സതാംപ്ടണ്‍: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിനെ നാണംകെടുത്തിയ പന്ത് ചുരണ്ടല്‍ വിവാദത്തിനുശേഷം സ്റ്റീവന്‍ സ്മിത്തും ഡേവിഡ് വാര്‍ണറും നിരന്തരം പരിഹാസം നേരിട്ടിരുന്നു. കഴിഞ്ഞ ഏകദിന ലോകകപ്പിലും ആഷസ് പരമ്പരയിലും താരങ്ങള്‍ ഇംഗ്ലീഷ് ആരാധകരുടെ പരിഹാസത്തിന് ഇരയായി. ഇപ്പോള്‍ ഇംഗ്ലണ്ടിലാണ് ഇരുവരും. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര കളിച്ചുകൊണ്ടിരിക്കുകയാണ് താരങ്ങള്‍.

കൊറോണക്കാലമായതിനാല്‍ കാണികളില്ലാത്ത സ്‌റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടത്തുന്നത്. ഇതിനിടെ രസകരമായ കാര്യം വ്യക്തമാക്കിയിരിക്കുയാണ് വാര്‍ണര്‍. ഇംഗ്ലണ്ടില്‍ കാണികളുടെ പരിഹാസവും കൂവലുമില്ലാത കളിക്കുന്നത് ആദ്യമായിട്ടാണെന്നാണ് വാര്‍ണര്‍ പറയുന്നത്. ഓസ്‌ട്രേലിയ ഇംഗ്ലണ്ട് ഒന്നാം ട്വന്റി20 മത്സരത്തിനു ശേഷമാണ് വാര്‍ണറിന്റെ പ്രതികരണം. ''ഒരുതരത്തില്‍ നോക്കിയാല്‍ ഇത് തീര്‍ത്തും അപരിചിതമായ അനുഭവമാണെങ്കിലും, കാണികളുടെ പരിഹാസമില്ലാതെ ഇവിടെ കളിക്കുന്നത് ആദ്യമായിട്ടാണ്.'' വാര്‍ണര്‍ പറഞ്ഞു.

കോവിഡ് വ്യാപനത്തിനുശേഷം ഇതാദ്യമായാണ് ഓസ്‌ട്രേലിയ കളത്തിലിറങ്ങുന്നത്. സതാംപ്ടണില്‍ നടന്ന ഒന്നാം ട്വന്റി20യില്‍ ഓസ്‌ട്രേലിയ ഇംഗ്ലണ്ടിനോട് രണ്ടു റണ്‍സിന് തോറ്റിരുന്നു. രണ്ടാം ടി20 ഇന്ന് നടക്കും.