2011ല്‍ എം എസ് ധോണിയുടെ നേതൃത്വത്തില്‍ ഏകദിന ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിന് ബിസിസിഐ മുംബൈയില്‍ വിക്ടറി പരേഡ് ഒരുക്കിയിരുന്നു.

മുംബൈ: വനിതാ ഏകദിന ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ടീമിന് വിക്ടറി പരേഡുണ്ടാവുമോ എന്ന കാര്യത്തില്‍ നിലപാട് വ്യക്തമാക്കി ബിസിസിഐ. 2011ല്‍ എം എസ് ധോണിയുടെ നേതൃത്വത്തില്‍ ഏകദിന ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിന് ബിസിസിഐ മുംബൈയില്‍ വിക്ടറി പരേഡ് ഒരുക്കിയിരുന്നു. കഴി‍ഞ്ഞ വര്‍ഷം ദക്ഷിണാഫ്രിക്കയെ തോല്‍പിച്ച് ടി20 ലോകകപ്പ് നേടിയ രോഹിത ശര്‍മക്കും സംഘത്തിനും മുംബൈയില്‍ ബിസിസിഐ വിക്ടറി പരേഡ് നല്‍കിയിരുന്നു.

അതുപോലെ ഏകദിന ലോകകപ്പില്‍ ആദ്യമായി കിരീടം നേടിയ ഹര്‍മന്‍പ്രീതിനും സംഘത്തിനും വിക്ടറി പരേഡ് നല്‍കേണ്ടതാണെങ്കിലും നിലവില്‍ ബിസിസിഐ ഇക്കാര്യത്തെക്കുറിച്ച് ആലോചിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. നാളെ ദുബായില്‍ നടക്കുന്ന ഐസിസി ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുക്കാനുള്ള തിരക്കിലാണ് ബിസിസിഐ സെക്രട്ടറിയായ ദേവ്ജിത് സൈക്കിയ. ഹര്‍മന്‍പ്രീതിനും സംഘത്തിനും വിക്ടറി പരേഡ് ഉണ്ടാവുമോ എന്ന ചോദ്യത്തിന് നിലവില്‍ അത്തരത്തിലൊന്നും ആലോചിചിച്ചിട്ടില്ലെന്നായിരുന്നു വിമാനത്താവളത്തില്‍വെച്ച് മാധ്യമങ്ങള്‍ ഇക്കാര്യം ചോദിച്ചപ്പോള്‍ ബിസിസിഐ സെക്രട്ടറിയുടെ മറുപടി. നവംബര്‍ നാലു മുതല്‍ ഏഴ് വരെ ദുബായിലാണ് ഐസിസി യോഗം നടക്കുന്നത്.

ഏഷ്യാ കപ്പ് ട്രോഫി ഇന്ത്യക്ക് കൈമാറണമെന്ന ബിസിസിഐയുടെ ആവശ്യത്തില്‍ ഐസിസി എന്ത് നിലപാടെടുക്കുമെന്നതാണ് ഇപ്പോള്‍ ബിസിസിഐയുടെ മുന്നിലുള്ള പ്രധാന ആശങ്ക. ഈ സാഹചര്യത്തിലാണ് വിക്ടറി പരേഡനെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്ന് ദേവ്ജിത് സൈക്കിയ മറുപടി നല്‍കിയത്. ഏഷ്യാ കപ്പ് ട്രോഫി കൈമാറാൻ തയാറാവത്ത ഏഷ്യൻ ക്രിക്കറ്റ് കൗണ്‍സില്‍ അധ്യക്ഷന്‍ മൊഹ്സിന്‍ നഖ്‌വിക്കെതിരെ ബിസിസിഐ ശക്തമായ നിലപാടെടുക്കുമെന്നാണ് കരുതുന്നത്. വനിതാ ലോകകപ്പില്‍ കിരീടം നേടിയ ഇന്ത്യൻ ടീമിന് ഇന്നലെ തന്നെ ബിസിസിഐ 51 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ടി20 ലോകകപ്പില്‍ കിരിടം നേടിയ രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള പുരുഷ ടീമിന് 125 കോടി രൂപയായിരുന്നു ബിസിസിഐ പാരിതോഷികം നല്‍കിയത്.

ഐപിഎല്‍ കിരീടം നേടി ആര്‍സിബിയുടെ വിക്ടറി പരേഡിനിടെയുണ്ടായ ആള്‍ക്കൂട്ട ദുരന്തവും ലോകകപ്പ് ടീമിനെക്കൊണ്ട് വിക്ടറി പരേഡ് നടത്തിക്കുന്നതില്‍ നിന്ന് ബിസിസിഐയെ പിന്തരിപ്പിക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക