ലാ മത്സരങ്ങളിലും സഞ്ജുവിന് അവസരം നല്‍കുന്ന പതിവ് ഇന്ത്യന്‍ മാനേജ്‌മെന്‍റിനില്ലാത്തത് താരത്തിന് തിരിച്ചടിയാവുന്നു എന്ന് വിമര്‍ശനങ്ങളേറെ. അതിനിടയിലാണ് ആഭ്യന്തര ക്രിക്കറ്റില്‍ സഞ്ജുവിന് ഫോം തുടര്‍ച്ച കണ്ടെത്താന്‍ കഴിയാതെ വരുന്നത്. രഞ്ജി ട്രോഫിയില്‍ ഛത്തീസ്ഗഢിനെതിരെ ആദ്യ ഇന്നിംഗ്സില്‍ നേടിയ ഫിഫ്റ്റി മൂന്നക്കത്തിലേക്ക് എത്തിക്കാന്‍ കഴിയാതെ പോയ സഞ‌്ജു രണ്ടാം ഇന്നിംഗ്സില്‍ ഏകദിന ശൈലിയില്‍ ബാറ്റ് ചെയ്തതെങ്കിലും അത് അധിക നേരം നീണ്ടില്ല. 

ഇന്ത്യന്‍ ക്രിക്കറ്റില്‍ വിക്കറ്റ് കീപ്പര്‍മാരുടെ ധാരാളിത്തം ഉണ്ടെങ്കിലും ബാറ്റിംഗും കീപ്പിംഗും ഒരുപോലെ വഴങ്ങുന്നവര്‍ വിരളമാണ്. പ്രധാന വിക്കറ്റ് കീപ്പറായ റിഷഭ് പന്ത് കാര്‍ അപകടത്തിന് ശേഷം രാജ്യാന്തര ക്രിക്കറ്റില്‍ തിരിച്ചെത്തിയിട്ടില്ല. കെ എല്‍ രാഹുലാവട്ടെ ടെസ്റ്റില്‍ സ്പെഷ്യലിസ്റ്റ് ബാറ്ററുടെ റോളിലാണ് കളിക്കുന്നത്. ഇഷാന്‍ കിഷന്‍ ടീം സെലക്ഷനിലുമില്ല. ഇതോടെ ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റിലും കീപ്പറുടെ ഗ്ലൗ അണിഞ്ഞത് കെ എസ് ഭരതായിരുന്നു. വിക്കറ്റിന് മുന്നിലും പിന്നിലും ഭരതിന്‍റെ മോശം പ്രകടനം ചോദ്യചിഹ്നമായി. അതേസമയം രഞ്ജി ട്രോഫിയില്‍ കേരളത്തിനായി കളിക്കുന്ന സഞ്ജു സാംസണ്‍ ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കിയ ശേഷം വാടിവീണു. ഛത്തീസ്ഗഢിനെതിരെ ആദ്യ ഇന്നിംഗ്സില്‍ അഞ്ചാമനായി ക്രീസിലെത്തിയ സഞ്ജു സാംസണ്‍ 72 പന്തില്‍ 57 റണ്‍സ് നേടിയിരുന്നു. രണ്ടാം ഇന്നിംഗ്സിലാവട്ടെ മത്സരം സമനിലയാക്കാനുള്ള നെട്ടോട്ടത്തിനിടെ അതിവേഗം സ്കോര്‍ ചെയ്ത് 25 ബോളില്‍ 24 റണ്‍സുമായി മടങ്ങി. ടീമിന് അനിവാര്യമായ ഘട്ടത്തില്‍ സഞ്ജു വേഗം സ്കോര്‍ ചെയ്തെങ്കിലും പെട്ടെന്ന് പുറത്തായത് തിരിച്ചടിയായി. 

ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയില്‍ മൂന്ന് മത്സരങ്ങള്‍ ഇനി അവശേഷിരക്കുന്നുണ്ട്. ഇതിനുള്ള ഇന്ത്യന്‍ സ്ക്വാഡിനെ സെലക്ടര്‍മാര്‍ പ്രഖ്യാപിക്കുന്നതേയുള്ളൂ. കെ എസ് ഭരതിന് പുറമെ ടീമിനൊപ്പമുള്ള ധ്രുവ് ജൂരെലിന് ഇതുവരെ അവസരം ലഭിച്ചില്ല. ജൂരെല്‍ അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ്. സ്ക്വാഡിലുള്ള മറ്റൊരു ബാറ്ററായ സര്‍ഫറാസ് ഖാനും വിക്കറ്റ് കീപ്പറുടെ റോള്‍ ചെയ്യുന്ന താരമാണ്. ഇതിനിടയിലേക്ക് തന്‍റെ പേര് ശക്തമായി മുന്നോട്ടുവെക്കാനുള്ള അവസരമാണ് സഞ്ജു സാംസണിന് നഷ്ടമായിരിക്കുന്നത്. 

Read more: ബാറ്റര്‍മാര്‍ നന്നായി തുടങ്ങിയെങ്കിലും വലിയ സ്‌കോര്‍ നേടാനായില്ല! സ്വന്തം പ്രകടനത്തെ കുറിച്ച് പറയാതെ രോഹിത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം