ഫറ്റോര്‍ഡ: ഐഎസ്എല്‍ ഫൈനലില്‍ മുംബൈ സിറ്റിയുടെ എതിരാളികള്‍ ആരെന്ന് ഇന്നറിയാം. രണ്ടാം സെമിഫൈനലില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് വൈകിട്ട് ഏഴരയ്ക്ക് നിലവിലെ ചാംപ്യന്‍മാരായ എടികെ മോഹന്‍ ബഗാനെ നേരിടും. ശനിയാഴ്ചയാണ് ഫൈനല്‍. കിരീടം നിലനിര്‍ത്തുകയാണ് എടികെ മോഹന്‍ ബഗാന്‍ ലക്ഷ്യം. ആദ്യ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിന്റെ ലക്ഷ്യം ആദ്യ ഐഎസ്എല്‍ ഫൈനലാണ്. ആദ്യപാദ സെമിയില്‍ ഇരുടീമും ഓരോ ഗോള്‍നേടി ഒപ്പത്തിനൊപ്പമായിരുന്നു. കളിതീരാന്‍ സെക്കന്‍ഡുകള്‍ മാത്രം ശേഷിക്കേയായിരുന്നു ഹൈലാന്‍ഡേഴ്‌സിന്റെ സമനിലഗോള്‍.

എടികെയെ മറികടന്നാല്‍ ഐ എസ് ഫൈനലിലേക്ക് ടീമിനെ നയിക്കുന്ന ആദ്യ ഇന്ത്യന്‍ പരിശീലകനെന്ന നേട്ടം ഖാലിദ് ജമീലിന് സ്വന്തമാവും. ഹൈലാന്‍ഡേഴ്‌സിനെ പോരാട്ടവീര്യമുള്ള സംഘമാക്കിയതാണ് ഖാലിദ് ജമീലിന്റെ മികവ്. കാസ കമാറ, ലൂയിസ് മച്ചാഡോ, ഫെഡറിക്കോ ഗാലഗോ, ഇഡ്രിസ സില്ല, മലയാളിതാരം വിപി സുഹൈര്‍ എന്നിവരുടെ പ്രകടനമാവും നോര്‍ത്ത് ഈസ്റ്റിന്റെ ഫൈനല്‍ പ്രവേശത്തില്‍ നിര്‍ണായകമാവുക. 

കഴിഞ്ഞ ആറ് സീസണിനിടെ മൂന്ന് തവണ ചാംപ്യന്മാരായ ടീമാണ് എടികെ. ഗോളടിവീരന്‍ റോയ് കൃഷ്ണയുടെയും മന്‍വീര്‍ സിംഗിന്റെയും സ്‌കോറിംഗ് മികവിനെ തടയുകയാവും ഹൈലാന്‍ഡേഴ്‌സിന്റെ ഏറ്റവും വലിയ വെല്ലുവിളി. ഇവര്‍ക്കൊപ്പം പ്രീതം കോട്ടാല്‍, ടിരി, പ്രണോയ് ഹാള്‍ഡര്‍, ലെന്നി റോഡ്രിഗസ്, മാര്‍സലീഞ്ഞോ, ഡേവിഡ് വില്യംസ് എന്നിവര്‍കൂടി ചേരുമ്പോള്‍ എടികെ അതിശക്തര്‍.