കഴി‍ഞ്ഞ ഐപിഎല്ലിലെ മുംബൈ ഇന്ത്യൻസിന്‍റെ മോശം പ്രകടനത്തിന് പിന്നാലെയാണ് ഹാർദിക് ടീം വിട്ടേക്കുമെന്ന വാർത്തകൾ ശക്തമായത്.

ചെന്നൈ: ഐപിഎൽ ട്രേഡിംഗ് വിൻഡോ ചൂടുപിടിക്കുന്നതിനിടെ മുംബൈ ഇന്ത്യൻസ് നായകൻ ഹാർദ്ദിക് പാണ്ഡ്യയുടെ പുതിയ ഫ്രാഞ്ചൈസിയെക്കുറിച്ച് സൂചന നൽകി മുൻ ഇന്ത്യൻ താരം ആർ. അശ്വിൻ. ഹാർദ്ദിക് പാണ്ഡ്യ ചെന്നൈ സൂപ്പർ കിംഗ്സിലേക്ക് മാറാനുള്ള സാധ്യതകൾ വളരെ കുറവാണെന്നും താരം രാജസ്ഥാൻ റോയൽസിലേക്ക് ചേക്കേറാനാണ് കൂടുതൽ സാധ്യതയെന്നും അശ്വിൻ തന്‍റെ യുട്യൂബ് ചാനലില്‍ പറഞ്ഞു.

കഴി‍ഞ്ഞ ഐപിഎല്ലിലെ മുംബൈ ഇന്ത്യൻസിന്‍റെ മോശം പ്രകടനത്തിന് പിന്നാലെയാണ് ഹാർദിക് ടീം വിട്ടേക്കുമെന്ന വാർത്തകൾ ശക്തമായത്. 14 മത്സരങ്ങളിൽ നിന്ന് 4 ജയം മാത്രം നേടി 9-ാം സ്ഥാനത്താണ് മുംബൈ സീസൺ അവസാനിപ്പിച്ചത്. 16.35 കോടി രൂപയ്ക്ക് നിലനിർത്തിയ ഹാർദിക്കിന് കഴിഞ്ഞ സീസണിൽ 10 മത്സരങ്ങളിൽ നിന്ന് 206 റൺസും 4 വിക്കറ്റും മാത്രമാണ് നേടാനായത്. എം.എസ്. ധോണി വ്യക്തിപരമായി ഇടപെട്ട് ഹാർദിക്കിനെ സിഎസ്കെയിൽ എത്തിക്കുമെന്ന പ്രചാരണങ്ങളെക്കുറിച്ചും അശ്വിന്‍ പ്രതികരിച്ചു.

ഹാർദ്ദിക്കിനെ സിഎസ്കെയിലേക്ക് കൊണ്ടുവരാൻ ധോണി നേരിട്ട് സംസാരിക്കുമെന്ന ചർച്ചകൾ നടക്കുന്നുണ്ട്. ഹാര്‍ദ്ദിക് വന്നാല്‍ സിഎസ്കെക്ക് മുതല്‍ക്കൂട്ടാകുമെന്ന കാര്യത്തില്‍ സംശയമില്ല. എന്നാൽ എന്‍റെ അഭിപ്രായത്തിൽ അത് നടക്കാൻ സാധ്യതയില്ലാത്ത കാര്യമാണ്. തനിക്ക് ലഭിച്ച വിവരങ്ങൾ അനുസരിച്ച് ഹാർദ്ദിക്കിനായുള്ള മത്സരത്തിൽ മുൻപന്തിയിലുള്ളത് രാജസ്ഥാൻ റോയൽസാണെന്നും അശ്വിൻ പറഞ്ഞു.

ഹാർദ്ദിക് ചെന്നൈയിലെത്താനുള്ള സാധ്യത മങ്ങാൻ മറ്റൊരു കാരണം കൂടിയുണ്ട്. സ്റ്റീഫൻ ഫ്ലെമിംഗിന് പകരം സഹീർ ഖാൻ അടുത്തിടെയാണ് ചെന്നൈ സൂപ്പർ കിംഗ്സിന്‍റെ ഹെഡ് കോച്ചായി ചുമതലയേറ്റത്. മുംബൈ ഇന്ത്യൻസിൽ ഒന്നിച്ചുള്ള സമയത്ത് സഹീർ ഖാനും ഹാർദ്ദിക്കും തമ്മിലുണ്ടായിരുന്ന അഭിപ്രായവ്യത്യാസങ്ങൾ ചെന്നൈയിലേക്കുള്ള വഴി അടയ്ക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ.

രാജസ്ഥാൻ റോയൽസിന് പുറമേ, അജിങ്ക്യ രഹാനെ വിരമിച്ചതിനെ തുടർന്ന് പുതിയ ക്യാപ്റ്റനെ തിരയുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സും ലക്നൗ സൂപ്പർ ജയന്‍റ്സും ഹാർദ്ദിക്കിനായി രംഗത്തുണ്ടെന്നാണ് വിവരം. അതേസമയം, നവംബർ 15-നാണ് ഫ്രാഞ്ചൈസികൾ നിലനിർത്തുന്ന കളിക്കാരുടെ പട്ടിക സമർപ്പിക്കേണ്ട അവസാന തീയതി. ഡിസംബറിൽ നടക്കുന്ന മിനി ലേലത്തിന് തൊട്ടുമുമ്പ് വരെ ട്രേഡിംഗ് വിൻഡോ തുറന്നിരിക്കും. എന്നാൽ പുതിയ ഹെഡ് കോച്ചിനെ പ്രഖ്യാപിക്കുന്നതിന് മുൻപ് ഹാർദിക്കിനെപ്പോലൊരു സീനിയർ താരത്തെ വിറ്റഴിക്കാൻ മുംബൈ മാനേജ്‌മെന്‍റ് തയ്യാറാകുമോ എന്നത് കണ്ടറിയണം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക