ദുലീപ് ട്രോഫി സെമിയിൽ സൗത്ത് സോണിനെതിരെ നോര്‍ത്ത് സോണ്‍ പൊരുതുന്നു. ഖജൂരിയയുടെ സെഞ്ചുറിയും നിശാന്ത് സിന്ധുവിന്റെ മികച്ച പ്രകടനവും നോര്‍ത്ത് സോണിന് തുണയായി. 

ബെംഗളൂരു: ദുലീപ് ട്രോഫി ഒന്നാം സെമി ഫൈനലില്‍ സൗത്ത് സോണിനെതിരെ ഒന്നാം ഇന്നിംഗ്‌സ് ലീഡിനായി നോര്‍ത്ത് സോണ്‍ പൊരുതുന്നു. മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ അഞ്ചിന് 278 എന്ന നിലയിലാണ് നോര്‍ത്ത് സോണ്‍. ഇപ്പോഴും 258 റണ്‍സ് പിറകിലാണ് അവര്‍. ശുഭം ഖജൂരിയ (128), സഹില്‍ ലോത്ര (1) എന്നിവരാണ് ക്രീസില്‍ സൗത്ത് സൗണിന് വേണ്ടി ഗുര്‍ജപ്‌നീത് രണ്ട് വിക്കറ്റ് വീഴ്ത്തി. മലയാളി താരം നിധീഷ് എം ഡിക്ക് ഒരു വിക്കറ്റുണ്ട്. നേരത്തെ, ടോസ് നേടിയ നോര്‍ത്ത് സോണ്‍, സൗത്ത് സോണിനെ ബാറ്റിംഗിനയക്കുകയായിരുന്നു.

ഒന്നാം ഇന്നിംഗ്‌സ് സ്‌കോര്‍ പിന്തുടര്‍ന്ന നോര്‍ത്ത് സോണിന്റെ തുടക്കം അത്ര നന്നായിരുന്നില്ല. 38 റണ്‍സിനിടെ അവര്‍ക്ക് അങ്കിത് കുമാര്‍ (6), യഷ് ദുള്‍ (14) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായി. പിന്നീട് അയുഷ് ബദോനി (40) - ഖജൂരിയ സഖ്യം 63 റണ്‍സ് കൂട്ടിചേര്‍ത്തു. ഈ കൂട്ടുകെട്ട് തകര്‍ച്ചയില്‍ നിന്ന് രക്ഷപ്പെടുത്താന്‍ സഹായിച്ചു. എന്നാല്‍ ബദോനിയെ പുറത്താക്കി നിധീഷ് സൗത്ത് സോണിന് ബ്രേക്ക് ത്രൂ നല്‍കി. എങ്കിലും നിശാന്ത് സിന്ധു (82) - ഖജൂരിയ സഖ്യം 171 റണ്‍സ് കൂട്ടിചേര്‍ത്തത് ടീമിന് ഗുണമായി. ഗുര്‍ജപ്‌നീതാണ് കൂട്ടുകെട്ട് പൊളിക്കുന്നത്. കന്നയ്യ വധാവന്‍ (0) റണ്ണൗട്ടായത് മൂന്നാം ദിനം നോര്‍ത്ത് സോണിന് തിരിച്ചടിയായി. ഇതിനിടെ ഖജൂരിയ സെഞ്ചുറി പൂര്‍ത്തിയാക്കി. ഒരു സിക്‌സും 20 ഫോറും ഉള്‍പ്പെടുന്നതാണ് ഇന്നിംഗ്‌സ്.

നേരത്തെ, 197 റണ്‍സെടുത്ത എന്‍ ജഗദീശനാണ് സൗത്ത് സോണിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ദേവ്ദത്ത് പടിക്കല്‍ (57), തനയ് ത്യാഗരാജന്‍ (58), റിക്കി ഭുയി (54) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. കേരള താരങ്ങളായ സല്‍മാന്‍ നിസാര്‍ (29), ക്യാപ്റ്റന്‍ മുഹമ്മദ് അസറുദ്ദീന്‍ (11) എന്നിവര്‍ക്ക് തിളങ്ങാനായില്ല. നോര്‍ത്ത് സോണിന് വേണ്ടി നിശാന്ത് സിന്ധു അഞ്ച് വിക്കറ്റ് വീഴ്ത്തി. തന്‍മയ് അഗര്‍വാളും (43) ജഗദീശനും മികച്ച തുടക്കമാണ് സൗത്ത് സോണിന് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ ഇരുവരും 103 റണ്‍സ് കൂട്ടിചേര്‍ത്തു. അഗര്‍വാളിനെ പുറത്താക്കി നിശാന്താണ് ടീമിന് ബ്രേക്ക് ത്രൂ നല്‍കിയത്.

തുര്‍ന്നെത്തിയ കര്‍ണാടകയുടെ മലയാളി താരം ദേവ്ദത്ത്, ജഗദീശന് വലിയ പിന്തുണ നല്‍കി. ഇരുവരും മൂന്നാം വിക്കറ്റില്‍ 128 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയ ഉടനെ ദേവ്ദത്ത് മടങ്ങി. അന്‍ഷൂല്‍ കാംബോജിനായിരുന്നു വിക്കറ്റ്. തുടര്‍ന്നെത്തിയ എം ആര്‍ കാലെ (15) തിളങ്ങാനാവാതെ മടങ്ങി. മൂന്നിന് 297 റണ്‍സെന്ന നിലയിലാണ് സൗത്ത് സോണ്‍ രണ്ടാം ദിനം ബാറ്റിംഗിനെത്തിയിരുന്നത്. അസറുദീന്റെ (11) വിക്കറ്റാണ് സൗത്ത് സോണിന് ആദ്യം നഷ്ടമായത്.

തലേ ദിവസത്തെ സ്‌കോറിനോട് ഒരു റണ്‍ പോലും ചേര്‍ക്കാന്‍ ക്യാപ്റ്റന് സാധിച്ചില്ല. പിന്നീട് ജഗദീശന്‍ - റിക്കി ഭുയി (54) സഖ്യം 87 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ഇരട്ട സെഞ്ചുറിക്കരികെ ജഗദീശന്‍ പുറത്തായത് തിരിച്ചടിയായി. രണ്ട് സിക്‌സും 16 ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്. സല്‍മാന്‍ നിസാര്‍ (29), ഗുര്‍ജപ്നീത് (29), കൗശിഷ് (11) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. നിധീഷ് എം ഡി (2) പുറത്താവാതെ നിന്നു. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം

സൗത്ത് സോണ്‍: തന്‍മയ് അഗര്‍വാള്‍, എന്‍ ജഗദീശന്‍ (വിക്കറ്റ് കീപ്പര്‍), ദേവദത്ത് പടിക്കല്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍ (ക്യാപ്റ്റന്‍), മോഹിത് കാലെ, റിക്കി ഭുയി, സല്‍മാന്‍ നിസാര്‍, തനയ് ത്യാഗരാജന്‍, ഗുര്‍ജപ്നീത് സിംഗ്, എം ഡി നിധീഷ്, വാസുകി കൗശിക്.

നോര്‍ത്ത് സോണ്‍: അങ്കിത് കുമാര്‍ (ക്യാപ്റ്റന്‍), ശുഭം ഖജൂറിയ, യാഷ് ദുല്‍, ആയുഷ് ബഡോണി, നിശാന്ത് സിന്ധു, കനയ്യ വധാവന്‍ (വിക്കറ്റ് കീപ്പര്‍), സഹില്‍ ലോത്ര, മായങ്ക് ദാഗര്‍, ഔഖിബ് നബി ദാര്‍, യുധ്വീര്‍ സിംഗ് ചരക്, അന്‍ഷുല്‍ കംബോജ്.

YouTube video player