സെഞ്ചൂറിയന്‍ ടെസ്റ്റില്‍ രണ്ട് ദിവസം അവശേഷിക്കേ ടീം ഇന്ത്യയുടെ പദ്ധതികളെന്തെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സ്റ്റാര്‍ പേസര്‍

സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ സെഞ്ചൂറിയന്‍ ടെസ്റ്റില്‍ (South Africa vs India 1st Test) വിജയപ്രതീക്ഷയിലാണ് ടീം ഇന്ത്യ. മൂന്നാം ദിനം അഞ്ച് വിക്കറ്റുമായി കളംനിറഞ്ഞ മുഹമ്മദ് ഷമിയാണ് (Mohammed Shami) മത്സരം ഇന്ത്യയുടെ വഴിയെ തിരിച്ചുവിട്ടത്. രണ്ട് ദിവസം അവശേഷിക്കേ ടീം ഇന്ത്യയുടെ (Team India) പദ്ധതികളെന്തെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സ്റ്റാര്‍ പേസര്‍. 

'സെഞ്ചൂറിയനില്‍ രണ്ട് ദിവസമാണ് അവശേഷിക്കുന്നത്. ഇന്ത്യ പരമാവധി സമയം നാലാം ദിനം ബാറ്റ് ചെയ്യണം. 250 റണ്‍സോളം നേടുകയും 400ഓളം റണ്‍സിന്‍റെ വിജയലക്ഷ്യം രണ്ടാം ഇന്നിംഗ്‌സില്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് മുന്നില്‍ വയ്‌ക്കുകയും വേണം. അതിന് ശേഷം ദക്ഷിണാഫ്രിക്കയെ നാല് സെഷനില്‍ ബാറ്റ് ചെയ്യാനനുവദിക്കുക. എന്നാല്‍ അതിനായി കുറഞ്ഞത് 350-400 റണ്‍സെങ്കിലും ആകെ ടീം കണ്ടെത്തണം' എന്നും ഷമി മൂന്നാംദിനത്തിലെ മത്സര ശേഷം പറഞ്ഞു. 

വിജയത്തിന് പിന്നില്‍

'എന്‍റെ വിജയത്തിന് കാരണം പിതാവാണ്. ക്രിക്കറ്റ് കളിക്കാന്‍ സൗകര്യങ്ങളൊന്നുമില്ലാത്ത ഗ്രാമത്തില്‍ നിന്നാണ് ഞാന്‍ വരുന്നത്. ഗ്രാമത്തില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെ പോയി ക്രിക്കറ്റ് കളിക്കാന്‍ പിതാവ് എന്നെ അനുവദിച്ചു. എന്‍റെ പിതാവും സഹോദരനും ഏറെ പിന്തുണച്ചു. അവരാണ് ഇവിടെയെത്തി നില്‍ക്കുന്ന എന്‍റെ യാത്രക്ക് പിന്നില്‍. കഠിനാധ്വാനം ചെയ്‌താല്‍ അര്‍ഹിക്കുന്ന വിജയം തേടിയെത്തു'മെന്നും ഷമി കൂട്ടിച്ചേര്‍ത്തു. 

ദക്ഷിണാഫ്രിയ്‌ക്കെതിരായ സെഞ്ചൂറിയന്‍ ടെസ്റ്റില്‍ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 327 റണ്‍സ് പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയെ മൂന്നാം ദിനം 197ല്‍ പുറത്താക്കിയത് അഞ്ച് വിക്കറ്റുമായി മുഹമ്മദ് ഷമിയായിരുന്നു. 16 ഓവറിൽ 44 റൺസ് വഴങ്ങിയാണ് ഷമിയുടെ അഞ്ച് വിക്കറ്റ് നേട്ടം. എയ്‌ഡൻ മർക്രാം, കീഗൻ പീറ്റേഴ്‌സൺ, തെംബ ബാവുമ, വിയാൻ മുൾഡർ, കാഗിസോ റബാഡ എന്നിവരെ ഷമി പുറത്താക്കി. ഇതോടെ ടെസ്റ്റിൽ 200 വിക്കറ്റ് നേടുന്ന അഞ്ചാമത്തെ ഇന്ത്യൻ പേസറെന്ന നേട്ടം ഷമിക്ക് സ്വന്തമായി. 

കൂറ്റൻ ലീഡിന് ഇന്ത്യ 

സെഞ്ചൂറിയൻ ടെസ്റ്റിൽ കൂറ്റൻ ലീഡ് ലക്ഷ്യമിട്ട് ഇന്ത്യ നാലാംദിനമായ ഇന്ന് ബാറ്റിംഗ് പുനരാരംഭിക്കും. ഒരു വിക്കറ്റിന് 16 റൺസ് എന്ന നിലയിലാണ് ഇന്ത്യ മൂന്നാംദിനം കളി അവസാനിപ്പിച്ചത്. അഞ്ച് റൺസുമായി കെ എൽ രാഹുലും നാല് റൺസുമായി നൈറ്റ് വാച്ച്‌മാന്‍ ഷർദ്ദുൽ ഠാക്കൂറുമാണ് ക്രീസിൽ. നാല് റൺസെടുത്ത ഓപ്പണര്‍ മായങ്ക് അഗ‍ർവാളാണ് പുറത്തായത്. ഒൻപത് വിക്കറ്റ് ശേഷിക്കേ ഇന്ത്യക്ക് 146 റൺസ് ലീഡായി. കൂറ്റന്‍ ലീഡ് നേടി പ്രോട്ടീസിനെ ബാറ്റിംഗിനയക്കുകയാവും വിരാട് കോലിയുടേയും സംഘത്തിന്‍റേയും ലക്ഷ്യം. 

Mohammed Shami : ആന്‍ഡേഴ്‌സണെയും പൊള്ളോക്കിനേയും ഓര്‍മ്മിപ്പിച്ചു; ഷമിയെ പ്രശംസിച്ച് മുന്‍താരം