കോലിയായിരുന്നില്ല, യഥാര്‍ത്ഥത്തില്‍ കളിയിലെ കേമനാവേണ്ടിയിരുന്നത് മറ്റൊരു താരം; തുറന്നു പറഞ്ഞ് ആകാശ് ചോപ്ര
ഒരു ഇന്നിംഗ്സില്‍ അഞ്ച് വിക്കറ്റെടുക്കുക എന്നത് അത്ര എളുപ്പമല്ല. ലോകകപ്പ് ചരിത്രത്തില്‍ തന്നെ അഞ്ച് വിക്കറ്റെടുക്കുന്ന രണ്ടാമത്തെ മാത്രം ഇന്ത്യന്‍ സ്പിന്നറാണ് ജഡേജ എന്ന് പറയുമ്പോള്‍ തന്നെ അത് എത്രമാത്രം ബുദ്ധിമുട്ടാണെന്ന് മനസിലാവുമല്ലോ. അതു മാത്രമല്ല, ജഡേജ വീഴ്ത്തിയവരെല്ലാം ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാരായിരുന്നു. അല്ലാതെ വാലറ്റക്കാരല്ല.

കൊല്‍ക്കത്ത: ദക്ഷിണാഫ്രിക്കക്കെതിരായ ലോകകപ്പ് പോരാട്ടത്തില്‍ ഇന്ത്യ വമ്പന്‍ ജയം സ്വന്തമാക്കിയപ്പോള്‍ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത് സെഞ്ചുറിയുമായി ഏകദിന സെഞ്ചുറികളില്‍ സച്ചിന്‍റെ റെക്കോര്‍ഡിനൊപ്പമെത്തിയ വിരാട് കോലി ആയിരുന്നു. 101 റണ്‍സുമായി പുറത്താകാതെ നിന്ന കോലിയാണ് ഇന്ത്യയെ 300ന് അപ്പുറമുള്ള സ്കോറിലേക്ക് നയിച്ചത്. എന്നാല്‍ മത്സരത്തില്‍ കോലിയായിരുന്നില്ല കളിയിലെ യഥാര്‍ത്ഥ താരമെന്ന് തുറന്നു പറയുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറായ ആകാശ് ചോപ്ര. ജിയോ സിനിമയിലെ ആകാശ്‌വാണി പരിപാടിയിലാണ് ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിലെ യഥാര്‍ത്ഥ മാന്‍ ഓഫ് ദ് മാച്ചിനെ ആകാശ് ചോപ്ര തെരഞ്ഞെടുത്തത്.
എന്‍റെ അഭിപ്രായത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തില്‍ കളിയിലെ യഥാര്‍ത്ഥ താരം രവീന്ദ്ര ജഡേജയാണ്. ആദ്യം ബാറ്റു കൊണ്ടും പിന്നീട് പന്തുകൊണ്ടും അയാള്‍ ദക്ഷിണാഫ്രിക്കയെ പ്രഹരിച്ചു. ഒരു ഇന്നിംഗ്സില്‍ അഞ്ച് വിക്കറ്റെടുക്കുക എന്നത് അത്ര എളുപ്പമല്ല. ലോകകപ്പ് ചരിത്രത്തില്‍ തന്നെ അഞ്ച് വിക്കറ്റെടുക്കുന്ന രണ്ടാമത്തെ മാത്രം ഇന്ത്യന്‍ സ്പിന്നറാണ് ജഡേജ എന്ന് പറയുമ്പോള്‍ തന്നെ അത് എത്രമാത്രം ബുദ്ധിമുട്ടാണെന്ന് മനസിലാവുമല്ലോ. അതു മാത്രമല്ല, ജഡേജ വീഴ്ത്തിയവരെല്ലാം ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാരായിരുന്നു. അല്ലാതെ വാലറ്റക്കാരല്ല.
അതിന് പുറമെ ഇന്ത്യന്‍ ഇന്നിംഗ്സിനൊടുവില്‍ ഇറങ്ങി നിര്‍ണായക റണ്‍സ് നേടാനും ജഡേജക്കായെന്നും അതുകൊണ്ടുതന്നെ ജഡേജയായിയരുന്നു കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെടേണ്ടിയിരുന്നതെന്നും ആകാശ് ചോപ്ര പറഞ്ഞു. ദക്ഷിണാഫ്രിക്കക്കെതിരെ ഏഴാമനായി ക്രീസിലെത്തിയ ജഡേജ 15 പന്തില്‍ മൂന്ന് ഫോറും ഒരു സിക്സും പറത്തി 29 റണ്‍സുമായി പുറത്താകാതെ നിന്നിരുന്നു.
പിന്നീട് ബൗളിംഗില്‍ ഒമ്പത് ഓവറില്‍ 33 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റെടുത്ത ജഡേജ യുവരാജ് സിംഗിനുശേഷം ലോകകപ്പില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തുന്ന രണ്ടാമത്തെ ഇന്ത്യന്‍ സ്പിന്നറായി. മത്സരത്തില്‍ കോലി 121 പന്തില്‍ 101 റണ്‍സുമായി പുറത്താകാതെ നിന്നിരുന്നു. 243 റണ്‍സിന്‍റെ കൂറ്റന്‍ ജയമാണ് ഇന്ത്യ ദക്ഷിണാഫ്രിക്കക്കെതിരെ നേടിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക