അയാള്‍ വെറുമൊരു പുതുമുഖമല്ല, ഏകദിന പരമ്പരയിലെ കിവികളുടെ വജ്രായുധത്തിന് പ്രത്യേകതകളേറെ
ഹാമില്‍ട്ടണ്‍: ഇന്ത്യക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ ന്യൂസിലന്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ ശ്രദ്ധേയമായത് ഒരു പുതുമുഖ പേസറുടെ സാന്നിധ്യമാണ്. കെയ്‌ല്‍ ജാമിസണ്‍ ആണ് ടീമിലേക്ക് ആദ്യമായി ക്ഷണം ലഭിച്ച താരം. ജാമിസണ്‍ ഇന്ത്യന്‍ ടീമിന് വലിയ വെല്ലുവിളിയാകുമോ എന്ന് കാത്തിരുന്ന് കാണാം, അതിനൊരു കാരണമുണ്ട്.
ന്യൂസിലന്‍ഡിലെ ഉയരക്കാരന്‍ ക്രിക്കറ്റര്‍ എന്നാണ് കെയ്‌ല്‍ ജാമിസണുള്ള വിശേഷണം. ആറ് അടി എട്ടിഞ്ചാണ് താരത്തിന്‍റെ ഉയരം. ഇന്ത്യ എയ്‌ക്കെതിരായ മത്സരങ്ങളില്‍ അടുത്തിടെ തിളങ്ങിയിരുന്നു ജാമിസണ്‍. രണ്ട് അനൗദ്യോഗിക ഏകദിനങ്ങളില്‍ 4/49, 2/69 എന്നിങ്ങനെയായിരുന്നു ഉയരക്കാരന്‍ പേസറുടെ ബൗളിംഗ് പ്രകടനം. ട്രെന്‍ഡ് ബോള്‍ട്ട്, ലോക്കി ഫെര്‍ഗൂസണ്‍ എന്നിവര്‍ക്ക് പരിക്കേറ്റതോടെയാണ് ന്യൂസിലന്‍ഡ് പുതു താരത്തിലേക്ക് ശ്രദ്ധ തിരിച്ചത്.
മൂന്ന് ഏകദിനങ്ങളുടെ പരമ്പര ഫെബ്രുവരി അഞ്ചിന് ആരംഭിക്കും. ഇന്ത്യ കരുത്തുറ്റ ടീമാണ് എന്നാണ് ന്യൂസിലന്‍ഡ് പരിശീലകന്‍ ഗാരി സ്റ്റെഡ് പറയുന്നത്. 'ടീം ഇന്ത്യ എക്കാലത്തെയും മികച്ച കരുത്തിലാണ് എന്ന് ടി20 പരമ്പര കണ്ടാല്‍ മനസിലാകും. ബൗളിംഗ് ലൈനപ്പില്‍ പുതുമ പ്രകടമാകുമ്പോള്‍ ഞങ്ങളുടെ ബാറ്റിംഗ് നിര അതിശക്തമാണ്. ലോകകപ്പ് ഫൈനലില്‍ കളിച്ച എട്ട് മുന്‍നിര ബാറ്റ്സ്‌മാന്‍മാരും ടീമിലുണ്ട്. ലോകത്തെ ഏറ്റവും മികച്ച ചില ബാറ്റ്സ്‌മാന്‍മാര്‍ക്കെതിരെ തിളങ്ങാനാകുമെന്നാണ് പ്രതീക്ഷ' എന്നും സ്റ്റംഡ് പറഞ്ഞു.
ന്യൂസിലന്‍ഡ് ടീം: കെയ്ന്‍ വില്യംസണ്‍ (ക്യാപ്റ്റന്‍), ഹാമിഷ് ബെന്നറ്റ്, ടോം ബ്ലണ്ടല്‍, കോളിന്‍ ഡി ഗ്രാന്‍ഹോം, മാര്‍ട്ടിന്‍ ഗപ്റ്റില്‍, കെയ്ന്‍ ജാമിസണ്‍, സ്‌കോട്ട് കുഗ്ഗലെജിന്‍, ടോം ലാഥം, ജിമ്മി നീഷാം, ഹെന്റി നിക്കോള്‍സ്, മിച്ചല്‍ സാന്റ്‌നര്‍, ഇഷ് സോധി, ടിം സൗത്തി, റോസ് ടെയ്‌ലര്‍.
