ശുഭ്‌മാന്‍ ഗില്ലിനെ ലോകോത്തര ബാറ്ററാക്കിയത് യുവ്‌രാജ് സിംഗ്, കാരണക്കാരന്‍ കൊവിഡും! തുറന്നുപറഞ്ഞ് യുവതാരം
ഗില്ലും യുവിയും തമ്മിലുള്ള കെമിസ്ട്രിയെ കുറിച്ച് മനസിലാക്കാന്‍ നമ്മള്‍ കുറച്ചുകാലം പിന്നോട്ട് സഞ്ചരിക്കണം

കൊല്‍ക്കത്ത: ഇന്ത്യൻ ക്രിക്കറ്റിൽ നിന്ന് വിരമിച്ചെങ്കിലും യുവതാരങ്ങൾക്ക് മാർഗനിർദേശവുമായി കൂടെയുണ്ട് എന്നും യുവ്‍രാജ് സിംഗ്. ഓപ്പണര്‍ ശുഭ്‌മാൻ ഗില്ലിന്‍റെ തകർപ്പൻ ഫോമിന് പിന്നിൽ പോലും ഇതിഹാസ ഓള്‍റൗണ്ടര്‍ യുവിയുടെ ഉപദേശമുണ്ട്.
ഗില്ലും യുവിയും തമ്മിലുള്ള കെമിസ്ട്രിയെ കുറിച്ച് മനസിലാക്കാന്‍ നമ്മള്‍ കുറച്ചുകാലം പിന്നോട്ട് സഞ്ചരിക്കണം. കൊവിഡ് കാലത്ത് താരങ്ങള്‍ മിക്കവരുടെയും പരിശീലനം മുടങ്ങിയിരുന്ന സമയത്ത് യുവ്‍രാജ് സിംഗിന്‍റെ വീട്ടിലേക്ക് 35 ദിവസത്തെ ക്യാംപിനായി നാല് യുവ കളിക്കാരെത്തി. ശുഭ്‌മാൻ ഗിൽ, അഭിഷേക് ശർമ്മ, അൻമോൽപ്രീത് സിംഗ്, പ്രഭ്‌സിമ്രാൻ സിംഗ് എന്നിവരായിരുന്നു അത്. ശുഭ്‌മാൻ ഗിൽ ഇന്ത്യക്കായി അക്കാലത്ത് അരങ്ങേറിയിട്ടുണ്ടെങ്കിലും ടീമിൽ സ്ഥാനമുറപ്പില്ലായിരുന്നു. മാസങ്ങൾക്കിപ്പുറം ഇന്ത്യൻ ടീമിൽ ഒരിക്കലും അവഗണിക്കാനാകാത്ത താരമായി ഗിൽ മാറിയതിന് പിന്നിൽ യുവ്‍രാജ് സിംഗിന്‍റെ ഉപദേശവും കാരണമാണ് എന്നാണ് അഭിഷേക് ശർമ്മ പറയുന്നത്.
ചെറിയ പിഴവുകൾ തിരുത്തുന്നതും കളിയോടുള്ള സമീപനത്തിലെ മാറ്റവുമെല്ലാം യുവ്‍രാജ് സിംഗ് എല്ലാവർക്കും നിർദേശിച്ചു. ക്യാംപിന് പിന്നാലെ ശുഭ്‌മാൻ ഗില്ലിന്‍റെ പ്രകടനം അത്ഭുതപ്പെടുത്തുന്നതായിരുന്നു. ഇന്ത്യൻ ടീമിലെ നിർണായക സാന്നിധ്യമായി ഗില്‍ മാറി. അഭിഷേക് ശർമ്മയാകട്ടെ ഐപിഎല്ലിലും ആഭ്യന്തര ടൂർണമെന്‍റിലും മികവിലേക്കുയർന്നു. സൺറൈസേഴ്‌സ് ഹൈദരാബാദിനും പഞ്ചാബിനുമായി മികച്ച ഫോമിലാണ് കഴിഞ്ഞ കുറച്ചുനാളുകളായി അഭിഷേക് കളിക്കുന്നത്. ഈ വർഷത്തെ സയിദ് മുഷ്‌താഖ് അലി ടൂർണമെന്‍റിൽ രണ്ട് സെഞ്ചുറി നേടിയ ഈ ഇടംകൈയൻ ഓപ്പണർ ഇന്ത്യൻ ടീമിലേക്കുള്ള വിളിക്കായി കാത്തിരിക്കുന്നു. പ്രഭ്‌സിമ്രാൻ ആകട്ടെ ഇന്ത്യൻ ടീമിനൊപ്പം ഏഷ്യൻ ഗെയിംസിൽ സ്വർണം നേടി.
ജീവിതം മാറ്റിമറിച്ച 35 ദിവസങ്ങളെന്നാണ് യുവ്‌രാജ് സിംഗിന് ഒപ്പമുള്ള പരിശീലന ദിനങ്ങൾ അഭിഷേക് ശർമ്മ ഓർമിക്കുന്നത്. മെന്‍റർ എന്നതിനപ്പുറം മുതിർന്ന ജേഷ്‌ഠനെപ്പോലെയാണ് അദേഹമെന്നും അഭിഷേക് വ്യക്തമാക്കി. ലോകകപ്പിനിടെ ശുഭ്മാൻ ഗില്ലിന് ഡങ്കിപ്പനി ബാധിച്ച് മത്സരങ്ങൾ നഷ്‌ടമായപ്പോൾ താൻ കാൻസർ ബാധിച്ചിട്ടും ടൂർണമെന്‍റിൽ തുടർന്നത് ചൂണ്ടിക്കാട്ടി ഗില്ലിനെ പ്രചോദിപ്പിച്ച് യുവി രംഗത്തെത്തിയിരുന്നു. ഇന്ത്യ ചാമ്പ്യന്മാരായ 2011 ഏകദിന ലോകകപ്പിൽ ഓള്‍റൗണ്ട് മികവുമായി യുവ്‍രാജ് സിംഗായിരുന്നു ടൂർണമെന്‍റിന്‍റെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്.
Read more: ന്യായീകരണം ആണ് സാറെ മെയിന്‍; പാക് തോല്‍വികള്‍ക്ക് വിചിത്ര കാരണങ്ങള്‍ നിരത്തി മിക്കി ആര്‍തര്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം