ഇന്ത്യ-ഓസ്ട്രേലിയ പരമ്പര സൂര്യക്ക് നിര്‍ണായകം, ലോകകപ്പ് ടീമില്‍ ഇനിയും മാറ്റം വരുത്താം; അവസാന തീയതി
ഫോമില്ലായ്മകൊണ്ടോ, പരിക്ക് മൂലമോ മറ്റെന്തെങ്കിലും കാരണങ്ങളാലോ ഇപ്പോള്‍ പ്രഖ്യാപിച്ച ടീമില്‍ ഐസിസി അനുമതിയോടെ മാറ്റം വരുത്താം. എന്നാലിത് സെപ്റ്റംബര്‍ 28 വരെ മാത്രമെ കഴിയൂ.

മുംബൈ: ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടിയ സൂര്യകുമാര്‍ യാദവ് ഇന്നലെ ബംഗ്ലാദേശിനെതിരായ ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടത്തിലും നിരാശപ്പെടുത്തിയപ്പോള്‍, ആരാധകര്‍ ചോദിക്കുന്നത് ഇനിയെങ്കിലും സഞ്ജു സാംസണെ ലോകകപ്പ് ടീമിലുള്‍പ്പെടുത്താന്‍ ബിസിസിഐയും സെലക്ടര്‍മാരും തയാറാവുമോ എന്നാണ്. ഈ മാസമാദ്യം ഏകദിന ലോകകപ്പിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ചെങ്കിലും ഇപ്പോള്‍ പ്രഖ്യാപിച്ച പ്രൊവിഷണല്‍ സ്ക്വാഡില്‍ മാറ്റം വരുത്താന്‍ ടീമുകള്‍ക്ക് ഇപ്പോഴു അവസരമുണ്ട്.
ഫോമില്ലായ്മകൊണ്ടോ, പരിക്ക് മൂലമോ മറ്റെന്തെങ്കിലും കാരണങ്ങളാലോ ഇപ്പോള്‍ പ്രഖ്യാപിച്ച ടീമില്‍ ഐസിസി അനുമതിയോടെ മാറ്റം വരുത്താം. എന്നാലിത് സെപ്റ്റംബര്‍ 28 വരെ മാത്രമെ കഴിയൂ. സെപ്റ്റംബര്‍ 28ന് ശേഷം മാറ്റമൊന്നുമില്ലെങ്കില്‍ ഇപ്പോള്‍ പ്രഖ്യാപിച്ച ടീമിനെ തന്നെ അന്തിമ ടീമായി ഐസിസി പ്രഖ്യാപിക്കും.
ഒന്നാം നമ്പറായി ഏഷ്യാ കപ്പിനെത്തി, സൂപ്പര്‍ ഫോറിൽ അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്ത് പാക്കിസ്ഥാൻ
ഇതിനുശേഷം ലോകകപ്പിനിടെ ഏതെങ്കിലും കളിക്കാര്‍ക്ക് പരിക്കേറ്റാല്‍ മാത്രമെ ഐസിസിയുടെ അനുമതിയോടെ ടീമല്‍ മാറ്റം വരുത്താന്‍ കഴിയു. ഫോമില്ലായ്മയുടെ കാരണം പറഞ്ഞ് കളിക്കാരെ 28നുശേഷം ഒഴിവാക്കാനാവില്ലെന്ന് ചുരുക്കം. ഏഷ്യാ കപ്പില്‍ ബംഗ്ലാദേശിനെതിരെ 26 റണ്‍സെടുത്ത് പുറത്തായി വീണ്ടും അവസരം കളഞ്ഞു കുളിച്ചതോടെ സൂര്യകുമാറിന് പകരം സഞ്ജുവായിരുന്നു ലോകകപ്പ് ടീമില്‍ ഉണ്ടാവേണ്ടിയിരുന്നത് എന്ന വാദത്തിന് ശക്തി കൂടിയിട്ടുണ്ട്. സഞ്ജുവിന് പകരം ഏഷ്യാ കപ്പ് ടീമിലെത്തിയ തിലക് വര്‍മയും ഗ്രൂപ്പ് ഘട്ടത്തില്‍ പാക്കിസ്ഥാനെതിരെ തിളങ്ങിയ ഇഷാന്‍ കിഷനും ഇന്നലെ നിരാശപ്പെടുത്തിയിരുന്നു.
ഏഷ്യാ കപ്പിനുശേഷം ഓസ്ട്രേലിയക്കെതിരെ മൂന്ന് ഏകദിനങ്ങളടങ്ങിയ പരമ്പരയില്‍ കൂടി ഇന്ത്യ കളിക്കുന്നുണ്ട്. ഇതിലും സൂര്യകുമാറിന് അവസരം നല്‍കുകയും തിളങ്ങാന്‍ കഴിയാതിരിക്കുകയും ചെയ്താല്‍ സെലക്ടര്‍മാര്‍ക്ക് വേണമെങ്കില്‍ 28ന് മുമ്പ് സൂര്യയെ പിന്‍വലിച്ച് സഞ്ജുവിനെ ലോകകപ്പ് ടീമിലെടുക്കാനാവും. എന്നാല്‍ അതിനവര്‍ തയാറാവുമോ എന്ന് കണ്ടറിയണമെന്ന് മാത്രം.
അവര്‍ക്കൊക്കെ നല്‍കുന്ന പിന്തുണയുടെ ഒരു ശതമാനമെങ്കിലും സഞ്ജു അര്‍ഹിക്കുന്നില്ലേ; ചോദ്യവുമായി ആരാധകർ
സൂര്യക്ക് പുറമെ ലോകകപ്പ് ടീമില്‍ രവീന്ദ്ര ജഡേജയും കുല്‍ദീപ് യാദവും ഉള്ളപ്പോള്‍ മറ്റൊരു ഇടം കൈയന്‍ സ്പിന്നറായ അക്സര്‍ പട്ടേലിനെ ഉള്‍പ്പെടുത്തിയതും വലിയ വിമര്‍ശനത്തിന് കാരണമായിരുന്നു. യുസ്‌വേന്ദ്ര ചാഹല്‍, ആര്‍ അശ്വിന്‍ എന്നിവരിലൊരാളായിരുന്നു ലോകകപ്പ് ടീമിലെത്തേണ്ടതെന്നായിരുന്നു വിമര്‍ശനം. ഈ മാസം 22 മുതല്‍ 27വരെയാണ് ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പര. ഇതിനുശേഷം സെലക്ടര്‍മാര്‍ക്ക് വീണ്ടുവിചാരമുണ്ടാകുമോ എന്നാണ് ഇനി അറിയേണ്ടത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക