വെല്ലിംഗ്‌ടണ്‍: ഇന്ത്യ-ന്യൂസിലന്‍ഡ് നാലാം ടി20യില്‍ എം എസ് ധോണിക്ക് അഭിവാദ്യമറിയിച്ച് ഗാലറിയില്‍ ആരാധകരുടെ ബാനര്‍. വീ മിസ് യു ധോണി എന്നെഴുതിയ ബാനറാണ് ആരാധകര്‍ ഉയര്‍ത്തിയത്. ഇതിന്‍റെ ചിത്രം ബിസിസിഐ ട്വീറ്റ് ചെയ്തിട്ടുണ്ട്. പരമ്പര വിജയിയെ ഇതിനകം തീരുമാനമായതിനാല്‍ വെല്ലിംഗ്‌ടണിലെ ഗാലറി നിറഞ്ഞിരുന്നില്ല. ഇന്ത്യന്‍ ആരാധകരാണ് മത്സരം കാണാന്‍ എത്തിയവരില്‍ കൂടുതലും. 

ടീമിലില്ലെങ്കിലും എം എസ് ധോണി ആരാധകര്‍ക്ക് ഇപ്പോഴും പ്രിയങ്കരനാണ് എന്ന് തെളിയിക്കുന്നതാണ് ഈ രംഗം. ഇംഗ്ലണ്ടില്‍ ഏകദിന ലോകകപ്പ് സെമിയില്‍ ന്യൂസിലന്‍ഡിനോട് തോറ്റ് ടീം ഇന്ത്യ പുറത്തായശേഷം എം എസ് ധോണി അന്താരാഷ്‌ട്ര മത്സരം കളിച്ചിട്ടില്ല. രണ്ടുമാസത്തെ സൈനിക സേവനത്തിനായി ടീമില്‍ നിന്ന് ഇടവേളയെടുക്കുന്നു എന്നു പറഞ്ഞ ധോണിയുടെ തിരിച്ചുവരവ് വൈകുകയാണ്. 

അടുത്തിടെ പ്രഖ്യാപിച്ച ബിസിസിഐ വാര്‍ഷിക കരാറില്‍ നിന്ന് ധോണി പുറത്തായിരുന്നു. 2014ല്‍ ടെസ്റ്റില്‍ നിന്ന് വിരമിച്ച മഹി ഏകദിനത്തില്‍ നിന്നും ടി20യില്‍ നിന്നും ഇതുവരെ വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ല. ഇന്ത്യയെ 2007ല്‍ ടി20 ലോകകപ്പിലും 2011ല്‍ ഏകദിന ലോകകപ്പിലും 2013ല്‍ ചാമ്പ്യന്‍സ് ട്രോഫിയിലും ജേതാക്കളാക്കിയ നായകനാണ് ധോണി. ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പില്‍ ധോണിയുണ്ടാകുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍.