ടി20 ക്രിക്കറ്റില്‍ നോ ബോൾ എറിയുക എന്നത് വലിയ കുറ്റമാണ്. പവർപ്ലേ ഓവറുകളിൽ ബാറ്റിംഗിലും ബൗളിംഗിലും ഇന്ത്യ മോശം പ്രകടനമാണ് കാഴ്ചവെച്ചത്. അടിസ്ഥാന പാഠങ്ങള്‍ പോലും നമ്മള്‍ മറന്നു. രാജ്യാന്തര തലത്തിൽ ഇത്തരം പിഴവുകള്‍ സംഭവിക്കാന്‍ പാടില്ല.

പൂനെ: ശ്രീലങ്കക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഹാട്രിക് നോ ബോള്‍ എറിഞ്ഞതിന് പേസര്‍ അര്‍ഷ്ദീപ് സിംഗിനെ കുറ്റപ്പെടുത്തുന്നില്ലെന്ന് ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ. അര്‍ഷ്ദീപിനെ കുറ്റപ്പെടുത്തുന്നില്ലെങ്കിലും ടി20 ക്രിക്കറ്റില്‍ അടിസ്ഥാന പാഠങ്ങള്‍ പോലും മറന്ന് നോ ബോള്‍ എറിയുക എന്നത് വലിയൊരു കുറ്റം തന്നെയാണെന്നും ഹാര്‍ദ്ദിക് പറഞ്ഞു.

ഹാട്രിക് നോ ബോള്‍ അടക്കം മത്സരത്തിലാകെ അഞ്ച് നോ ബോളുകളാണ് അര്‍ഷ്ദീപ് എറിഞ്ഞത്. ഇതിന് പുറമെ പേസര്‍മാരായ ഉമ്രാന്‍ മാലിക്കും ശിവം മാവിയും ഓരോ നോ ബോളുകള്‍ വീതം എറിഞ്ഞിരുന്നു. ഇതോടെ ശ്രീലങ്കക്ക് ഏഴ് പന്തുകളാണ് അധികമായി ലഭിച്ചത്. മത്സരത്തില്‍ ആകെ 12 എക്സ്ട്രാ റണ്ണാണ് ഇന്ത്യ വഴങ്ങിയത്. മത്സരത്തില്‍ ഇന്ത്യ തോറ്റതാകട്ടെ 16 റണ്‍സിനും.

മുമ്പും അര്‍ഷ്ദീപ് നോ ബോളുകൾ എറിഞ്ഞിട്ടുണ്ടെന്നും മത്സരശേഷം ഹാര്‍ദ്ദിക് പറ‌ഞ്ഞു. എങ്കിലും ഇന്നലത്തെ തോല്‍വിക്ക് അര്‍ഷ്ദീപിനെ കുറ്റപ്പെടുത്താനില്ല, പക്ഷേ ടി20 ക്രിക്കറ്റില്‍ നോ ബോൾ എറിയുക എന്നത് വലിയ കുറ്റമാണ്. പവർപ്ലേ ഓവറുകളിൽ ബാറ്റിംഗിലും ബൗളിംഗിലും ഇന്ത്യ മോശം പ്രകടനമാണ് കാഴ്ചവെച്ചത്. അടിസ്ഥാന പാഠങ്ങള്‍ പോലും നമ്മള്‍ മറന്നു. രാജ്യാന്തര തലത്തിൽ ഇത്തരം പിഴവുകള്‍ സംഭവിക്കാന്‍ പാടില്ല.

ഹാട്രിക് നോബോള്‍ എറിയാനും ഒരു റേഞ്ച് വേണം; അര്‍ഷ്‌ദീപ് സിംഗിനെ പൊരിച്ച് ആരാധകര്‍

ഒരു കളിക്കാരന് മോശം ദിവസമുണ്ടായേക്കാം. പക്ഷെ അടിസ്ഥാന പാഠങ്ങള്‍ അപ്പോഴും പിഴയ്ക്കരുത്. സൂര്യകുമാറിന് പകരം രാഹുല്‍ ത്രിപാഠിയെ മൂന്നാം നമ്പറിലിറക്കാന്‍ കാരണം, അദ്ദേഹത്തിന് അനുയോജ്യമായ ബാറ്റിംഗ് പൊസിഷന്‍ നല്‍കാനായിരുന്നുവെന്നും പാണ്ഡ്യ മത്സരശേഷം വ്യക്തമാക്കി.

ഇന്നലത്തെ മത്സരത്തില്‍ മാത്രം അഞ്ച് നോ ബോള്‍ എറിഞ്ഞതോടെ ടി20യിൽ ഇന്ത്യക്കായി ഒരു ഓവറിൽ ഏറ്റവുമധികം നോ ബോൾ എറിഞ്ഞ താരമെന്ന നാണക്കേട് 23 കാരനായ അർഷ്ദീപിന്‍റെ പേരിലായിരുന്നു. കഴിഞ്ഞ വർഷം ഹോങ്കോങ്ങിനെതിരെയും അര്‍ഷ്ദീപ് രണ്ട് നോ ബോളുകൾ എറിഞ്ഞിരുന്നു. ടി20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ നാളെ ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടും.