2022 ജനുവരിയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടെസ്റ്റ് പരമ്പര കളിച്ചുകഴിഞ്ഞ് ടീമില്‍ നിന്ന് പുറത്തായതോടെ അജിങ്ക്യ രഹാനെയുടെ ക്രിക്കറ്റ് കരിയർ അസ്തമിച്ചു എന്ന് പലരും വിധിയെഴുതി
മുംബൈ: ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ നിന്ന് പുറത്തായാല്‍ മടങ്ങിവരവിന് എന്ത് ചെയ്യും? അഭ്യന്തര ക്രിക്കറ്റിലേക്ക് തിരിച്ചുപോവുക, കഴിയാവുന്നത്ര മത്സരങ്ങള്‍ കളിക്കുക, ഫോം തെളിയിക്കുക. ഈ ക്രിക്കറ്റ് സിദ്ധാന്തത്തിന്‍റെ ക്ലാസിക് ഉദാഹരണമാണ് മധ്യനിര ബാറ്റർ അജിങ്ക്യ രഹാനെ. നീണ്ട ഒന്നര വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് മടങ്ങിയെത്തി തിളങ്ങിയ രഹാനെയെ വീണ്ടും വൈസ് ക്യാപ്റ്റന്‍റെ കസേരയില്‍ നിയമിച്ചിരിക്കുകയാണ് സെലക്ടർമാർ. ടെസ്റ്റ് ടീമില്‍ നിന്ന് പുറത്തായ ശേഷം ഏതൊരാളെയും അമ്പരപ്പിക്കുന്ന മടങ്ങിവരവാണ് രഹാനെ നടത്തിയിരിക്കുന്നത്.
ടെസ്റ്റ് വൈസ് ക്യാപ്റ്റന്‍സിലേക്കുള്ള അജിങ്ക്യ രഹാനെയുടെ മടങ്ങിവരവിന് അവിശ്വസനീയതയുടെ എല്ലാ സൗന്ദര്യവുമുണ്ട്. 2022 ജനുവരിയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടെസ്റ്റ് പരമ്പര കളിച്ചുകഴിഞ്ഞ് ടീമില്‍ നിന്ന് പുറത്തായതോടെ രഹാനെയുടെ ക്രിക്കറ്റ് കരിയർ അസ്തമിച്ചു എന്ന് പലരും വിധിയെഴുതി. എന്നാല്‍ രഞ്ജി ട്രോഫിയില്‍ മുംബൈക്കായി 11 ഇന്നിംഗ്‌സില്‍ 57.63 ശരാശരിയില്‍ 634 റണ്‍സുമായി തന്‍റെ ക്ലാസ് തെളിയിച്ച് രഹാനെ വിമർശനങ്ങള്‍ക്ക് തക്ക മറുപടി നല്‍കി. ഇതിന് ശേഷം ഐപിഎല്‍ പതിനാറാം സീസണില്‍ ചെന്നൈ സൂപ്പർ കിംഗ്സിനായി വെടിക്കെട്ട് ബാറ്റിംഗുമായി വീണ്ടും താരം ശ്രദ്ധിക്കപ്പെട്ടു. 14 കളിയില്‍ 172.49 എന്ന അമ്പരപ്പിക്കുന്ന സ്ട്രൈക്ക് റേറ്റിലും 32.60 ശരാശരിയിലും 326 റണ്‍സാണ് രഹാനെ അടിച്ചുകൂട്ടിയത്. ഇതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്ട്രേലിയക്കെതിരെ ടീമിലേക്ക് രഹാനെയെ തിരിച്ചുവിളിക്കാന്‍ സെലക്ടർമാർ നിർബന്ധിതരായി. മധ്യനിര ബാറ്റർമാരായ ശ്രേയസ് അയ്യർ, കെ എല്‍ രാഹുല്‍ എന്നിവരുടെ പരിക്ക് ഭേദമാകാതിരുന്നതോടെ രഹാനെയെ കൊണ്ടുവരിക എന്നത് മാത്രമായി ബിസിസിഐക്ക് മുന്നിലുള്ള പോംവഴി.
ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയതും തന്‍റെ പഴയ ക്ലാസും മാസും കാട്ടുന്ന അജിങ്ക്യ രഹാനെയാണ് ആരാധകർ കണ്ടത്. രഹാനെ ഓവലിലെ ഫൈനലില്‍ ഓസ്ട്രേലിയക്കെതിരെ മടങ്ങിവരവിലെ ആദ്യ ഇന്നിംഗ്‌സില്‍ 129 പന്തില്‍ 89 റണ്‍സുമായി ടീം ഇന്ത്യയുടെ ടോപ് സ്കോററായി. രണ്ടാം ഇന്നിംഗ്‌സിലും ടീമിനായി പ്രതിരോധ ചുമതല ഏറ്റെടുത്ത താരം 108 ബോളില്‍ 46 റണ്‍സെടുത്തതോടെ ടെസ്റ്റ് ടീമില്‍ വീണ്ടും സ്ഥാനമുറപ്പിച്ചു. ചേതേശ്വർ പൂജാരയൊക്കെ നിറംമങ്ങിയ കാലത്ത് ടെസ്റ്റ് ക്രിക്കറ്റിലെ രക്ഷകന്‍റെ റോള്‍ ഇപ്പോള്‍ രഹാനെയ്ക്കേ ചേരൂ എന്ന് ആരാധകർ ഇതോടെ തറപ്പിച്ചുപറഞ്ഞു. ഓവലിലെ പ്രകടനത്തിലും അവസാനിച്ചില്ല മടങ്ങിവരവിലെ രഹാനെയുടെ അത്ഭുതം. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ ടെസ്റ്റ് ടീമിലും രഹാനെയും പേര് തെളിഞ്ഞതോടെ ഇന്ത്യന്‍ ടീമില്‍ ലീഡർഷിപ്പ് ഗ്രൂപ്പിലേക്ക് താരം മടങ്ങിയെത്തുകയാണ്. കെ എല്‍ രാഹുലിന്‍റെയും ജസ്പ്രീത് ബുമ്രയുടേയും മടങ്ങിവരവ് വൈകുന്നതിനാല്‍ രഹാനെയെ ടെസ്റ്റ് വൈസ് ക്യാപ്റ്റന്‍ പദവി തിരികെ ഏല്‍പ്പിച്ചിരിക്കുകയാണ് ഇപ്പോള്‍ സെലക്ടർമാർ. ക്യാപ്റ്റന്‍സിയില്‍ മികച്ച റെക്കോർഡുള്ള താരം കൂടിയാണ് രഹാനെ.
ടെസ്റ്റ് കരിയറില്‍ 83 മത്സരങ്ങളില്‍ 38.97 ശരാശരിയില്‍ 12 സെഞ്ചുറികളും 26 അര്‍ധസെഞ്ചുറികളും സഹിതം 5066 റണ്‍സ് അജിങ്ക്യ രഹാനെയ്‌ക്കുണ്ട്. 188 ആണ് ഉയര്‍ന്ന സ്കോര്‍. വിന്‍ഡീസ് പര്യടനം കഴിഞ്ഞാല്‍ ഡിസംബറില്‍ മാത്രമേ ഇന്ത്യക്ക് ടെസ്റ്റ് പരമ്പരയുള്ളൂ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ നടക്കുന്ന ആ പരമ്പരയിലും രഹാനെ ഇന്ത്യന്‍ ടീമിലുണ്ടായാല്‍ അത്ഭുതപ്പെടാനില്ല.
Read more: സഞ്ജുവിന്‍റെ മടങ്ങിവരവ് ആഘോഷമാക്കി ആരാധകർ; ബിസിസിഐക്കും താരത്തിനും കടുപ്പത്തില്‍ ഉപദേശം

