രഞ്ജി ട്രോഫിയിലെ ആറാം റൗണ്ട് മത്സരങ്ങളില്‍ നിന്ന് പരിക്കിന്‍റെ പേരില്‍ വിട്ടുനിന്ന മറ്റ് താരങ്ങളൊന്നും ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ചികിത്സതേടിയതായി അറിവില്ലെന്നും ഗവാസ്കര്‍.

മുംബൈ: രഞ്ജി ട്രോഫി ഗ്രൂപ്പ് ഘട്ടത്തിലെ ആറാം റൗണ്ട് മത്സരങ്ങളില്‍ നിന്ന് ഇന്ത്യൻ സീനിയര്‍ ടീമിലെ ചില താരങ്ങള്‍ മാറിനിന്നതിനെതിരെ തുറന്നടിച്ച് മുന്‍ ഇന്ത്യൻ താരം സുനില്‍ ഗവാസ്കര്‍. ചില താരങ്ങള്‍ പരിക്കാണെന്ന് പറഞ്ഞാണ് രഞ്ജിയില്‍ കളിക്കാതിരുന്നതെന്നും എന്നാല്‍ പരിക്കിന്‍റെ പേരില്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ച് മാറി നില്‍ക്കുന്നതൊക്കെ വലിയ തമാശയാണെന്നും ഗവാസ്കര്‍ പറഞ്ഞു.

ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ചില്ലെങ്കില്‍ ബിസിസിഐ നടപടിയെടുക്കുമോ എന്ന് ഭയന്നാണ് പലരും കളിക്കാന്‍ തയാറാവുന്നത്. എന്നാല്‍ കളിക്കാനിറങ്ങുന്നതിന് മുമ്പ് പരിക്കാണെന്ന് പറഞ്ഞ് ചിലര്‍ മാറി നില്‍ക്കും. പരിക്കിന്‍റെ പേരില്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുണ്ടാക്കുന്നതൊക്കെ വലിയ തമാശയാണ്. ബിസിസിഐയുടെ മാര്‍ഗനിര്‍ദേശം ബോര്‍ഡുമായി കരാറുള്ള താരങ്ങള്‍ പരിക്കേറ്റാല്‍ ബെംഗലൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിാലണ് ചികിത്സ തേടേണ്ടത്. അവിടുത്തെ മെഡിക്കല്‍ സംഘമാണ് പരിക്കിന്‍റെ ഗൗരവം വിലയിരുത്തി എത്ര നാള്‍ വേണ്ടിവരും കായികക്ഷമത വീണ്ടെടുക്കാന്‍ എന്നൊക്കെ തീരുമാനിക്കുന്നത്.

ഇന്ത്യയുടെ അടുത്ത കോലിയും രോഹിത്തും അവരാണ്, യുവതാരങ്ങളുടെ പേരുമായി സഞ്ജയ് മഞ്ജരേക്കര്‍

ഓള്‍ റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡിക്ക് പരിക്കേറ്റപ്പോള്‍ ആസമയം തന്നെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്ക് പറഞ്ഞയച്ചിരുന്നു. ചെയ്തത്. പക്ഷെ രഞ്ജി ട്രോഫിയിലെ ആറാം റൗണ്ട് മത്സരങ്ങളില്‍ നിന്ന് പരിക്കിന്‍റെ പേരില്‍ വിട്ടുനിന്ന മറ്റ് താരങ്ങളൊന്നും ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ചികിത്സതേടിയതായി അറിവില്ലെന്നും ഗവാസ്കര്‍ വ്യക്തമാക്കി.

രഞ്ജി ട്രോഫിയില്‍ സൗരാഷ്ട്രക്കെതിരായ ഡല്‍ഹിയുടെ കഴിഞ്ഞ മത്സരത്തില്‍ കളിക്കാന്‍ വിരാട് കോലി തയാറായിരുന്നില്ല. കഴുത്ത് വേദനയെന്ന കാരണം പറഞ്ഞാണ് കോലി സൗരാഷ്ട്രക്കെതിരായ മത്സരത്തില്‍ നിന്നു വിട്ടുനിന്നത്. എന്നാല്‍ റെയില്‍വേസിനെതിരായ അടുത്ത മത്സരത്തില്‍ കളിക്കാന്‍ കോലി കളിക്കാനിറങ്ങുന്നുണ്ട്. കോലിക്ക് പുറമെ കെ എല്‍ രാഹുല്‍, മുഹമ്മദ് സിറാജ്, എന്നിവരും അവസാന റൗണ്ട് മത്സരങ്ങള്‍ക്ക് ഗ്രൗണ്ടിലിറങ്ങും. അതേസമം, മുംബൈക്കായി കഴിഞ്ഞ മത്സരം കളിച്ച ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശര്‍മയും യശസ്വി ജയ്സ്വാളും ശ്രേയസ് അയ്യരും മേഘാലയക്കെതിരായ അടുത്ത മത്സരത്തില്‍ കളിക്കില്ലെന്നാണ് സൂചന. ഡല്‍ഹിക്കായി കഴിഞ്ഞ മത്സരത്തില്‍ കളിച്ച റിഷഭ് പന്തും റെയില്‍വേസിനെതിരായ അടുത്ത മത്സരത്തിനില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക