മുംബൈ: അടുത്ത സീസണിലെ ഐ പി എല്ലിന് മുന്നോടിയായി മെഗാ താരലേലം ഉണ്ടായേക്കില്ലെന്ന് സൂചന. ഐപിഎല്ലില്‍ ടീമുകളുടെ എണ്ണം പത്താക്കി ഉയര്‍ത്തുന്നതിന്റെ ഭാഗമായി മെഗാ താരലേലം നടക്കുമെന്നായിരുന്നു നേരത്തേ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വരുന്ന സീസണില്‍ പുതിയ ടീമുകള്‍ ഉണ്ടാവില്ലെന്ന് ഏറക്കുറെ ഉറപ്പായതോടെയാണ് മെഗാ താരലേലം ഒഴിവാക്കുന്നത്. പകരം ഫെബ്രുവരിയില്‍ മിനി താരലേലം നടക്കും. ഇക്കാര്യങ്ങളില്‍ നാളെ നടക്കുന്ന ബിസിസിഐയുടെ വാര്‍ഷിക പൊതുയോഗത്തില്‍ തീരുമാനം ഉണ്ടായേക്കും.

2022 സീസണില്‍ ഫ്രാഞ്ചൈസികളുടെ എണ്ണം പത്താക്കാനാണ് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ തീരുമാനം. നാളെ അഹമ്മദാബാദില്‍ ചേരുന്ന ബിസിസിഐയുടെ വാര്‍ഷിക പൊതുയോഗത്തില്‍ ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വരും. ടീമുകളുടെ എണ്ണം കൂടിയാല്‍ ബിസിസിഐയില്‍ നിന്നും കിട്ടുന്ന വരുമാനത്തില്‍ ഇടിവ് സംഭവിക്കുമെന്ന് ഫ്രാഞ്ചൈസികള്‍ക്ക് ആശങ്കയുണ്ട്. 

മാത്രമല്ല, പുതിയ ടീമുകള്‍ കടന്നവരുമ്പോള്‍ മെഗാ ലേലം അനിവാര്യമായി മാറും. ഒന്നോ രണ്ടോ താരങ്ങളെ നിലനിര്‍ത്തി ബാക്കിയെല്ലാവരെയും മെഗാ ലേലത്തിന് വിട്ടുകൊടുക്കേണ്ടതായി വരും. പുതിയ സീസണിന് കഷ്ടിച്ച് നാലു മാസം ബാക്കിനില്‍ക്കെ ടീം പൊളിച്ചെഴുതി വീണ്ടും പണിതുയര്‍ത്തുക ബുദ്ധിമുട്ടുള്ള കാര്യമാണെന്നുള്ളതില്‍ സംശയമില്ല. 

എന്നാല്‍ ലേലം നടന്നില്ലെങ്കില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് പോലുള്ള ഒന്നോ രണ്ടോ ഫ്രാഞ്ചൈസികളെ ബാധിക്കുമെന്നും ചിന്തിക്കണം. ടീമില്‍ ഒട്ടുമിക്ക താരങ്ങള്‍ക്കും പ്രായം 30 കഴിഞ്ഞു. കഴിഞ്ഞ സീസണില്‍ യുവതാരങ്ങളുടെ അഭാവം പ്രകടമായിരുന്നു.