വെല്ലിംഗ്‌ടണ്‍: ന്യൂസിലന്‍ഡിന് എതിരായ ആദ്യ ടെസ്റ്റില്‍ ബാറ്റിംഗ് പരാജയം രുചിച്ചറിഞ്ഞ ഓപ്പണര്‍ പൃഥ്വി ഷായെ പ്ലേയിംഗ് ഇലവനില്‍ നിന്ന് ഒഴിവാക്കണമെന്ന് ആരാധകര്‍. പകരം ശുഭ്‌മാന്‍ ഗില്ലിനെ ഇലവനിലെടുക്കണം എന്നാണ് കോലിയോട് ആരാധകര്‍ ആവശ്യപ്പെടുന്നത്. ന്യൂസിലന്‍ഡിന് എതിരായ ഏകദിന പരമ്പരയിലും ബാറ്റിംഗില്‍ പരാജയമായിരുന്നു പൃഥ്വി ഷാ.

വെല്ലിംഗ്‌ടണില്‍ രണ്ടിന്നിംഗ്‌സിലുമായി 30 റണ്‍സ് മാത്രമാണ് പൃഥ്വി ഷായ്‌ക്ക് നേടാനായത്. ആദ്യ ഇന്നിംഗ്‌സില്‍ 18 പന്തില്‍ 16 റണ്‍സെടുത്ത താരത്തെ ടിം സൗത്തി ഒന്നാന്തരമൊരു പന്തില്‍ ബൗള്‍ഡാക്കി. രണ്ടാം ഇന്നിംഗ്‌സിലാവട്ടെ ട്രെന്‍ഡ് ബോള്‍ട്ടിന് മുന്‍പിലാണ് ഷാ തലകുനിച്ചത്. 30 പന്തില്‍ രണ്ട് ബൗണ്ടറി സഹിതം 14 റണ്‍സെടുത്ത താരത്തെ ടോം ലാഥം പിടികൂടി. 

രോഹിത് ശർമ്മ പരുക്കേറ്റ് പുറത്തായതോടെ പരമ്പരയ്‌ക്ക് മുന്‍പ് ഇന്ത്യന്‍ ഓപ്പണിംഗ് വലിയ ആശയക്കുഴപ്പത്തിലായിരുന്നു. മായങ്ക് അഗർവാൾ, പൃഥ്വി ഷാ, ശുഭ്‌മാന്‍ ഗിൽ എന്നിവരാണ് ടീമിലെ ഓപ്പണർമാർ. മായങ്ക്-ഷാ സഖ്യത്തിന് ആദ്യ ടെസ്റ്റ് കടുത്ത നിരാശയായി. ഇന്ത്യ എ ടീമിനായി വമ്പന്‍ പ്രകടനം പുറത്തെടുത്ത് സീനിയര്‍ ടീമിലെത്തിയ ശേഷമാണ് ശുഭ്‌മാന്‍ ഗില്‍ പുറത്തിരിക്കുന്നത്.