ബാറ്റർമാരുടെ പറുദീസയായി അറിയപ്പെടുന്ന ടി20 ലോകകപ്പിന്‍റെ ചരിത്രത്തിൽ നിരവധി റെക്കോർഡുകൾ പിറന്നിട്ടുണ്ടെങ്കിലും, ഇന്ത്യൻ ആരാധകരെ അത്ഭുതപ്പെടുത്തുന്ന ഒരു വസ്തുതയുണ്ട്.

:മുംബൈ: രാജ്യാന്തര ക്രിക്കറ്റിലെ ആവേശപ്പോരാട്ടമായ ടി20 ലോകകപ്പിന്‍റെ പത്താം പതിപ്പിന് ഫെബ്രുവരി ഏഴിന് കൊടിയേറുകയാണ്. ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ഈ ടൂർണമെന്‍റിൽ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ കിരീടം നിലനിർത്താനുറച്ചാകും കളത്തിലിറങ്ങുക. 2007-ൽ എം എസ് ധോണിക്ക് കീഴില്‍ പ്രഥമ കിരീടം ചൂടിയ ഇന്ത്യ, നീണ്ട ഇടവേളയ്ക്ക് ശേഷം 2024-ലാണ് വീണ്ടും വിശ്വകിരീടത്തിൽ മുത്തമിട്ടത്.

ബാറ്റർമാരുടെ പറുദീസയായി അറിയപ്പെടുന്ന ടി20 ലോകകപ്പിന്‍റെ ചരിത്രത്തിൽ നിരവധി റെക്കോർഡുകൾ പിറന്നിട്ടുണ്ടെങ്കിലും, ഇന്ത്യൻ ആരാധകരെ അത്ഭുതപ്പെടുത്തുന്ന ഒരു വസ്തുതയുണ്ട്. ഇന്ത്യയുടെ ബാറ്റിംഗ് കരുത്തരായ വിരാട് കോലിയോ രോഹിത് ശർമയോ ഇതുവരെ ടി20 ലോകകപ്പിൽ ഒരു സെഞ്ചുറി നേടിയിട്ടില്ല. ലോകകപ്പ് ചരിത്രത്തിൽ ഇന്ത്യക്കായി മൂന്നക്കം തികച്ച ഏക താരം മുൻ ഇടങ്കയ്യൻ ബാറ്റർ സുരേഷ് റെയ്‌ന മാത്രമാണ്.

2010-ലെ ആ റെക്കോര്‍ഡ് പ്രകടനം

2010-ൽ വെസ്റ്റ് ഇൻഡീസിൽ നടന്ന ലോകകപ്പിലായിരുന്നു റെയ്‌നയുടെ ഈ അപൂർവ്വ നേട്ടം. മെയ് രണ്ടിന് സെന്‍റ് ലൂസിയയിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന ഗ്രൂപ്പ് സി മത്സരത്തിൽ റെയ്‌ന ടൂർണമെന്‍റിലെ തന്നെ മികച്ച ഇന്നിംഗ്‌സുകളിലൊന്ന് പുറത്തെടുത്തു. 60 പന്തിൽ 101 റൺസെടുത്ത റെയ്ന 59 പന്തിലാണ് സെഞ്ചുറി തികച്ചത്. 9 ഫോറും 5 സിക്സറുകളും അടങ്ങുന്നതായിരുന്നു റെയ്നയുടെ ഇന്നിംഗ്സ്. റെയ്‌നയുടെ വെടിക്കെട്ട് ബാറ്റിംഗിന്‍റെ കരുത്തിൽ ഇന്ത്യ അന്ന് 186 റൺസ് അടിച്ചുകൂട്ടി. മറുപടി ബാറ്റിംഗിൽ ദക്ഷിണാഫ്രിക്കയെ 172 റൺസിലൊതുക്കിയ ഇന്ത്യ 14 റൺസിന്‍റെ ആവേശജയം സ്വന്തമാക്കുകയും ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക