ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലന്‍ഡ് പര്യടനത്തിനെത്തിയ പാക് ക്രിക്കറ്റ് ടീമിലെ ആറ് കളിക്കാര്‍ക്ക് കൊവി‍ഡ് 19 സ്ഥിരീകരിച്ചു. കൊവിഡ് സ്ഥിരീകരിച്ച കളിക്കാരെ ക്രൈസ്റ്റ്ചര്‍ച്ചിലെ ഐസൊലേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റി.

54 അംഗ പാക് സംഘത്തെ ന്യൂസീലൻഡിലേക്ക് പുറപ്പെടുന്നതിനു മുൻപ് ലാഹോറിൽ വെച്ച് നാലുതവണ പരിശോധനക്ക് വിധേയമാക്കിയപ്പോഴും എല്ലാവരും നെഗറ്റീവ് ആയിരുന്നു. ഈ മാസം 24നാണ് ഫഖര്‍ സമന്‍ ഒഴികെയുള്ള 54 അംഗ പാക് സംഘം ന്യൂസിലന്‍ഡില്‍ എത്തിയത്. 54 അംഗ സംഘത്തില്‍ 34 കളിക്കാരും 20 ഒഫീഷ്യലുകളുമാണുള്ളത്.

24ന് ന്യൂസീലൻഡിൽ എത്തിയതിനുശേഷം ക്രൈസ്റ്റ്ചർച്ചിൽ വെച്ച് നടത്തിയ കൊവിഡ് പരിശോധനയിലാണ് ആറ് കളിക്കാര്‍ കൊവി‍ഡ് പൊസറ്റീവ് ആണെന്ന് സ്ഥിരീകരിച്ചത്.  ന്യൂസിലന്‍ഡിലെത്തിയശേഷം 14 ദിവസത്തെ ക്വാറന്‍റീന്‍ കാലായളവില്‍ മൂന്ന് തവണയാണ് കളിക്കാരെ കൊവിഡ് പരിശോധനള്‍ക്ക് വിധേയമാക്കുക.

അടുത്ത മാസം 18നാണ് പാക്കിസ്ഥാനും ന്യൂസിലന്‍ഡും തമ്മിലുള്ള മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരക്ക് തുടക്കമാവുക. ഇതിനുശേഷം രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയിലും ഇരു ടീമുകളും കളിക്കും. പാക്കിസ്ഥാനെതിരായ പരമ്പരക്ക് മുമ്പ് ഈ മാസം 27 മുതല്‍ വെസ്റ്റ് ഇന്‍ഡീസുമായുള്ള പരമ്പരയില്‍ ന്യൂസിലന്‍ഡ് കളിക്കുന്നുണ്ട്.