2017ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ അടക്കം ഇന്ത്യയെ പലവട്ടം വിറപ്പിച്ച പാകിസ്ഥാന്‍ പേസറാണ് മുഹമ്മദ് ആമിര്‍

ഇസ്‌ലാമാബാദ്: പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിലേക്ക് (Pakistan Cricket Team) തിരിച്ചുവരുമോ എന്ന് പറയാനാകില്ലെന്ന് പേസര്‍ മുഹമ്മദ് ആമിര്‍ (Mohammad Amir). ആത്മാഭിമാനം ആണ് വലുതെന്നും അവസരത്തിനായി ആരുടെയും വാതിലില്‍ മുട്ടിവിളിക്കില്ലെന്നും ഇരുപത്തിയൊമ്പതുകാരനായ ആമിര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

ഇന്ത്യക്കെതിരെ വീണ്ടും പന്തെറിയുമോ? 

2017ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ അടക്കം ഇന്ത്യയെ പലവട്ടം വിറപ്പിച്ച പാകിസ്ഥാന്‍ പേസറാണ് മുഹമ്മദ് ആമിര്‍. ദേശീയ ടീം പരിശീലകരോട് ഇടഞ്ഞ് 28-ാം വയസില്‍ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച മുഹമ്മദ് ആമിര്‍ ട്വന്‍റി 20 ലീഗുകളില്‍ ഇപ്പോഴും മിന്നും ഫോമിലാണ്. ഇന്ത്യക്കെതിരെ ഒരിക്കല്‍ കൂടി പന്തെടുക്കുമോ എന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ... 'ഇന്ത്യക്കെതിരെ കളിക്കണമെങ്കില്‍ വിരമിക്കല്‍ പിന്‍വലിച്ച് തിരിച്ചുവരണം. സത്യസന്ധമായി പറഞ്ഞാല്‍ അതിനെ കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ല. കുടുംബത്തോടൊപ്പം ചിലവഴിക്കുന്നതിനും ഫ്രാഞ്ചൈസി ലീഗുകളില്‍ കളിക്കുന്നതിനുമാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നത്'. 

ലോകകപ്പ് സെമിയിൽ ക്യാച്ച് കൈവിട്ട പാക് താരം ഹസന്‍ അലിക്കെതിരായ സൈബര്‍ ആക്രമണം അപലപനീയമെന്നും ആമിര്‍ വ്യക്തമാക്കി. അതിവേഗം ആവേശം വിതറുന്ന ടി10 ഫോര്‍മാറ്റ് ഒളിംപിക്സിന് അനുയോജ്യമെന്നും ആമിര്‍ പറഞ്ഞു. 

പേസും കൃത്യതയും കൊണ്ട് 2009ലെ ടി20 ലോകകപ്പിലായിരുന്നു അന്താരാഷ്‌ട്ര ക്രിക്കറ്റിലേക്ക് മുഹമ്മദ് ആമിറിന്‍റെ രംഗപ്രവേശം. അതേ വര്‍ഷം തന്നെ ഏകദിനത്തിലും ടെസ്റ്റിലും പാക് കുപ്പായമണിഞ്ഞു. 36 ടെസ്റ്റ് മത്സരങ്ങളില്‍ 119 വിക്കറ്റും 61 ഏകദിനങ്ങളില്‍ 81 വിക്കറ്റും 50 രാജ്യാന്തര ടി20കളില്‍ 59 വിക്കറ്റും ആമിര്‍ പേരിലാക്കി. ടെസ്റ്റില്‍ നാലും ഏകദിനത്തില്‍ ഒരു തവണയും അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി. ഇതിനൊപ്പം ടെസ്റ്റില്‍ 751ഉം ഏകദിനത്തില്‍ 363ഉം രാജ്യാന്തര ടി20യില്‍ 59ഉം റണ്‍സ് സമ്പാദ്യം. 

ഹസന്‍ അലി കൈവിട്ട ക്യാച്ചും പുകിലും...

ടി20 ലോകകപ്പ് സെമിയില്‍ ഓസ്‌ട്രേലിയന്‍ ബാറ്റര്‍ മാത്യൂ വെയ്‌ഡിന്‍റെ നിര്‍ണായക ക്യാച്ച് കൈവിട്ടതില്‍ പാക് പേസര്‍ ഹസന്‍ അലിക്കും കുടുംബത്തിനുമെതിരെ സൈബര്‍ ആക്രമണം വ്യാപകമായിരുന്നു. ക്യാച്ച് അലി കൈവിട്ടതോടെ ജീവന്‍ കിട്ടിയ വെയ്‌ഡ് അതേ ഓവറില്‍ ഷഹീന്‍ അഫ്രീദിക്കെതിരെ ഹാട്രിക് സിക്‌സര്‍ പറത്തി ഓസീസിന് അഞ്ച് വിക്കറ്റിന്‍റെ ജയം സമ്മാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹസന്‍ അലിയും ഇന്ത്യക്കാരിയായ ഭാര്യയും ഒരു വയസുള്ള മകളും സൈബര്‍ ആക്രമണത്തിന് വിധേയരായത്. വെയ്‌ഡിന്‍റെ ക്യാച്ച് കൈവിട്ടതില്‍ ആരാധകരോട് മാപ്പ് ചോദിച്ച് പിന്നാലെ രംഗത്തെത്തിയിരുന്നു ഹസന്‍ അലി. 

South Africa vs India : നാലാംദിനം ചില്ലറ ലക്ഷ്യങ്ങളല്ല; ടീം ഇന്ത്യയുടെ പദ്ധതികള്‍ വെളിപ്പെടുത്തി മുഹമ്മദ് ഷമി