ബല്‍ഗ്രേഡ്: ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം നൊവാക് ജോക്കോവിച്ചും ഭാര്യ യെലേനയും കൊവിഡ് മുക്തരായി. കൊവിഡ് സ്ഥിരീകരിച്ച് പത്താം ദിവസം നടത്തിയ പരിശോധനയിലാണ് ഇരുവരും നെഗറ്റീവായതെന്ന് ജോക്കോവിച്ചിന്റെ വക്താവ് പറഞ്ഞു. ഇന്ന് ബല്‍ഗ്രേഡില്‍ നടത്തിയ പിസിആര്‍ പരിശോധനയിലാണ് ഇരുവരുടെ ഫലം നെഗറ്റീവായത്. കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഇരുവരും ബല്‍ഗ്രേഡില്‍ ഐസൊലേഷനിലായിരുന്നു.

കളിക്കാരുടെ ശാരീരികക്ഷമത നിലനിര്‍ത്താനെന്ന പേരില്‍ ബാള്‍ക്കന്‍ രാജ്യങ്ങള്‍ കേന്ദ്രീകരിച്ച് ജോക്കോവിച്ചിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച അഡ്രിയ പ്രദര്‍ശന ടെന്നീസ് ടൂര്‍ണമെന്റില്‍ പങ്കെടുത്ത നാലോളം ടെന്നീസ് താരങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത് ടെന്നീസ് ലോകത്തെ ഞെട്ടിച്ചിരുന്നു. ജോക്കോവിച്ചിന് പുറമെ ടൂര്‍ണമനെ്റില്‍ പങ്കെടുത്ത ബള്‍ഗേറിയയുടെ ഗ്രിഗര്‍ ദിമിത്രോവിനും ക്രൊയേഷ്യന്‍ താരം ബോര്‍ന കൊറിച്ചിനും വിക്ടര്‍ ട്രോയ്ക്കിക്കും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ ജോക്കോവിച്ചുമായി കൂടിക്കാഴ്ച നടത്തിയ എന്‍ബിഎ താരം നിക്കോള ജോക്കിച്ചിനും കൊവിഡ് സ്ഥിരീകരിച്ചു.കോവിഡ് ഭീഷണിക്കിടെ ഇത്തരമൊരു ടൂർണമെന്റ് സംഘടിപ്പിച്ച നൊവാക് ജോക്കോവിച്ചിനെതിരെ മുൻ താരങ്ങളും ആരാധകരും കടുത്ത വിമർശനവുമായി രംഗത്തെത്തിയിരുന്നു. സർക്കാരിന്റെ ചട്ടങ്ങൾ പാലിച്ചാണ് ടൂർണമെന്റ് നടത്തിയതെന്ന് ജോക്കോവിച്ചും സംഘവും വാദിക്കുമ്പോഴും, ടൂർണമെന്റിനിടെ നിയന്ത്രണങ്ങൾ കാറ്റിൽപ്പറത്തി താരങ്ങൾ ബാസ്കറ്റ്ബോൾ കളിക്കുന്നതിന്റെയും ഒത്തൊരുമിച്ചു നൃത്തം ചെയ്യുന്നതിന്റെയും വിഡിയോ പുറത്തുവന്നിരുന്നു.

ടൂർണമെന്റ് സംഘടിപ്പിച്ചതിന് വിമർശനം കടുത്തതോടെ വിശദീകരണവുമായി ജോക്കോവിച്ച് നേരിട്ട് രംഗത്തെത്തിയിരുന്നു. ലോകത്തിന്റെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് സെർബിയയിൽ കോവിഡ് വ്യാപനം അത്ര ഗുരുതരമല്ല എന്നായിരുന്നു ജോക്കോവിച്ചിന്റെ വാദം. സർക്കാരിന്റെ നിർദ്ദേശം കൃത്യമായി പാലിച്ചാണ് ടൂർണമെന്റ് നടത്തുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.

എന്നാല്‍ സെര്‍ബിയയില്‍ കൊവിഡ‍് കേസുകള്‍ വീണ്ടും വര്‍ധിച്ചതിന് പിന്നാലെ നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ കര്‍ശനമാക്കിയിരുന്നു. സാമൂഹിക അകലം പാലിക്കലും മാസ്ക് ധരിക്കലും നിര്‍ബന്ധമാക്കിയിട്ടുണ്ട്.