ബേ ഓവല്‍: ബാറ്റിംഗില്‍ നിരാശനായെങ്കിലും ബേ ഓവല്‍ ടി20യില്‍ ഫീല്‍ഡില്‍ താരമായി സഞ്ജു സാംസണ്‍. ശാര്‍ദുല്‍ ഠാക്കൂര്‍ എറിഞ്ഞ എട്ടാം ഓവറിലെ അവസാന പന്തിലാണ് സഞ്ജുവിന്‍റെ സാഹസികത ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചത്. റോസ് ടെയ്‌ലറുടെ സിക്‌സ് എന്നുറപ്പിച്ച ഷോട്ടില്‍ ബൗണ്ടറിയില്‍ പാറിപ്പറന്ന സഞ്ജു പന്ത് കൈക്കലാക്കുകയായിരുന്നു. മാത്രമല്ല, ബൗണ്ടറിക്ക് പുറത്തേക്ക് പറന്ന് പന്ത് ഉള്ളിലേക്ക് തട്ടിയിടാനും താരത്തിനായി. വെറും രണ്ട് റണ്‍സ് മാത്രമാണ് കിവികള്‍ക്ക് ഇതോടെ നേടാനായത്. 

സഞ്ജുവിന്‍റെ തകര്‍പ്പന്‍ ഫീല്‍ഡിംഗ് കാണാം

ന്യൂസിലന്‍ഡ് താരം ടോം ബ്രൂസിനെ റണ്‍‌ഔട്ടാക്കിയും സഞ്ജു സാംസണ്‍ ഫീല്‍ഡില്‍ തിളങ്ങി. സഞ്ജുവിന്‍റെ തന്ത്രപൂര്‍വമായ ത്രോയില്‍ വിക്കറ്റ് കീപ്പര്‍ കെ എല്‍ രാഹുല്‍ വിക്കറ്റ് തെറിപ്പിക്കുകയായിരുന്നു. 

എന്നാല്‍ ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പര ബാറ്റ്സ്‌മാന്‍ എന്ന നിലയില്‍ സഞ്ജുവിന് നിരാശയായി. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഓപ്പണറുടെ റോളിലെത്തിയ സഞ്ജു ബേ ഓവലില്‍ രണ്ട് റണ്‍സിന് പുറത്തായി. രോഹിത് ശര്‍മ്മ സ്വയം മൂന്നാം നമ്പറിലേക്ക് മാറി സഞ്ജുവിന് അവസരമൊരുക്കിയിട്ടും താരത്തിനത് മുതലാക്കാനായില്ല. വെല്ലിംഗ്‌ടണില്‍ നടന്ന നാലാം ടി20യില്‍ സഞ്ജു എട്ട് റണ്‍സില്‍ പുറത്തായിരുന്നു.