ഓക്‌ലന്‍ഡ്: ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പര കൈവിട്ടെങ്കിലും ഓക്‌ലന്‍ഡില്‍ ഇന്ത്യന്‍ വാലറ്റം കയ്യടി വാങ്ങി. ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ് വാലറ്റത്തെ കൂട്ടുപിടിച്ച് പടനയിച്ചത്. ഏഴാം നമ്പറില്‍ ഇറങ്ങി 73 പന്തില്‍ 55 റണ്‍സെടുത്ത ജഡേജയാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍. ഇതോടെ എ എസ് ധോണി, കപില്‍ ദേവ് എന്നീ ഇതിഹാസങ്ങളുടെ റെക്കോര്‍ഡ് ജഡു തകര്‍ത്തു. 

ഏകദിനത്തില്‍ ഏഴാമനായിറങ്ങി ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ചുറി നേടിയ ഇന്ത്യന്‍ താരമെന്ന നേട്ടത്തിലാണ് രവീന്ദ്ര ജഡേജ എത്തിയത്. ഏഴാം നമ്പറില്‍ ഏഴാം ഫിഫ്റ്റിയാണ് ഓക്‌ലന്‍ഡില്‍ ജഡേജ നേടിയത്. ആറ് അര്‍ധ സെഞ്ചുറികള്‍ വീതം നേടിയ മുന്‍ നായകന്‍മാരായ എം എസ് ധോണി, കപില്‍ ദേവ് എന്നിവരെയാണ് ജഡേജ മറികടന്നത്. ഓക്‌ലന്‍ഡില്‍ 73 പന്ത് നേരിട്ട ജഡേജ കരുതലോടെ കളിച്ചപ്പോള്‍ രണ്ട് ഫോറും ഒരു സിക്സും മാത്രമാണ് ഇന്നിംഗ്‌സില്‍ ഉണ്ടായിരുന്നത്.

മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ തുടര്‍ച്ചയായ രണ്ടാം ജയം സ്വന്തമാക്കിയതോടെയാണ് ന്യൂസിലന്‍ഡ് പരമ്പര സ്വന്തമാക്കിയത്. ഓക്‌ലന്‍ഡില്‍ 22 റണ്‍സിനായിരുന്നു ആതിഥേയരുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ന്യൂസിലന്‍ഡ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 273 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യ 48.3 ഓവറില്‍ 251ന് എല്ലാവരും പുറത്തായി. ശ്രേയസ് അയ്യര്‍ 52 റണ്‍സെടുത്തു. ജഡേജയ്‌ക്കൊപ്പം വാലറ്റത്ത് നവ്ദീപ് സൈനി(45), ശാര്‍ദുല്‍ ഠാക്കൂര്‍(18) എന്നിവര്‍ പോരാടി.