ശിഖര്‍ ധവാനും കെ എല്‍ രാഹുലും ശുഭ്‌മാന്‍ ഗില്ലും ഇഷാന്‍ കിഷനും ദീപക് ഹൂഡയും കടന്ന് സഞ്ജുവിന് ബാറ്റിംഗ് കിട്ടുമോ? എന്തായാലും ആറാമനായി ക്രീസിലെത്തി സഞ്ജു ആറാടി. 39 പന്ത് നേരിട്ട് മൂന്ന് ഫോറും നാല് സിക്‌സറും സഹിതം പുറത്താകാതെ 43* റണ്‍സുമായി മത്സരത്തില്‍ ജയവും പരമ്പരയും ഇന്ത്യക്ക് സഞ്ജു സമ്മാനിച്ചു.
ഹരാരെ: ഇനിയെങ്ങനെ സഞ്ജു സാംസണെ ഇന്ത്യന്‍ സെലക്‌ടര്‍മാര്‍ക്ക് അവഗണിക്കാനാകും. സമ്മര്‍ദഘട്ടത്തില്‍ മധ്യനിരയില്‍ സെന്‍സിബിള്‍ ഇന്നിംഗ്‌സും എം എസ് ധോണിയെ ഓര്‍മ്മിപ്പിക്കുന്ന ഫിനിഷിംഗുമായി തന്‍റെ പേര് സെലക്‌ടര്‍മാര്‍ക്ക് മുന്നിലേക്ക് വച്ചുനീട്ടിയിരിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട സഞ്ജു. ഹരാരെ സ്പോര്‍ട്‌സ് ക്ലബില്‍ സിംബാബ്‌വെക്കെതിരായ രണ്ടാം ഏകദിനത്തില്‍ ബുദ്ധികൊണ്ട് സഞ്ജു കളിച്ചു എന്നുപറയുന്നതാവും ശരി.
അതും കെ എല്‍ രാഹുലിനെപോലൊരു ത്രീ-ഫോര്‍മാറ്റ് പ്ലേയറെ കാഴ്‌ചക്കാരനാക്കി, ഇതിഹാസ താരം വിവിഎസ് ലക്ഷ്‌മണെ ഡ്രസിംഗ് റൂമില്‍ കാഴ്‌ചക്കാരനും ആസ്വാദകനുമായി ഇരുത്തിക്കൊണ്ട്. നിലവില്‍ ഇന്ത്യന്‍ ഏകദിന ടീമില്‍ 50ന് മുകളില്‍ ബാറ്റിംഗ് ശരാശിയുള്ള ഏക വിക്കറ്റ് കീപ്പറായി സഞ്ജു ഇന്നത്തെ ഇന്നിംഗ്‌സോടെ മാറിക്കഴിഞ്ഞു. ഏകദിനത്തില്‍ കെ എല്‍ രാഹുലിന് 46.69 ഉം ഇഷാന്‍ കിഷന് 29.33 ഉം ബാറ്റിംഗ് ശരാശരിയേയുള്ളൂ.
രണ്ടാം ഇന്നിംഗ്‌സിലെ സഞ്ജു തീ

പരിമിത ഓവര്‍ ക്രിക്കറ്റില്‍ സഞ്ജു സാംസണിന്‍റെ രണ്ടാം ഇന്നിംഗ്‌സാണ് ആരാധകര്‍ ഇപ്പോള്‍ കാണുന്നത്. ഐപിഎല്‍ പതിനഞ്ചാം സീസണില്‍ ബാറ്റും നായകപാടവവും കൊണ്ട് രാജസ്ഥാന്‍ റോയല്‍സിനെ ഫൈനലില്‍ എത്തിച്ചശേഷം അയര്‍ലന്‍ഡ് പര്യടത്തിലെ ടി20യിലൂടെയാണ് സഞ്ജു ക്രിക്കറ്റ് കരിയറിലെ രണ്ടാം ഇന്നിംഗ്‌സ് തുടങ്ങിയത്. അയര്‍ലന്‍ഡിന് ശേഷം വിന്‍ഡീസും കടന്ന സഞ്ജുവിന്‍റെ പ്രഭാവം സിംബാബ്‌വെയിലെ ഹരാരെയിലും എഴുതിച്ചേര്‍ക്കപ്പെട്ടിരിക്കുന്നു. ടി20ക്കൊപ്പം ഏകദിനത്തിലും ടീം ഇന്ത്യയുടെ കരുത്തുറ്റ ബാറ്ററാവാന്‍ തനിക്ക് കഴിയുമെന്ന് തെളിയിക്കുന്നതാണ് സഞ്ജുവിന്‍റെ ഒടുവിലത്തെ പ്രകടനം.
അന്ന് ഫിനിഷ് ചെയ്യാതെ സഞ്ജു മടങ്ങി, ഇന്ന് സിക്സര്‍ ഫിനിഷിംഗിലൂടെ പ്ലെയര്‍ ഓഫ് ദ് മാച്ച്
നീലക്കുപ്പായത്തില്‍ വെറും ആറ് മത്സരങ്ങള്‍ മാത്രമാണ് സഞ‌്ജു സാംസണ്‍ നാളിതുവരെ കളിച്ചത്. കഴിഞ്ഞ ശ്രീലങ്കന്‍ പര്യടനത്തില്‍ 2021 ജൂലൈയില്‍ ഇന്ത്യ രണ്ടാംനിര ടീമിനെ അയച്ചപ്പോള്‍ ആര്‍ പ്രേമദാസ സ്റ്റേഡിയത്തിലായിരുന്നു സഞ്ജുവിന്‍റെ ഏകദിന അരങ്ങേറ്റം. അന്നുമുതല്‍ ഇന്നുവരെയുള്ള ആറ് ഏകദിനങ്ങളിലെ അഞ്ച് ഇന്നിംഗ്‌സുകളില്‍ 161 റണ്‍സാണ് സഞ്ജുവിന്‍റെ സമ്പാദ്യം. 50.67 ബാറ്റിംഗ് ശരാശരിയിലും 100.0 സ്‌ട്രൈക്ക് റേറ്റിലുമാണ് സഞ്ജുവിന്‍റെ പ്രയാണം. 54 ആണ് ഉയര്‍ന്ന സ്‌കോര്‍. അഞ്ച് ഇന്നിംഗ്‌സിലെ 11 ഫോറും 9 സിക്‌സറുകളും സഞ്ജുവിന്‍റെ കൈക്കരുത്തിന് ഉദാഹരണം.

സിംബാബ്‌വെക്കെതിരായ ആദ്യ ഏകദിനത്തില്‍ സഞ്ജു സാംസണ് ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചിരുന്നില്ല. രണ്ടാം മത്സരത്തില്‍ സിംബാബ്‌വെ വെറും 161 റണ്‍സില്‍ പുറത്തായപ്പോള്‍ ആരാധകര്‍ ഒന്ന് പേടിച്ചു. ശിഖര്‍ ധവാനും കെ എല്‍ രാഹുലും ശുഭ്‌മാന്‍ ഗില്ലും ഇഷാന്‍ കിഷനും ദീപക് ഹൂഡയും കടന്ന് സഞ്ജുവിന് ബാറ്റിംഗ് കിട്ടുമോ? എന്തായാലും ആറാമനായി ക്രീസിലെത്തി സഞ്ജു ആറാടി. 39 പന്ത് നേരിട്ട് മൂന്ന് ഫോറും നാല് സിക്‌സറും സഹിതം പുറത്താകാതെ 43* റണ്‍സുമായി മത്സരത്തില്‍ ജയവും പരമ്പരയും ഇന്ത്യക്ക് സഞ്ജു സമ്മാനിച്ചു.
തുടക്കം അയര്‍ലന്‍ഡില്‍
ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചുവരവ് സഞ്ജു സാംസണ്‍ ഗംഭീരമാക്കിയതായിരുന്നു അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയിലെ ശ്രദ്ധേയ കാര്യങ്ങളിലൊന്ന്. രണ്ടാം ടി20യില്‍ അവസരം ലഭിച്ച സഞ്ജു 42 പന്തില്‍ 77 റണ്‍സുമായി കളംനിറഞ്ഞു. സഞ്ജുവിന്‍റെ രാജ്യാന്തര ടി20 കരിയറിലെ ഉയർന്ന സ്കോർ കൂടിയാണിത്. രണ്ടാം വിക്കറ്റില്‍ ദീപക് ഹൂഡയ്ക്കൊപ്പം 176 റണ്‍സിന്‍റെ റെക്കോർഡ് കൂട്ടുകെട്ടാണ് സഞ്ജു സ്ഥാപിച്ചത്. രാജ്യാന്തര ടി20യില്‍ ഏതൊരു വിക്കറ്റിലേയും ഇന്ത്യന്‍ താരങ്ങളുടെ ഉയർന്ന കൂട്ടുകെട്ടാണിത്. ഐപിഎല്ലിലെ മികവ് തുടരുകയായിരുന്നു പരമ്പരയില്‍ മലയാളി താരം. ഐപിഎല്ലില്‍ സഞ്ജു കഴിഞ്ഞ സീസണിൽ 17 കളിയിൽ രണ്ട് അർധസെഞ്ചുറിയോടെ 458 റൺസെടുത്ത രാജസ്ഥാനെ ഫൈനലിലെത്തിച്ചിരുന്നു.
ഇനി ടി20 ലോകകപ്പ് ടീമില്‍ സഞ്ജു ഇടംപിടിക്കുമോ എന്നേ അറിയേണ്ടതുള്ളൂ. രാജ്യാന്തര ടി20യില്‍ 16 കളിയില്‍ 21.14 ശരാശരിയും 135.16 സ്‌ട്രൈക്ക് റേറ്റുമായി 296 റണ്‍സ് സഞ്ജുവിനുണ്ട്. ഐപിഎല്ലില്‍ ഇതിനകം ഇതിഹാസമായി മാറിയ സഞ്ജു 138 മത്സരങ്ങളില്‍ മൂന്ന് സെഞ്ചുറികളോടെ 29.14 ശരാശരിയിലും 135.72 സ്‌ട്രൈക്ക് റേറ്റിലും 3526 റണ്‍സുമായി കുതിക്കുകയാണ്.
