ഹാമില്‍ട്ടൺ:  ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പിനുശേഷം എം എസ് ധോണി ഇന്ത്യക്കായി കളിച്ചിട്ടില്ല. ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചേക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ധോണി ഇതുവരെ മനസു തുറന്നിട്ടുമില്ല. ന്യൂസിലന്‍ഡില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം രണ്ടാം ടി20ക്കുശേഷം മൂന്നാം ടി20ക്ക് വേദിയാവുന്ന ഹാമില്‍ട്ടണിലേക്കുള്ള യാത്രയിലാണ്.

ഇതിനിടെ ടീം അംഗങ്ങളോട് കുശലാന്വേഷണം നടത്തിയ യുസ്‌വേന്ദ്ര ചാഹല്‍ തന്റെ പതിവ് പരിപാടിയായ ചാഹല്‍ ടിവിയുമായി രംഗത്തെത്തി. ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, ഋഷഭ് പന്ത്, കുല്‍ദീപ് യാദവ് എന്നിവരോടെല്ലാം ന്യൂസിലന്‍ഡനെക്കുറിച്ചുള്ള അഭിപ്രാം ആരാഞ്ഞശേഷം ചാഹല്‍ ടിവി നേരെ പോയത് ടീം ബസില്‍ ധോണിയുടെ ഇഷ്ടസീറ്റിലേക്കായിരുന്നു.

ടീം ബസിലെ ഏറ്റവും പുറകിലെ ജനാലയ്ക്കരികിലെ സീറ്റാണ് ധോണിയുടെ ഇഷ്ട സീറ്റെന്ന് ചാഹല്‍ പറഞ്ഞു. ധോണി ടീം വിട്ടശേഷം ആ സീറ്റില്‍ ആരും ഇരിക്കാറില്ല. ഇന്ത്യന്‍ ടീം ധോണിയെ വല്ലാതെ മിസ് ചെയ്യുന്നുവെന്നും ചാഹല്‍ പറഞ്ഞു.

ക്യാപ്റ്റനെന്ന നിലയില്‍ വിരാട് കോലി ടീം ബസിലെ ഏറ്റവും മുന്നിലുള്ള സീറ്റിലാണ് പതിവായി ഇരിക്കാറുള്ളത്. കോച്ച് രവി ശാസ്ത്രിയും കോലിക്കൊപ്പം ഇരിക്കാറുണ്ട്.