ഇംഗ്ലീഷ് മുന്‍ ഓൾറൗണ്ടർ ആന്‍ഡ്രൂ ഫ്ലിന്‍റോഫും ഓസീസ് ഇതിഹാസ ഓപ്പണർ മാത്യൂ ഹെയ്ഡനും 82 വീതം സിക്സുകള്‍ നേടിയിട്ടുണ്ട്

വെല്ലിംഗ്‍ടണ്‍: 103 റണ്‍സിന് ഏഴ് വിക്കറ്റ് നഷ്ടമായ ന്യൂസിലന്‍ഡില്‍ നിന്ന് ഇങ്ങനെയാരു തിരിച്ചടി ഇംഗ്ലീഷ് 
ബൗളർമാർ പ്രതീക്ഷിച്ചുകാണില്ല. രണ്ടാം ടെസ്റ്റിന്‍റെ ഒന്നാം ഇന്നിംഗ്സില്‍ എട്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ ടോം ബ്ലെന്‍ഡലിനൊപ്പം 98 റണ്‍സിന്‍റെ കൂട്ടുകെട്ടുമായി വന്‍ നാണക്കേടില്‍ നിന്ന് കിവികളെ കരകയറ്റിയ ടിം സൗത്തി തകർപ്പന്‍ ഫിഫ്റ്റി നേടി. ആറ് സിക്സുകള്‍ നേടിയ ഇന്നിംഗ്സോടെ സൗത്തി എലൈറ്റ് പട്ടികയിലേക്കാണ് ഇടംപിടിച്ചത്. ടെസ്റ്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സിക്സുകള്‍ പറത്തിയ പത്താമത്തെ താരമെന്ന റെക്കോർഡ് പങ്കിടുകയാണ് ടീം സൗത്തി. ടെസ്റ്റ് കരിയറില്‍ ഇതുവരെ 82 സിക്സുകളാണ് സൗത്തിയുടെ സമ്പാദ്യം. ഇംഗ്ലീഷ് മുന്‍ ഓൾറൗണ്ടർ ആന്‍ഡ്രൂ ഫ്ലിന്‍റോഫും ഓസീസ് ഇതിഹാസ ഓപ്പണർ മാത്യൂ ഹെയ്ഡനും 82 വീതം സിക്സുകള്‍ നേടിയിട്ടുണ്ട്. 

ഇന്ത്യന്‍ മുന്‍ നായകന്‍ എം എസ് ധോണിയുടെ 78 സിക്സുകളുടെ റെക്കോർഡിന് ഒപ്പമെത്തിയിരുന്നു ഇന്നലെ ടിം ​സൗത്തി. ഇന്ന് ആറ് സിക്സുകളുമായി ധോണിയെ ബഹുദൂരം പിന്നിലാക്കി സൗത്തി ബാറ്റ് കൊണ്ട് നിറഞ്ഞാടി. ഇംഗ്ലണ്ട്-ന്യൂസിലന്‍ഡ് ഒന്നാം ടെസ്റ്റിനിടെ റെക്കോർഡ് ബുക്കില്‍ ഇടംപിടിച്ച ബെന്‍ സ്റ്റോക്സാണ്(109) ടെസ്റ്റ് സിക്സുകളുടെ പട്ടികയില്‍ ഒന്നാമത്. നിലവിലെ ഇംഗ്ലീഷ് പരിശീലകനും ന്യൂസിലന്‍ഡ് മുന്‍ താരവുമായ ബ്രണ്ടന്‍ മക്കത്തിനെയാണ്(107) സ്റ്റോക്സ് പിന്തള്ളിയത്. 100 സിക്സുകളുമായി ആദം ഗില്‍ക്രിസ്റ്റും 98 സിക്സുമായി ക്രിസ് ഗെയ്‍ലും 97 എണ്ണവുമായി ജാക്ക് കാലിസും 91 എണ്ണവുമായി വീരേന്ദർ സെവാഗും 88 എണ്ണം നേടിയ ബ്രയാന്‍ ലാറയും ഒരു സിക്സ് മാത്രം പിന്നിലായി ക്രിസ് കെയ്‍ന്‍സും 84 സിക്സുകളോടെ വിവിയന്‍ റിച്ചാർഡ്സുമാണ് പിന്നീടുള്ള സ്ഥാനങ്ങളില്‍. ഇതിന് ശേഷമാണ് 82 സിക്സുകള്‍ വീതം നേടിയ ഫ്ലിന്‍റോഫ്, ഹെയ്‍ഡന്‍, സൗത്തി എന്നിവരുടെ സ്ഥാനം.

വെല്ലിംഗ്‍ടണില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സില്‍ 435-8 എന്ന സ്കോറില്‍ ഡിക്ലൈയർ ചെയ്യുകയായിരുന്നു. ഹാരി ബ്രൂക്കും(186), ജോ റൂട്ടും(153) സെഞ്ചുറി നേടി. നായകന്‍ ബെന്‍ സ്റ്റോക്സ് 27 റണ്‍സെടുത്ത് മടങ്ങി. മാറ്റ് ഹെന്‍‍റി നാലും മൈക്കല്‍ ബ്രേസ്‍വെല്‍ രണ്ടും നീല്‍ വാഗ്നറും ടിം സൗത്തിയും ഓരോ വിക്കറ്റും നേടി. മറുപടി ബാറ്റിംഗില്‍ ജയിംസ് ആന്‍ഡേഴ്സണിന് മുന്നില്‍ കിവീസ് മുന്‍നിര തരിപ്പണമായപ്പോള്‍ മധ്യനിരയെ ജാക്ക് ലീച്ചും വാലറ്റത്തെ സ്റ്റുവർട്ട് ബ്രോഡും എറിഞ്ഞിട്ടു. ഇതോടെ ന്യൂസിലന്‍ഡിന് 53.2 ഓവറില്‍ 209 റണ്‍സേ നേടാനായുള്ളൂ. ഒന്‍പതാമനായി ക്രീസിലെത്തി 49 പന്തില്‍ അഞ്ച് ഫോറും ആറ് സിക്സും സഹിതം 73 റണ്‍സെടുത്ത ടിം സൗത്തിയാണ് ടോപ്പർ. ബ്രോഡ് നാലും ജിമ്മിയും ലീച്ചും മൂന്ന് വീതവും വിക്കറ്റ് നേടി. 

പിന്നാലെ ന്യൂസിലന്‍ഡിനെ ഫോളോ ഓണ്‍ ചെയ്യാന്‍ ഇംഗ്ലണ്ട് അനുവദിച്ചപ്പോള്‍ ലീഡ് കണ്ടെത്താന്‍ വേണ്ടി കിണഞ്ഞ് പരിശ്രമിക്കുകയാണ് കിവികള്‍. മത്സരം മൂന്നാം ദിനം അവസാന സെഷനില്‍ പുരോഗമിക്കുകയാണ്. 

ഹോം ​ഗ്രൗണ്ടിൽ ഇന്ന് സീസണിലെ അവസാന മഞ്ഞക്കടലിരമ്പം; കൊച്ചി ആഘോഷക്കടലാക്കാന്‍ ബ്ലാസ്റ്റേഴ്സ്