Asianet News MalayalamAsianet News Malayalam

രോഹിത്തും ഗില്ലും കോലിയും ഭയക്കണം; ധരംശാലയിലെ പിച്ച് കൗശലക്കാരന്‍; കിവികള്‍ക്കും മുട്ടന്‍ പണി വരുന്നു

ലോകകപ്പില്‍ ഇതിനകം കളിച്ച നാല് മത്സരങ്ങളും ജയിച്ച ടീമുകളാണ് ഇന്ത്യയും ന്യൂസിലന്‍ഡും

ODI World Cup 2023 IND vs NZ HPCA Stadium Pitch Dharamsala big threat to batters jje
Author
First Published Oct 21, 2023, 4:05 PM IST

ധരംശാല: ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഞായറാഴ്‌ച ഇന്ത്യ-ന്യൂസിലന്‍ഡ് സൂപ്പര്‍ പോരാട്ടമാണ്. പോയിന്‍റ് പട്ടികയില്‍ മുന്നിലുള്ള രണ്ട് ടീമുകളുടെ നേര്‍ക്കുനേര്‍ അങ്കം ധരംശാലയിലെ പുല്‍മൈതാനത്തെ തീപിടിപ്പിക്കും. ഇരു ടീമുകളുടെയും മുന്‍നിര ബാറ്റര്‍മാര്‍ക്ക് കനത്ത ഭീഷണിയായേക്കാവുന്ന പിച്ചാണ് ധരംശാലയിലേത് എന്നാണ് റിപ്പോര്‍ട്ട്. 

ലോകകപ്പില്‍ ഇതിനകം കളിച്ച നാല് മത്സരങ്ങളും ജയിച്ച ടീമുകളാണ് ഇന്ത്യയും ന്യൂസിലന്‍ഡും. പോയിന്‍റ് പട്ടികയില്‍ ആര് മുന്നിലെത്തും എന്ന് തീരുമാനിക്കുന്നതില്‍ നിര്‍ണായകമാവുന്ന മത്സരമാണ് ഇരു കൂട്ടരും തമ്മിലുള്ളത്. മികച്ച പേസര്‍മാരുള്ള ഇരു ടീമിലെയും ബാറ്റര്‍മാരുടെ ചങ്കിടിപ്പിക്കുന്നതാണ് ധരംശാലയിലെ പിച്ച്. പേസര്‍മാര്‍ക്ക് ആനുകൂല്യമുണ്ട് എന്നതിനാല്‍ കരുതലോടെ കളിച്ചില്ലെങ്കില്‍ കളി മാറും. ന്യൂസിലന്‍ഡ് നിരയിലെ ഏറ്റവും മികച്ച പേസറായ ട്രെന്‍ഡ് ബോള്‍ട്ടിന്‍റെ ആദ്യ ഓവറുകള്‍ അതിജീവിക്കുക ഇന്ത്യന്‍ ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയ്‌ക്കും ശുഭ്‌മാന്‍ ഗില്ലിനും ഭീഷണിയാവും. തുടക്കത്തിലെ വിക്കറ്റ് വീണാല്‍ മൂന്നാം നമ്പര്‍ ബാറ്റര്‍ വിരാട് കോലിക്ക് ക്രീസില്‍ പിടിപ്പത് പണിയാവുകയും ചെയ്യും. ന്യൂബോളില്‍ മികച്ച സ്വിങ് ലഭിക്കുന്ന ധരംശാലയുടെ ചരിത്രം ബോള്‍ട്ടിനെ മത്സരത്തിന് മുമ്പേ സന്തോഷിപ്പിക്കുന്ന ഘടകമാണ്. ഈ ലോകകപ്പിന്‍റെ വേദികളില്‍ ഏറ്റവും കൂടുതല്‍ സ്വിങ്ങുള്ള പിച്ച് ധരംശാലയിലേതാണ്. 

അതേസമയം ന്യൂസിലന്‍ഡ് മുന്‍നിര ബാറ്റര്‍മാര്‍ക്കും ഒട്ടും എളുപ്പമാവില്ല ധരംശാലയിലെ ബാറ്റിംഗ്. ലോകകപ്പില്‍ മികച്ച ഫോമിലുള്ള ജസ്‌പ്രീത് ബുമ്ര- മുഹമ്മദ് സിറാജ് പേസ് സഖ്യത്തിന്‍റെ ആക്രമണത്തിനൊപ്പം മുഹമ്മദ് ഷമി കൂടി പ്ലേയിംഗ് ഇലവനിലെത്തിയാല്‍ കിവികള്‍ വെള്ളംകുടിക്കും. ധരംശാലയില്‍ ഇതിന് മുമ്പ് നടന്ന മത്സരം ദക്ഷിണാഫ്രിക്കയും നെതര്‍ലന്‍ഡ്‌സും തമ്മിലാണ്. ടൂര്‍ണമെന്‍റിലെ ഫേവറൈറ്റുകളിലൊന്നായ പ്രോട്ടീസിനെ നെതര്‍ലന്‍ഡ് 38 റണ്‍സിന് അട്ടിമറിച്ച ചരിത്രം രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിനെ ആശങ്കപ്പെടുത്തും. മത്സരത്തില്‍ ഭൂരിഭാഗം വിക്കറ്റുകളും സ്വന്തമാക്കിയത് പേസര്‍മാരായിരുന്നു. 

Read more: ന്യൂസിലന്‍ഡിനെതിരെ ഇന്ത്യ വന്‍ മാറ്റത്തിന്, രണ്ട് താരങ്ങള്‍ ഇലവനിലെത്തും, പുറത്താവുക അയാള്‍, സാധ്യതാ ടീം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios