കൊളംബോ: അടുത്ത മാസം ശ്രീലങ്കയില്‍ നടക്കേണ്ടിയിരുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റ് നിലവിലെ സാഹചര്യത്തില്‍ നടത്താനാകില്ലെന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് തലവന്‍ ആഷ്‌ലി ഡിസില്‍വ വ്യക്തമാക്കി. കൊവിഡ് 19 ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലും നിയന്ത്രണാതീതമായി തുടരുന്ന സാഹചര്യത്തിലാണിത്.

കഴിഞ്ഞവര്‍ഷം ജൂണില്‍ നടക്കേണ്ട ടൂര്‍ണമെന്‍റ് കൊവിഡിനെത്തുടര്‍ന്നാണ് ഈ വര്‍ഷത്തേക്ക് മാറ്റിയത്. കഴിഞ്ഞ വര്‍ഷം ഓസ്ട്രേലിയയില്‍ നടക്കേണ്ടിയിരുന്ന ടി20 ലോകകപ്പിന് മുന്നോടിയായാണ് ഏഷ്യാ കപ്പ് നടത്താനിരുന്നത്. പാക്കിസ്ഥാനായിരുന്നു ആതിഥേയര്‍. എന്നാല്‍ പിന്നീട് ശ്രീലങ്കയുമായി ആതിഥേയത്വം വെച്ചുമാറി.  

കൊവിഡിനെത്തുടര്‍ന്ന് ടി20 ലോകകപ്പ് മാറ്റിവെച്ചതോടെയാണ് കഴിഞ്ഞ വര്‍ഷത്തെ ടൂര്‍ണമെന്‍റ് ഈ വര്‍ഷം ജൂണിലേക്ക് മാറ്റിയത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ടൂര്‍ണമെന്‍റ് നടത്തുക സാധ്യമല്ലെന്നും 2023ലെ ഏകദിന ലോകകപ്പിനുശേഷം ഏഷ്യാ കപ്പ് നടത്തുന്നതിനെക്കുറിച്ച് ആലോചിക്കാനാവൂവെന്നും ഡിസില്‍വ പറഞ്ഞു.

2018ല്‍ യുഎഇയിലാണ് അവസാനമായി ഏഷ്യാ കപ്പ് നടന്നത്. ദിനേശ് കാര്‍ത്തിക്കിന്‍റെ അവസാന ഓവറിലെ വെടിക്കെട്ട് പ്രകടനത്തിന്‍റെ കരുത്തില്‍ ഫൈനലില്‍ രോഹിത് ശര്‍മയുടെ നേതൃത്വത്തില്‍ ഇറങ്ങിയ ഇന്ത്യ ബംഗ്ലാദേശിനെ മൂന്ന് വിക്കറ്റിന് തോല്‍പ്പിച്ച് കിരീടം നേടിയിരുന്നു. അവസാന പന്തില്‍ സിക്സര്‍ പറത്തിയാണ് കാര്‍ത്തിക് ഇന്ത്യക്ക് ജയം സമ്മാനിച്ചത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona