ഇന്ത്യയുടെ അടുത്ത വിരാട് കോലിയും രോഹിത് ശര്‍മയും ആരായിരിക്കുമെന്ന പ്രവചനവുമായി മുന്‍ ഇന്ത്യൻ താരവും കമന്‍റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍.

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ഇപ്പോള്‍ തലമുറ മാറ്റത്തിന്‍റെ പാതയിലാണ്. കഴിഞ്ഞ വര്‍ഷം നടന്ന ടി20 ലോകകപ്പിനുശേഷം
ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ച വിരാട് കോലിയും രോഹിത് ശര്‍മയും അടുത്ത മാസം നടക്കുന്ന ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിനുശേഷം ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിക്കുമെന്നാണ് കരുതുന്നത്. ഓസ്ട്രേലിയക്കെതിരായ മോശം പ്രകടനത്തോടെ രോഹിത് ശര്‍മയുടെയും വിരാട് കോലിയുടെയും ടെസ്റ്റ് ഭാവിയും ചോദ്യചിഹ്നമാണ്.

ഇതിനിടെ ഇന്ത്യൻ ക്രിക്കറ്റിലെ അടുത്ത വിരാട് കോലിയും രോഹിത് ശര്‍മയും ആരായിരിക്കുമെന്ന പ്രവചനവുമായി എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യൻ താരവും കമന്‍റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍. അടുത്ത 10 വര്‍ഷത്തേക്ക് ഇന്ത്യൻ ക്രിക്കറ്റിലെ വിരാട് കോലിയും രോഹിത് ശര്‍മയും ആരായിരിക്കുമെന്ന ചോദ്യത്തിന് ശുഭ്മാന്‍ ഗില്ലിന്‍റെയും യശസ്വി ജയ്സ്വാളിന്‍റെയും പേരുകളാണ് മ‍ഞ്ജരേക്കര്‍ തെരഞ്ഞെടുത്തത്. ശുഭ്മാന്‍ ഗില്‍ ഏകദിന ക്രിക്കറ്റില്‍ ഡബിള്‍ സെഞ്ചുറി നേടിയ താരമാണ്. യശസ്വി ടെസ്റ്റിലാണ് ഇപ്പോള്‍ മികച്ച പ്രകടനം നടത്തുന്നതെങ്കിലും വൈകാതെ വൈറ്റ് ബോള്‍ ക്രിക്കറ്റിലും തിളങ്ങുമെന്നുറപ്പാണെന്നും മഞ്ജരേക്കര്‍ സ്റ്റാര്‍ സ്പോര്‍ട്സിന്‍റെ ടോക് ഷോയില്‍ പറഞ്ഞു.

Scroll to load tweet…

ചര്‍ച്ചയില്‍ പങ്കെടുത്ത മുന്‍ ഇന്ത്യൻ പരിശീലകന്‍ സഞ്ജയ് ബംഗാറും മഞ്ജരേക്കറുടെ അഭിപ്രായത്തോടെ യോജിച്ചു. ഇരുവരും ടോപ് ഓര്‍ഡറിലാണ് ബാറ്റ് ചെയ്യുന്നത് എന്നതിനാല്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുമെന്നും ഇരുവരുടെയും പ്രായവും 2013ല്‍ കോലിയും രോഹിത്തും ഇന്ത്യൻ ക്രിക്കറ്റിലേക്ക് വന്നതിന് സമാനമാണെന്നും ബംഗാര്‍ പറഞ്ഞു. രാജ്യാന്തര ക്രിക്കറ്റില്‍ മികച്ച തുടക്കമാണ് ഇരുവര്‍ക്കും ലഭിച്ചിരിക്കുന്നതെന്നും ബംഗാര്‍ വ്യക്തമാക്കി. 2019ല്‍ ഇന്ത്യക്കായി ഏകദിനങ്ങളില്‍ അരങ്ങേറിയ ശുഭ്മാന്‍ ഗില്‍ ഇതുവരെ 47 മത്സരങ്ങളില്‍ നിന്ന് 2328 റണ്‍സ് നേടിയിട്ടുണ്ട്. അതേസമയം, യശസ്വി ജയ്സ്വാള്‍ ഏകദിന ക്രിക്കറ്റില്‍ കളിച്ചിട്ടില്ലെങ്കിലും ടെസ്റ്റിലും ടി20 ക്രിക്കറ്റിലും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. കരിയറില്‍ ഇതുവരെ 19 ടെസ്റ്റിലും 23 ടി20 മത്സരങ്ങളിലുമാണ് യശസ്വി കളിച്ചത്.

രഞ്ജി ട്രോഫി: രോഹിത്തും യശസ്വിയും ശ്രേയസും മുംബൈയുടെ അടുത്ത മത്സരത്തിനില്ല; ഡല്‍ഹിക്കായി വിരാട് കോലി ഇറങ്ങും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക