ഓക്‌ലന്‍ഡ്: ന്യൂസിലന്‍ഡ് സ്റ്റാര്‍ ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്‌റ്റില്‍ തനിക്കൊരു ഭീഷണിയാണെന്ന് ഇന്ത്യന്‍ പേസര്‍ നവ്‌ദീപ് സെയ്‌നി. ഓക്‌ലന്‍ഡില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ തോല്‍വി നേരിട്ട ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സെയ്‌നി. അക്രമണോത്സുക ബാറ്റ്സ്‌മാന്‍ എന്നാണ് മാര്‍ട്ടിന്‍ ഗുപ്റ്റിലിനെ സെയ്‌നി വിശേഷിപ്പിക്കുന്നത്. ഓക്‌ലന്‍ഡില്‍ 10 ഓവര്‍ എറിഞ്ഞ സെയ്‌നിക്ക് വിക്കറ്റ് നേടാനായിരുന്നില്ല.

ഓക്‌ലന്‍ഡില്‍ ബാറ്റിംഗില്‍ തിളങ്ങിയ നവ്‌ദീപ് സെയ്‌നി തന്‍റെ അനുഭവങ്ങള്‍ പങ്കുവെച്ചു. 'ക്രീസില്‍ നില്‍ക്കാനും സഹ ബാറ്റ്സ്‌മാനെ സഹായിക്കാനുമായിരുന്നു വിക്കറ്റ് ഫ്ലാറ്റ് ആയതിനുശേഷം ലക്ഷ്യം. ടീമിനായി സംഭാവനകള്‍ നല്‍കാനും മത്സരം പരമാവധി വിജയത്തോട് അടിപ്പിക്കാനും പദ്ധതിയിട്ടു. എന്നാല്‍ മത്സരം അവസാനിപ്പിക്കാനാകാതെ പുറത്തായതില്‍ നിരാശയുണ്ട്' എന്നും സെയ്‌നി കൂട്ടിച്ചേര്‍ത്തു. 

ഗപ്‌റ്റിലും സെയ്‌നിയും തിളങ്ങിയ ദിനം

ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് 50 ഓവറില്‍ എട്ട് വിക്കറ്റിന് 273 റണ്‍സെടുത്തപ്പോള്‍ ഗപ്റ്റിലായിരുന്നു ടോപ് സ്‌കോറര്‍(79). ആദ്യ വിക്കറ്റില്‍ ഹെന്‍റി നിക്കോള്‍സിനൊപ്പം 93 റണ്‍സ് ചേര്‍ത്തു. 73 റണ്‍സുമായി വാലറ്റത്തെ കൂട്ടുപിടിച്ച് റോസ് ടെയ്‌ലര്‍ നടത്തിയ പ്രകടനമാണ് ആതിഥേയരെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. മറുപടി ബാറ്റിംഗില്‍ മുന്‍നിര തകര്‍ന്നടിഞ്ഞപ്പോള്‍ ടീം ഇന്ത്യ വമ്പന്‍ നാണക്കേട് ഒഴിവാക്കിയത് സെയ്‌നി അടക്കമുള്ള വാലറ്റത്തിന്‍റെ കരുത്തിലാണ്. മധ്യനിരയില്‍ നാലാമന്‍ ശ്രേയസ് അയ്യര്‍ അര്‍ധ സെഞ്ചുറി(52) നേടി. 

ഏഴാമനായി ഇറങ്ങി 55 റണ്‍സെടുത്ത രവീന്ദ്ര ജഡേജയാണ് ഇന്ത്യന്‍ നിരയില്‍ ടോപ് സ്‌കോറര്‍. ജഡേജക്കൊപ്പം പൊരുതിയ നവ്‌ദീപ് സെയ്‌നി 49 പന്തില്‍ 45 ഉം ശാര്‍ദുല്‍ ഠാക്കൂര്‍ 15 പന്തില്‍ 18 ഉം യുസ്‌വേന്ദ്ര ചാഹല്‍ 12 പന്തില്‍ 10 ഉം റണ്‍സെടുത്തു. ജിമ്മി നീഷാം എറിഞ്ഞ 49-ാം ഓവറിലെ മൂന്നാം പന്തില്‍ അവസാനക്കാരനായി ജഡേജ ഗ്രാന്‍‌ഹോമിന് ക്യാച്ച് നല്‍കി മടങ്ങിയതോടെ ഇന്ത്യ 22 റണ്‍സിന്‍റെ തോല്‍വി സമ്മതിക്കുകയായിരുന്നു. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര 2-0ന് കിവീസ് നേടി.