വെല്ലിംഗ്‌‌ടണ്‍: വെല്ലിംഗ്‌ടണ്‍ ടെസ്റ്റിൽ ഇന്ത്യ 10 വിക്കറ്റിന്‍റെ നാണംകെട്ട തോൽവിയാണ് ഏറ്റുവാങ്ങിയത്. ഇന്ത്യയെ പരാജയപ്പെടുത്തിയത് എങ്ങനെയാണ് എന്ന് വ്യക്തമാക്കിയിരിക്കുകയാണ് ന്യൂസിലന്‍ഡ് നായകന്‍ കെയ്‌ന്‍ വില്യംസണ്‍. 

'ഇന്ത്യന്‍ ടീമിന്‍റെ കരുത്ത് എല്ലാവര്‍ക്കുമറിയാം. ആ ഭീഷണിയെ കുറിച്ച് ഞങ്ങള്‍ ബോധവാന്‍മാരാണ്. ഞങ്ങളുടെ പദ്ധതികളില്‍ ശ്രദ്ധകേന്ദ്രീകരിക്കാനായിരുന്നു ശ്രമം. ഇന്ന് രാവിലെ(നാലാംദിനം) കൃത്യമായ ഏരിയകളില്‍ പന്തെറിയാനായി. മികച്ച ലെങ്‌തിലും ലൈനിലും തുടര്‍ച്ചയായി പന്തെറിയുകയാണ് ചെയ്തത്. ഓള്‍റൗണ്ട് മികവിലൂടെയാണ് ഇന്ത്യയെ കീഴടക്കിയത്' എന്നും വില്യംസണ്‍ വ്യക്തമാക്കി. 

സൗത്തിയും ബോള്‍ട്ടും ആഞ്ഞടിച്ചപ്പോള്‍ രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യക്ക് എട്ട് റൺസിന്റെ ലീഡ് മാത്രമേ നേടാനായുള്ളൂ.  നാലിന് 144 എന്ന നിലയിൽ നാലാംദിനം കളി തുടങ്ങിയ ഇന്ത്യ 191 റൺസിന് പുറത്തായി. വെറും 47 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ അവസാന ആറ് വിക്കറ്റുകൾ ഇന്ത്യക്ക് നഷ്ടമായി.ടിം സൗത്തി അഞ്ചും ട്രെന്റ് ബോൾട്ട് നാലും വിക്കറ്റ് വീഴ്‌ത്തി.

മറുപടി ബാറ്റിംഗില്‍ ന്യുസീലൻഡ് ഓപ്പണർമാർ രണ്ട് ഓവറിനുള്ളിൽ തന്നെ കളി പൂർത്തിയാക്കി. രണ്ട് ഇന്നിംഗ്സിലുമായി ഒന്‍പത് വിക്കറ്റ് നേടിയ ടിം സൗത്തിയാണ് മാൻ ഓഫ് ദ് മാച്ച്. ടെസ്റ്റ് ക്രിക്കറ്റിൽ ന്യൂസിലൻഡിന്റെ നൂറാം ജയമായിരുന്നു ഇത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ആദ്യ തോൽവിയും. ജയത്തോടെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ന്യൂസിലന്‍ഡ് അഞ്ചാംസ്ഥാനത്തേക്കുയര്‍ന്നു.