സെപ്തംബറിൽ ഇന്ത്യയിൽ വെച്ച് നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങും പങ്കെടുക്കും. ഗൽവാൻ അതിർത്തി സംഘർഷത്തിന് ശേഷം ഇതാദ്യമായാണ് ചൈനീസ് പ്രസിഡന്റ് ഇന്ത്യ സന്ദർശിക്കുന്നത് എന്നതിനാൽ ഈ ഉച്ചകോടിക്ക് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്
ദില്ലി: ആഗോള തലത്തിൽ സുപ്രധാന നയതന്ത്ര ചർച്ചകളുടെ വേദിയാകാൻ ഇന്ത്യ. വരുന്ന സെപ്തംബറിൽ ഇന്ത്യയിൽ വെച്ച് നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങും നേരിട്ട് പങ്കെടുക്കുമെന്ന് സ്ഥിരീകരിച്ചു. ഇരു നേതാക്കളുടെയും സാന്നിധ്യം ആഗോളതലത്തിൽ ഉറ്റുനോക്കപ്പെടുന്ന സുപ്രധാന നയതന്ത്ര ചർച്ചകൾക്ക് ഇന്ത്യയെ വേദിയാക്കുമെന്നാണ് പ്രതീക്ഷ. ഗൽവാൻ അതിർത്തി സംഘർഷത്തിന് ശേഷം ഇതാദ്യമായാണ് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഇന്ത്യ സന്ദർശിക്കുന്നത് എന്നതിനാൽ ഈ സന്ദർശനത്തിന് രാഷ്ട്രീയമായി വലിയ പ്രാധാന്യമുണ്ട്. ഉച്ചകോടിയിൽ ഇറാൻ, യു എ ഇ തുടങ്ങിയ രാജ്യങ്ങളിലെ ഭരണത്തലവന്മാരും പങ്കെടുത്തേക്കുമെന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന. പുടിന്‍റെ ചൈനീസ് സന്ദർശനത്തിനിടെയാണ് ഇരുവരും ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇന്ത്യയിലെത്തുമെന്ന കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്.

പുടിൻ - ഷി ജിൻപിങ് ചർച്ച ഇന്ന്
റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങും തമ്മിലുള്ള നിർണായക കൂടിക്കാഴ്ച ഇന്ന് നടക്കും. ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദ ഉടമ്പടിയുടെ ഇരുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് രണ്ടു ദിവസത്തെ സന്ദർശനത്തിനായാണ് പുടിൻ ചൈനയിലെത്തിയത്. ഇറാൻ സംഘർഷം, ഹോർമുസ് കടലിടുക്കിലെ സുരക്ഷാ നിയന്ത്രണങ്ങൾ, യുക്രൈൻ യുദ്ധം തുടങ്ങിയ ആഗോള രാഷ്ട്രീയ വിഷയങ്ങൾ കൂടിക്കാഴ്ചയിൽ പ്രധാന ചർച്ചയാകും. കൂടാതെ ഊർജ സുരക്ഷ, പുതിയ സൈബീരിയൻ ഗ്യാസ് പൈപ്പ്‌ലൈൻ പദ്ധതി എന്നിവയുൾപ്പെടെയുള്ള നാൽപ്പതോളം പുതിയ ഉഭയകക്ഷി കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പുവെക്കുമെന്നാണ് റിപ്പോർട്ടുകൾ. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ചൈനീസ് സന്ദർശനം കഴിഞ്ഞ് തൊട്ടുപിന്നാലെയാണ് പുടിന്റെ ഈ ചൈനീസ് പര്യടനം എന്നതുകൊണ്ട് തന്നെ ഇതിന് വലിയ അന്താരാഷ്ട്ര പ്രാധാന്യമുണ്ട്. അമേരിക്കയുമായുള്ള വ്യാപാര ബന്ധങ്ങൾ കൂടുതൽ ശക്തമാക്കാൻ ചൈന ശ്രമങ്ങൾ നടത്തുന്നതിനിടയിലാണ് റഷ്യൻ പ്രസിഡന്റിന്റെ ഈ സന്ദർശനം. പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധങ്ങൾക്കിടയിൽ റഷ്യയും ചൈനയും തമ്മിലുള്ള സാമ്പത്തിക-പ്രതിരോധ സഹകരണം കൂടുതൽ ദൃഢമാക്കാൻ ഈ കൂടിക്കാഴ്ച വഴിതുറക്കും.
