പാകിസ്ഥാന്‍ ജയിച്ച് സെമിയിലെത്തിയാല്‍ എട്ടാം ലോകാത്ഭുതം; ടോസ് വീണു, പണി പാളി!
സെമിയിലെത്താന്‍ പാകിസ്ഥാന് വേണ്ടത് ഹിമാലയന്‍ കണക്കുകള്‍, ലോകാത്ഭുതം പ്രതീക്ഷിച്ച് ബാബര്‍ പട ഇന്നിറങ്ങുന്നു

കൊല്‍ക്കത്ത: ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇംഗ്ലണ്ട്-പാകിസ്ഥാന്‍ പോരാട്ടം അല്‍പസമയത്തിനകം. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‌ലര്‍ ബാറ്റിംഗ് തെരഞ്ഞെടുത്തു. പാക് നിരയില്‍ പേസര്‍ ഹസന്‍ അലിക്ക് പകരം സ്‌പിന്‍ ഓള്‍റൗണ്ടര്‍ ഷദാബ് ഖാനാണ് കളിക്കുന്നത്. പാകിസ്ഥാനും ആദ്യം ബാറ്റ് ചെയ്യാനാണ് ആഗ്രഹിച്ചതെന്നും ടോസ് നഷ്‌ടമായതിനാല്‍ ഇംഗ്ലണ്ടിനെ കുഞ്ഞന്‍ സ്കോറില്‍ പുറത്താക്കാന്‍ ശ്രമിക്കുമെന്നും ക്യാപ്റ്റന്‍ ബാബര്‍ അസം ടോസ് വേളയില്‍ പറഞ്ഞു. ഫഖര്‍ സമാന്‍റെ ബാറ്റിലേക്ക് ഉറ്റുനോക്കുന്നതായും ബാബര്‍ കൂട്ടിച്ചേര്‍ത്തു.
പ്ലേയിംഗ് ഇലവനുകള്‍
പാകിസ്ഥാന്‍: അബ്‌ദുള്ള ഷഫീഖ്, ഫഖര്‍ സമാന്‍, ബാബര്‍ അസം (ക്യാപ്റ്റന്‍), മുഹമ്മദ് റിസ്‌വാന്‍ (വിക്കറ്റ് കീപ്പര്‍), സൗദ് ഷക്കീല്‍, ഇഫ്‌തീഖര്‍ അഹമ്മദ്, ആഗ സല്‍മാന്‍, ഷദാബ് ഖാന്‍, ഷഹീന്‍ അഫ്രീദി, മുഹമ്മദ് വസീം ജൂനിയര്‍, ഹാരിസ് റൗഫ്.
ഇംഗ്ലണ്ട്: ജോണി ബെയ്‌ര്‍സ്റ്റോ, ഡേവിഡ് മലാന്‍, ജോ റൂട്ട്, ബെന്‍ സ്റ്റോക്‌സ്, ഹാരി ബ്രൂക്ക്, ജോസ് ബട്‌ലര്‍ (ക്യാപ്റ്റന്‍/വിക്കറ്റ് കീപ്പര്‍), മൊയീന്‍ അലി, ക്രിസ് വോക്‌സ്, ഡേവിഡ് വില്ലി, ഗസ് അറ്റ്‌കിന്‍സന്‍, ആദില്‍ റഷീദ്.
ഇംഗ്ലണ്ടിനെ വെറുതെയങ്ങ് തോല്‍പിച്ചാല്‍ പാകിസ്ഥാന് ഇന്ന് സെമിയിലെ നാലാം ടീമായി മാറാനാവില്ല. സ്കോര്‍ ചേസിംഗില്‍ വേണ്ട കണക്കുകൾ ഇങ്ങനെ. ഇംഗ്ലണ്ടിനെ 50 റണ്‍സിന് എറഞ്ഞിട്ട് 12 പന്തുകളിൽ വിജയലക്ഷ്യം മറികടക്കണം. 100 റണ്‍സെങ്കിൽ 17 പന്തിലും 200 റണ്‍സെങ്കിൽ 27 പന്തിലും ചേസ് ചെയ്യണം പാക് പടയ്ക്ക്. ടൂര്‍ണമെന്‍റില്‍ നിറംമങ്ങിയെങ്കിലും മൂന്നാം ജയത്തോടെ 2025ലെ ചാമ്പ്യൻസ് ട്രോഫി യോഗ്യത ഉറപ്പാക്കുകയാണ് ഇംഗ്ലണ്ടിന്‍റെ ലക്ഷ്യം. ലോകകപ്പിലെ നേര്‍ക്കുനേര്‍ പോരിൽ ഇംഗ്ലണ്ടിനാണ് നേരിയ മുൻതൂക്കം. 10 മത്സരങ്ങളിൽ ഇംഗ്ലണ്ട് ജയിച്ചു. അവസാന ലോകകപ്പിലെ ഉൾപ്പടെ നാല് എണ്ണത്തിൽ പാകിസ്ഥാൻ ജയിച്ചപ്പോൾ ഒരു മത്സരം ഉപേക്ഷിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം