രോഹിത് ശർമയുടെ പിൻഗാമിയായി ശ്രേയസ് അയ്യരെ ഏകദിന ടീം നായകനാക്കുമെന്ന വാർത്തകൾ ബിസിസിഐ സെക്രട്ടറി ദേവ്ജിത് സൈക്കിയ തള്ളി.
മുംബൈ: രോഹിത് ശര്‍മയുടെ പിന്‍ഗാമിയായി ശ്രേയസ് അയ്യരെ ഏകദിന ടീം നായകനാക്കുമെന്ന വാര്‍ത്തകള്‍ തള്ളി ബിസിിസഐ സെക്രട്ടറി ദേവ്ജിത് സൈക്കിയ. ശ്രേയസ് അയ്യരെ ഏഷ്യാ കപ്പ് ടീമിലേക്ക് പരിഗണിക്കാതിരുന്നതിന് പിന്നാലെയാണ് ശ്രേയസിനെ ഏകദിന ക്യാപ്റ്റനാക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നത്. നിലവിലെ ക്യാപ്റ്റനായ രോഹിത് ശര്‍മ ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്നതോടെ ശ്രേയസിനെ ഏകദിനങ്ങളിലും ശുഭ്മാന്‍ ഗില്ലിനെ ടെസ്റ്റ്, ടി20 ടീമുകളുടെയും നായകനാക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്. അടുത്ത ടി20 ലോകകപ്പിന് മുമ്പ് സൂര്യകുമാര്‍ യാദവിന് ഗില്ലിനെ ടി20 നായകനായി പ്രഖ്യാപിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച വാര്‍ത്തകള്‍ ബിസിസിഐ സെക്രട്ടറി ദേവ്ജിത് സൈക്കിയ തള്ളി.
താനാദ്യമായാണ് ഇത്തരമൊരു കാര്യം കേള്‍ക്കുന്നതെന്നും അത്തരത്തിലുള്ള ഒരു ചര്‍ച്ചകളും നടക്കുന്നില്ലെന്നും ദേവ്ജിത് സൈക്കിയ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പ്രതികപരിച്ചു. അതേസമയം,ഏകദിന ടീമിന്‍റെ ക്യാപ്റ്റന്‍ സ്ഥാനത്തേക്കും ശുഭ്മാന്‍ ഗില്ലിനെ തന്നെയാണ് പരിഗണിക്കുന്നതെന്ന് ബിസിസിഐ വൃത്തങ്ങള്‍ സൂചന നല്‍കി. ടെസ്റ്റ് ടീം നായകനാണെന്നതിനാല്‍ ഗില്‍ തന്നെയായിരിക്കും സ്വാഭാവികമായും ഏകദിനങ്ങളിലും ക്യാപ്റ്റനെന്നും ബിസിസിഐ ഉന്നതൻ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു.
നിലവില്‍ ഏകദിന ടീമിൽ ശ്രേയസ് അവിഭാജ്യ ഘടകമാണ്. 2023ലെ ഏകദിന ലോകകപ്പിലും കഴിഞ്ഞ ചാമ്പ്യൻസ് ട്രോഫിയിലും ശ്രേയസ് മികവ് കാട്ടിയിരുന്നു. ഐപിഎല്ലില്‍ ക്യാപ്റ്റനെന്ന നിലയില്‍ ഡല്‍ഹിയെയും പഞ്ചാബിനെയും ഫൈനലിലെത്തിക്കുകയും കൊല്‍ക്കത്തക്ക് കിരീടം സമ്മാനിക്കുകയും ചെയ്തതോടെയാണ് ഏകദിന ടീം നായകനായി ശ്രേയസിനെ പരിഗണിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. എന്നാല്‍ മൂന്ന് ഫോര്‍മാറ്റിനും ഒറ്റ നായകനെന്ന നയത്തില്‍ ബിസിസിഐ ഉറച്ചുനിന്നാല്‍ ശ്രേയസിന് ഏകദിന നായക സ്ഥാനത്തേക്ക് പരിഗണിക്കാൻ സാധ്യതയില്ല. ഐപിഎല്ലില്‍ മികവ് കാട്ടിയിട്ടും ശ്രേയസിനെ ഏഷ്യാ കപ്പ് ടീമിലേക്ക് പരിഗണിക്കാതിരുന്നതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.
