ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ പരിക്കേറ്റ റിഷഭ് പന്തിന് പകരക്കാരനായി ഇഷാന്‍ കിഷനെ പരിഗണിച്ചിരുന്നെങ്കിലും കണങ്കാലിന് പരിക്കേറ്റതിനാൽ കിഷനും കളിക്കാനാകില്ല. 

മുംബൈ: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ പരിക്കേറ്റ റിഷഭ് പന്തിന്‍റെ പകരക്കാരനാവാന്‍ ഇഷാന്‍ കിഷനില്ല. റിഷഭ് പന്തിന് പരിക്കേറ്റ പശ്ചാത്തലത്തില്‍ പകരക്കാരനായി ഇഷാന്‍ കിഷനെ ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ ബന്ധപ്പെട്ടെങ്കിലും കണങ്കാലിന് പരിക്കേറ്റ് വിശ്രമത്തിലായതിനാല്‍ ടീമിനൊപ്പം ചേരാനാവില്ലെന്ന് അറിയിക്കുകയായിരുന്നു. ഇതോടെ ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റില്‍ ധ്രുവ് ജുറെലിനെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കുമ്പോള്‍ രണ്ടാം വിക്കറ്റ് കീപ്പറായി ആരെ പരിഗണിക്കണമെന്ന ആശയക്കുഴപ്പത്തിലാണ് സെലക്ഷൻ കമ്മിറ്റി.

അടുത്തിടെ കൗണ്ടി ക്രിക്കറ്റില്‍ കളിച്ച ഇഷാന്‍ കിഷൻ 2023ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ആണ് ഇന്ത്യക്കായി അവസാനം ടെസ്റ്റില്‍ കളിച്ചത്. എന്നാല്‍ കൗണ്ടി ക്രിക്കറ്റില്‍ കളിച്ചശേഷം നാട്ടില്‍ തിരിച്ചെത്തിയ കിഷന്‍ സ്കൂട്ടിയില്‍ നിന്ന് വീണ് കാലില്‍ പരിക്കേറ്റ് ഇടം കാലില്‍ 10 തുന്നലുകളിട്ട് വിശ്രമത്തിലാണ് എന്നാണ് റിപ്പോര്‍ട്ട്.

ഇഷാന്‍ കിഷനെ പരിഗണിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ തമിഴ്നാട് വിക്കറ്റ് കീപ്പറായ എന്‍ ജഗദീശനെ അവസാന ടെസ്റ്റിനുള്ള ടീമില്‍ ഉള്‍പ്പെടുത്തുമെന്ന് സൂചനയുണ്ട്. തമിഴ്നാടിനായി 52 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ച ജഗദീശന്‍ 47.50 ശരാശരിയില്‍ 10 സെ‍ഞ്ചുറികളും 14 അര്‍ധസെഞ്ചുറികളും അടക്കം 3373 റണ്‍സടിച്ചിട്ടുണ്ട്. കഴിഞ്ഞ രഞ്ജി സീസണില്‍ രണ്ട് സെഞ്ചുറിയും അഞ്ച് അര്‍ധസെഞ്ചുറിയും അടക്കം 56.16 ശരാശരിയില്‍ 674 റണ്‍സും ജഗദീശന്‍ നേടി. കഴിഞ്ഞ രഞ്ജി സീസണില്‍ വിക്കറ്റ് കീപ്പര്‍മാരില്‍ വിദര്‍ഭയുടെ അക്ഷയ് വാഡ്കര്‍ മാത്രമാണ് ജഗദീശനെക്കാള്‍ റണ്‍ നേടിയ ബാറ്റര്‍. ഐപിഎല്ലില്‍ രണ്ട് സീസണുകളിലായി കൊല്‍ക്കത്തക്കുവേണ്ടി 73 റണ്‍സും ചെന്നൈക്കും വേണ്ടി 89 റണ്‍സും ജഗദീശന്‍ നേടി. ജൂലൈ 31 മുതല്‍ കെന്നിംഗ്ടണ്‍ ഓവലിലാണ് ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക